2014-08-29 18:04:38

ജോര്‍ജ്ജ് മാര്‍ ഞരളക്കാട്ട്
തലശ്ശേരിയുടെ പുതിയ മെത്രാപ്പോലീത്ത


29 ആഗസ്റ്റ് 2014, വത്തിക്കാന്‍
തലശ്ശേരി സീറോമലബാര്‍ അതിരൂപതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പുതിയ മെത്രാപ്പോലീത്തായെ നിയോഗിച്ചു.

കര്‍ണ്ണാടക പ്രവിശ്യയിലെ മാണ്ട്യാ സീറോ-മലബാര്‍ രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് ജോര്‍ജ്ജ് ഞരളക്കാട്ടിനെയാണ് പാപ്പാ ഫ്രാന്‍സിസ് തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയോഗിച്ചത്.

കാനോനിക പ്രായപരിധി 75-എത്തിയ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് മാര്‍ വലിയമറ്റം സ്ഥാനത്യാഗംചെയ്തതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 29-ാം തിയതി വെള്ളിയാഴ്ച പാപ്പാ തലശ്ശേരിയ്ക്കുവേണ്ടി പുതിയ മെത്രാപ്പോലീത്തായെ നിയമിച്ചത്.

ഇപ്പോള്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസ്സില്‍ ചേര്‍ന്നിരിക്കുന്ന സീറോ മലബാര്‍ സിനഡ് നല്കിയ ജോര്‍ജ്ജ് മാര്‍ ഞരളക്കാട്ടിന്‍റെ നാമനിര്‍ദ്ദേശവും,
ജോര്‍ജ്ജ് മാര്‍ വലിയമറ്റത്തിന്‍റെ സ്ഥാനത്യാഗവും പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് നിയമന-പ്രഖ്യാപനം വത്തിക്കാനിലും,
തത്സമയം കേരളത്തിലും നടന്നത്.

കേരളത്തിന്‍റെ വടക്കെ അതിര്‍ത്തിയിലെ തലശ്ശേരി സീറോമലബാര്‍ അതിരൂപതയുടെ സാരഥ്യം ഏറ്റെടുക്കുന്ന ജോര്‍ജ്ജ് മാര്‍ ഞാറളക്കാട്ട് തൊടുപുഴ സ്വദേശിയും കോതമംഗലം രൂപതാംഗവുമാണ്.

മതബോധന ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദമുള്ള മാര്‍ ഞാറളക്കാട്ട്
രൂപതയിലെ അജപാലന ശുശ്രൂഷയ്ക്കു പുറമേ, മാനന്തവാടി രൂപതകളുടെ അഡ്മിനിസ്ട്രേറ്റര്‍ ഭദ്രാവതിയുടെ വികാരി ജനറാള്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1946-ല്‍ തൊടുപുഴയിലെ കലയന്താനിയിലാണ് ജനനം.
തലശ്ശേരി രൂപതാ സെമനാരിയില്‍ പഠിച്ചു. പിന്നീട് റോമില്‍ പഠിച്ച് മതബോധന ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
1971-ല്‍ പൗരോഹിത്യം സ്വീകരിച്ചു.
2010-ലാണ് മാണ്ട്യായുടെ രൂപതാ മെത്രാനായി നിയമിതനായത്.








All the contents on this site are copyrighted ©.