2014-08-26 14:01:23

ആദിവാസികളുടെ ആത്മീയഗുരു
ഫാദര്‍ മെനീനിക്ക് അന്ത്യാഞ്ജലി


25 ആഗസ്റ്റ് 2014, റാഞ്ചി
വടക്കെ ഇന്ത്യയിലെ ‘ആദിവാസികളുടെ സ്നേഹിതന്‍,’ ഫാദര്‍ മെനീനി അന്തരിച്ചു.
ഇറ്റലിക്കാരനായി ഈശോ സഭാ മിഷണറി വൈദികന് പിയര്‍ ജോര്‍ജ്ജിയോ മെനീനി 76-ാമത്തെ വയസ്സല്‍ റാഞ്ചിയിലാണ് നിര്യാതനായത്. 45 വര്‍ഷക്കാലമായി റാഞ്ചിയില്‍ ആദിവാസികളുടെ ഇടയില്‍ സേവനം ചെയ്യുകയായിരുന്നു. അവരുടെ ആത്മീയവും ഭൗതികവുമായ ഉന്നമനം ലക്ഷൃമാക്കി പ്രവര്‍ത്തിച്ച അദ്ദേഹം യൂറോപ്പില്‍നിന്നുമുള്ളവിദേശ മിഷണരിമാരുടെ അവസാനകണ്ണികളില്‍ ഒരാളായിരുന്നു.

തീക്ഷ്ണമതിയായ മിഷണറിയും ഭാരതത്തില്‍, വിശിഷ്യ ഗിരിവര്‍ഗ്ഗക്കാരുടെ ഇടയില്‍ അദ്ദേഹം സുവിശേഷ സാക്ഷൃവുമായിരുന്നെന്ന്, ഇന്ത്യയിലെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ പെന്നാക്കിയോ അനുശോചനക്കുറിപ്പില്‍ പ്രസ്താവിച്ചു.
ആഗസ്റ്റ് 16-ാം തിയതിയായിരുന്നു അദ്ദേഹത്തിന്‍റെ മരണം. പെട്ടന്നുണ്ടായ വീഴ്ചയെത്തുടര്‍ന്ന് ജൂലൈ മാസം മുതല്‍ ചികിത്സയിലായിരുന്നു.

ഇംഗ്ലണ്ടിലെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് അന്തോണിയോ മെനീനി അന്തരിച്ച ജോര്‍ജിയോ മെനീനിയുടെ സഹോദരനാണ്. ഈശോ സഭ വൈദികനെന്ന നിലയില്‍ റാഞ്ചിയിലെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ, ചെന്നൈ, ഡല്‍ഹി, ഹസാരിബാഗ്, ഝാര്‍ണാ, റാഞ്ചി എന്നിവിടങ്ങളിലും അദ്ദേഹം സേവനംചെയ്തിട്ടുണ്ട്. അത്യദ്ധ്വാനിയായ അജപാലകന്‍ എന്നതിനേക്കാള്‍, അദ്ദേഹം നല്ലൊരു ആത്മീയ ഗുരുനാഥനുമായിരുന്നു.

ആഗസ്റ്റ് 19-ന് മൃസംസ്ക്കാര ശുശ്രൂഷകള്‍ റാഞ്ചിയില്‍ നടത്തപ്പെട്ടു. കര്‍ദ്ദിനാള്‍ തെലിസ്ഫോര്‍ തോപ്പോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കത്തിഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്ന് നടന്ന അന്തിമോപചാര ശുശ്രൂഷയ്ക്കു ശേഷം ഝാര്‍ണായിലെ ഈശോ സഭാ സെമിത്തേരിയില്‍ അടക്കംചെയ്തു. ‘വിശുദ്ധിയുള്ള പ്രേഷിതവര്യനെ ഭാരതസഭ നന്ദിയോടെ ഓര്‍ക്കു’മെന്ന്, കര്‍ദ്ദിനാള്‍ തോപ്പോ ചരമപ്രഭാഷണത്തില്‍ എടുത്തു പറഞ്ഞു.








All the contents on this site are copyrighted ©.