2014-08-24 20:30:34

വിശ്വസാഹോദര്യത്തിനു വിരുദ്ധമാണ്
ന്യൂനപക്ഷങ്ങള്‍ക്കെതിരായ ക്രൂരത


22 ആഗസ്റ്റ് 2014, ഹോണ്ടൂരസ്
വിശ്വസാഹോദര്യത്തിനു വിരുദ്ധമാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരായ
ക്രൂരതയെന്ന്, കാരിത്താസ് ഇന്‍റെര്‍നാഷണല്‍, ആഗോള ഉപവിപ്രവര്‍ത്തന സംഘടനയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ മരദിയാഗസ് പ്രസ്താവിച്ചു.

ഇറാക്കിലെ ഇനിയും ഒടുങ്ങാത്ത ഇസ്ലാം വിമതരുടെ ക്രൂരതയെ അപലപിച്ചുകൊണ്ട് അവിടത്തെ കാല്‍ഡിയന്‍ പാത്രിയര്‍ക്കിസ് ലൂയ്സ് സാഖോയ്ക്ക് ആഗസ്റ്റ് 21-ാം തിയതി വ്യാഴാഴ്ച അയച്ച കത്തിലാണ്, കര്‍ദ്ദിനാള്‍ മരദിയാഗസ് ഇങ്ങനെ പ്രസ്താവിച്ചത്.

ഉള്ളതെല്ലാം കൊള്ളചെയ്തെടുത്തശേഷം, അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും ഒന്നുമില്ലാതെ, ഭീഷണിപ്പെടുത്തിയും വകവരുത്തിയും ന്യൂനപക്ഷങ്ങളെ ഇല്ലായ്മചെയ്യുന്ന സുന്നിവിമതരുടെ ക്രൂരതയെ കര്‍ദ്ദിനാള്‍ വിശ്വസാഹോദര്യത്തിനു വിരുദ്ധമായ ക്രൂരതയെന്ന് കത്തില്‍ അപലപിച്ചു.

വളരെ പുരാതനമായ മത-സാംസ്ക്കാരിക പൈതൃകമുള്ള സമൂഹങ്ങളെ നാടുകടത്തിയും ഇല്ലായ്മചെയ്തും മുസ്ലിം രാഷ്ട്രം പണിതുയര്‍ത്തുവാനുള്ള വിമതരുടെ നീക്കങ്ങള്‍ ഏറെ ദുഃഖത്തോടെയാണ് നിരീക്ഷിക്കുന്നതെന്നും, കടിഞ്ഞാണില്ലാത്ത അധികാര പ്രമത്തതയാണ് കിരാതമായ മനുഷ്യക്കുരുതിക്കും സ്വവര്‍ഗ്ഗത്തെപ്പോലും കൊല്ലുവാന്‍ വിമതരെ പ്രേരിപ്പിക്കുന്നതെന്നും കര്‍ദ്ദിനാള്‍ മരദിയാഗസ് കത്തിലൂടെ കുറ്റപ്പെടുത്തി.

കാല്‍ഡിയന്‍ സഭാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കിസ് ലൂയിസ് സാക്കോ, ഇറാക്കിലെ കാരിത്താസിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഷെല്‍മോന്‍ വര്‍ദൂണി എന്നിവര്‍ക്കാണ് കര്‍ദ്ദിനാള്‍ മരദിയാഗാ കത്തയച്ചത്.








All the contents on this site are copyrighted ©.