2014-08-23 16:06:46

ദൈവത്തിന്‍റെ കരുണയില്‍
അശ്രയിക്കുന്ന നിസ്വന്‍റെ കഥ


RealAudioMP3
വിശുദ്ധ ലൂക്കാ 16, 19-31 കൈത്താക്കാലം 5-ാം വാരം

ഒരു ധനവാന്‍ ഉണ്ടായിരുന്നു. അവന്‍ ചെമന്ന പട്ടു മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു. അവന്‍റെ പടിക്കല്‍ ലാസര്‍ ‌എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്‍റെ ശരീരം വ്രണങ്ങള്‍കൊണ്ടു നിറഞ്ഞിരുന്നു. ധനവാന്‍റെ മേശയില്‍നിന്നു വീണിരുന്നവകൊണ്ടു വിശപ്പടക്കാന്‍ അവന്‍ ആഗ്രഹിച്ചു. നായ്ക്കള്‍ വന്ന് അവന്‍റെ വ്രണങ്ങള്‍ നക്കിയിരുന്നു. ആ ദരിദ്രന്‍ മരിച്ചു. ദൈവദൂതന്മാര്‍ അവനെ അബ്രാഹത്തിന്‍റെ മടിയിലേയ്ക്കു സംവഹിച്ചു. ആ ധനികനും മരിച്ച് അടക്കംചെയ്യപ്പെട്ടു. അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി. ദൂരെ അബ്രാഹത്തെയും അവന്‍റെ മടിയില്‍ ലാസറിനെയും കണ്ടു. അവന്‍ വിളിച്ചു പറഞ്ഞു. പിതാവായ അബ്രാഹമേ, എന്നില്‍ കനിയേണമേ. തന്‍റെ വിരല്‍ത്തുമ്പു വെള്ളത്തില്‍ മുക്കി എന്‍റെ നാവു തണുപ്പിക്കാനായി ലാസറിനെ അയയ്ക്കണമേ. ഞാന്‍ ഈ അഗ്നി ജ്വാലയില്‍ക്കിടന്നു യാതനയനുഭവിക്കുന്നു. അബ്രാഹം പറഞ്ഞു. മകനേ, നീ ഓര്‍മ്മിക്കുക. നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നരു. ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുംമദ്ധ്യേ വലിയ ഗര്‍ത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ പക്കലേയ്ക്കോ, അവിടെനിന്നു ഞങ്ങളുടെ അടുത്തേയ്ക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല. അപ്പോള്‍ അവന്‍ പറഞ്ഞു. പിതാവേ, അങ്ങനെയെങ്കില്‍, ലാസറിനെ എന്‍റെ പിതൃഭവനത്തിലേയ്ക്ക് അയയ്ക്കണമേ, എന്നും ഞാന്‍ അപേക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്. പീഡനങ്ങളുടെ ഈ സ്ഥലത്തു വരാതിരിക്കേണ്ടതിന് അവന്‍ അവര്‍ക്കു സാക്ഷൃം നല്‍കട്ടെ. അബ്രാഹം പറഞ്ഞു. അവര്‍ക്കു മോശയും പ്രവാചകന്മാരും ഉണ്ടല്ലോ. അവരുടെ വാക്കുകേള്‍ക്കട്ടെ. ധനവാന്‍ പറഞ്ഞു. പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവന്‍ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും. അബ്രാഹം അവനോടു പറഞ്ഞു. മോശയും പ്രവാചകനമാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന് ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല.

കാല്പനികവും, എന്നാല്‍ വാസ്തവവും കൂട്ടിക്കലര്‍ത്തി ഇതാ, ക്രിസ്തു നല്ലൊരു കഥ അവതരിപ്പിച്ചിരിക്കുന്നു. ഭൗമികമായ സമ്പത്തിനെക്കുറിച്ചും, അത് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുമാണ് ഇന്നത്തെ സുവിശേഷഭാഗം പ്രതിപാദിക്കുന്നത്. ഭാഗ്യദൗര്‍ഭാഗ്യങ്ങളുടെ രണ്ടു കീഴ്മേല്‍ മറിച്ചിലുകളുള്ള കഥയിലൂടെ സമ്പത്ത്
എങ്ങനെ വിനിയോഗിക്കണമെന്ന് ക്രിസ്തു പഠിപ്പിക്കുന്ന, നാടകീയമായ സംഭവമാണ് ഇന്നത്തെ സുവിശേഷത്തില്‍. തൊട്ടു വാതില്‍ക്കല്‍ കിടക്കുന്ന പാവംമനുഷ്യനെ, ശ്രദ്ധിച്ചില്ല, പരിഗണിച്ചില്ല, മറിച്ച് അവഗണിച്ചു എന്നതാണല്ലോ ധനികന്‍റെ തെറ്റ്. നിത്യതയുടെ ഭാവിയ്ക്കായി വര്‍ത്തമാനകാലയളവില്‍ നാം എത്ര ഗൗരവപൂര്‍ണ്ണമായി ഒരുങ്ങണമെന്ന് ധനികന്‍ ജീവിതകാലത്ത് മനസ്സിലാക്കിയില്ല. സമ്പത്തല്ല അയാളെ നശിപ്പിച്ചത്, സമ്പത്ത് വിനിയോഗിക്കുന്നതിലെ അവിശ്വസ്തതയാണ്. വിശ്വസിക്കാന്‍ കൊള്ളരുതാത്ത കാര്യസ്ഥനായി അയാള്‍ ദൈവതിരുമുമ്പില്‍ സമ്പത്ത് കൈകാര്യം ചെയ്തു എന്നുവേണം വ്യാഖ്യാനിക്കാന്‍‍.
ജീവിതംപോലെതന്നെ മരണത്തിലും ലാസറും ധനവാനും വിഭിന്നതയുള്ളവരായിത്തീരുന്നു. ധനികന്‍ മരിച്ചു. സംസ്ക്കരിക്കപ്പെട്ടു.
ലാസര്‍ മരിച്ചു. അവര്‍ അയാളെ എങ്ങനെ സംസ്ക്കരിച്ചു...? അറിയില്ല! അതെക്കുറിച്ച് ക്രിസ്തുവിന്‍റെ കഥ മൗനംഭജിക്കുന്നു. പക്ഷേ, അയാളെ ദൈവദൂതന്മാര്‍ സംവഹിച്ചുകൊണ്ടുപോയി, എന്ന് ലൂക്കാ സുവിശേഷകന്‍ കുറിച്ചിരിക്കുന്നു. ധനികന്‍റെ അന്ത്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, ധനികന്‍ മരിച്ചു സംസ്ക്കരിക്കപ്പെട്ടു. ധനികന്‍റെ മരണത്തിലും ശവസംസ്ക്കാരത്തിലും ശ്രദ്ധിക്കപ്പെടുന്നത് ദൈവദൂതന്മാരുടെ അസാന്നിദ്ധ്യമാണ്. ജീവിതകാലത്ത് ധനികനെ പരിചരിക്കാന്‍ ഒത്തിരിയേറെപ്പേര്‍ ഉണ്ടായിരുന്നു.
മരണത്തില്‍ കൂട്ടായിരിക്കേണ്ട ദൈവദൂതന്മാര്‍ അയാളെ കൈവിട്ടിരിക്കുന്നു. ധനികന്‍റെ ജീവിതാന്ത്യം ശവസംസ്ക്കാരമാണ്. എന്നാല്‍ ലാസറിന്‍റെ മരണം അയാളുടെ നിത്യതയുടെ ആരംഭമാണ് – അയാള്‍ സംസ്ക്കരിക്കപ്പെടുകയല്ല, സംവഹിക്കപ്പെടുകയായിരുന്നു, ദൈവദൂതന്മാരാല്‍ സംവഹിക്കപ്പെടുകയായിരുന്നു. പിന്നീട് ദൈവദുതന്മാരുടെ സഹവാസത്തിലുള്ള ജീവിതമാണ് പാവം മനുഷ്യനു ലഭിച്ചത് – ആത്മീയാനന്ദത്തിന്‍റെ ജീവിതം, ദൈവിക ജീവന്‍.

പാതാളത്തില്‍ കിടക്കുമ്പോഴും ധനികന്‍റെ ചിന്ത ലാസര്‍ തന്‍റെ വിളിപ്പുറത്തുള്ള ദാസനാണെന്നാണ്. ആദ്യം തന്‍റെ നാവു തണുപ്പിക്കാന്‍ ലാസറിനെ അയക്കണമെന്നും, പിന്നീട് തന്‍റെ സഹോദരന്മാരെ നിത്യതയെക്കുറിച്ച് ബോധ്യപ്പെടുത്താന്‍, അവരുടെ പക്കലേയ്ക്ക് ലാസറിനെ പറഞ്ഞയക്കണമെന്നും ആവശ്യപ്പെടുന്നത് അതുകൊണ്ടാണല്ലോ. എല്ലാവരെയും തങ്ങളുടെ അടിമകളായി കാണുന്നുത്, അമിതമായി സമ്പത്തുള്ള ഒരാളുടെ പ്രശ്നമാകാനാണ് സാദ്ധ്യത.

‘പിതാവായ അബ്രാഹമേ,’ എന്നാണ് ധനികന്‍ ദൈവത്തെ സംബോധനചെയ്യുന്നത്. ഏതര്‍ത്ഥത്തിലാണിത്? രക്തബന്ധമനുസരിച്ച് അയാള്‍ അബ്രാഹത്തിന്‍റെ പിന്തുടര്‍ച്ചാവകാശിയായിരിക്കാം. എന്നാല്‍, ദൈവരാജ്യത്തില്‍ പ്രേവശിക്കാനതു പോരല്ലോ. ആദ്ധ്യാത്മിക ബന്ധംകൊണ്ട് മെനഞ്ഞെടുക്കേണ്ട യുഗാന്ത കുടുംബത്തിലെ അംഗമല്ല അയാള്‍. ‘ഞങ്ങള്‍ക്കു പിതാവായി അബ്രാഹമുണ്ട്’ എന്ന് പറഞ്ഞ് വീമ്പടിക്കേണ്ട എന്ന് സ്നാപകന്‍ പറഞ്ഞതോര്‍ക്കുക. ജ്ഞാനസ്നാനജലം തലയില്‍ വീണതുകൊണ്ട് ക്രിസ്തുവിന്‍റെ കുടുംബക്കാരനാവില്ല. യേശുവിന്‍റെ മനസ്സുതൊട്ടറിയുകയും, സുവിശേഷചൈതന്യം ജീവിക്കുകയും ചെയ്യുന്നതുവഴിയാണ് നാം ദൈവോത്മുഖരായിത്തീരുന്നത്.

തുറന്ന മനസ്സോടെ ദൈവവചനം കേള്‍ക്കുകയും, അത് സ്വീകരിക്കുകയും ചെയ്യാത്ത ഒരാളെ മരണാന്തര ജീവിതത്തെക്കുറിച്ചു ബോധ്യപ്പെടുത്തുവാനോ, മരിച്ചവരില്‍നിന്നുമുള്ള ഉത്ഥാനത്തെക്കുറിച്ച് അയാളോട സംസാരിക്കുവാനോ പര്യാപ്തമായെന്നു വരില്ല. നിയമവും പ്രവാചകന്മാരും എന്നത് ദൈവവചനത്തിനുള്ള പര്യായപദമാണ്.
അപ്പോള്‍ ആത്യന്തികമായി, ദൈവഹിതത്തോട് സുതാര്യതയുള്ളവരായി, തുറവുള്ളവരായി ഇഹലോക ജീവിതം നയിക്കുക. അതിന് നാം വചനം ശ്രവിക്കണം, പഠിക്കണം, തുറന്ന മനസ്സോടെ അത് സ്വീകരിക്കണം. ദൈവവചനത്തെ, സുവിശേഷമൂല്യങ്ങളെ തുറവോടെ ഉള്‍ക്കൊള്ളണം, അത് ജീവിക്കണം.

ദരിദ്രനും ദൈവത്തിനുമിടയില്‍ എന്തോ ചില സദൃശ്യതകളുണ്ട്. ‘ദരിദ്രനാരായണന്‍’ എന്ന ഗാന്ധിപദം ചെറുപ്പത്തിലേ ഏറെ confusion ഉണ്ടാക്കിയിട്ടുള്ളതാണ്. ഈശ്വരന്‍ ദരിദ്രനാണോ, ദരിദ്രന്‍ ഈശ്വരനാണോ, എന്ന സന്ദേഹം! എന്തായാലും ഈശ്വരനും ദരിദ്രനും ഒരുപോലെ സര്‍വ്വവ്യാപികളാണെന്നു തോന്നാറില്ലേ. തൂണിലും തുരുമ്പിലും തെളിയുന്ന മട്ടില്‍....!
പുലരയില്‍ ക്ഷേത്രനട ചവിട്ടിക്കയറുമ്പോഴോ, പള്ളിനട കയറുമ്പോഴോ അതിന്‍റെ വശങ്ങളിലിരുന്നയാള്‍ നിങ്ങളെ പാളിനോക്കുന്നു. ട്രെയിനിന്‍റെ ജാലകം ഉയര്‍ത്തുമ്പോള്‍ അതാ, അയാള്‍ പളത്തിനു സമാന്തരമായി നടക്കുന്നു. എച്ചില്‍ കുപ്പയിലെറിയുമ്പോള്‍ ഉപവാസപ്രാര്‍ത്ഥനയുമായി അയാള്‍ അവിടെയുമുണ്ട്. പാതിരാത്രി കൂടണയുമ്പോള്‍ വിളക്കുമരത്തിനു താഴെനിന്ന് അയാള്‍ ചൂളം വിളിക്കുന്നു. പാവങ്ങള്‍ എങ്ങുമുണ്ട്, എന്നുമുണ്ട്!

ക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ ‘ദരിദ്രര്‍ നിങ്ങളോടൊപ്പം എന്നും ഉണ്ടായിരിക്കുമെന്ന്.’ അതുപറയുമ്പോള്‍ അവിടുത്തെ മനസ്സില്‍ എന്തായിരുന്നിരിക്കണം?
അവരെ അവഗണിക്കരുതെന്ന താക്കീതോ, അവര്‍ നിലനില്‍ക്കേണ്ടി വരുമെന്ന സങ്കടമോ, അവരെ പരിഗണിക്കാതെ പോകുന്നവരോടുള്ള ക്ഷോഭമോ ...?!! അതെന്തുമാകട്ടെ, അതിപരിചയംകൊണ്ടും സര്‍വ്വസാധാരണത്വംകൊണ്ടും ദരിദ്രനും ദൈവത്തിനും ഒരേ തലവരയാണ്, ശ്രദ്ധ കിട്ടാതിരിക്കുക! അവഗണിക്കപ്പെടുക!!

അതുകൊണ്ടുതന്നെ ചരിത്രത്തിനും കാലത്തിനും സാക്ഷികളാവുകയെന്നതാണ് അവരുടെ ധര്‍മ്മം. കാമ-ക്രോധ-മത-മാത്സര്യങ്ങളുടെ തിമിരം വീണകാലത്ത് കുരുക്ഷേത്രത്തിലെ സഞ്ജയനെപ്പോലെ എല്ലാം കണ്ടുകൊണ്ട് ഇരിക്കുകയെന്നല്ലാതെ അതിലേക്കിറങ്ങി വരുകയെന്ന സാധ്യതയില്ലാതെ, വര്‍ത്തമാനത്തില്‍ ജീവിക്കുന്നു എന്നൊരു പൊരുത്തം കൂയിയുണ്ടവര്‍ക്ക്. സ്മൃതികളുടെ ഭാരമോ, ഭാവിയുടെ വേവലാതിയോ ഇല്ലാതെ, അയാള്‍ ബുദ്ധനെപ്പോലെ പുഞ്ചിരിക്കുന്നു. അയാളുടെ പുഞ്ചിരിയുടെ കാരണം ഒരിക്കലും കീഴ്പ്പെടുത്താത്ത കോട്ടപോലെ.... ദൈവം ജീവിക്കുന്നു എന്നതിന്‍റെ അടയാളം കൂടിയാണത്! ഇല്ലെങ്കില്‍ ഇന്നലത്തെ മഴയില്‍ അയാള്‍ എന്തുകൊണ്ട് തണുത്തുറഞ്ഞു മരിച്ചില്ല. വയല്‍പ്പൂക്കളെ ഉടുപ്പിക്കുകയും കുരുവിയെ ഊട്ടുകയും ചെയ്യുന്ന മഹാകാരുണ്യം നമ്മുടെ ഇടപെടലുകളില്ലാതെ തന്നെ അവരുടെ അതിജീവനത്തെ സഹായിക്കുന്നുണ്ടാവും.
രണ്ടുപേരും – ദൈവവും ദരിദ്രനും സമയത്തിന്‍റെ മഹാപ്രഭുക്കന്മാരാണ്. ഒരു തിടുക്കമൊന്നുമില്ലവര്‍.... എത്രകാലം വേണമെങ്കിലും കാത്തിരിക്കും. ധൂര്‍ത്തപുത്രന്‍റെ കഥയിലെ അപ്പനെപ്പോലെ എന്നൊക്കെ പറയാം. ദൈവം, പിതാവായ ദൈവം ക്ഷമയോടെ നമുക്കായി കാത്തിരിക്കുന്നു.
ഏതോ ചില വ്യവഹാരങ്ങളില്‍പ്പെട്ടു കച്ചേരിവളപ്പില്‍തന്നെ വര്‍ഷങ്ങളായി കഞ്ഞിയും കുടിയുമായി കഴിഞ്ഞുകൂടുന്ന പാവങ്ങളെ ശ്രദ്ധിക്കാറില്ലേ.

ദരിദ്രരോട് ആരും സൗഹൃദത്തിലല്ല ഒരുകാലത്തും. അനുഭാവമുള്ള പദാവലി അവര്‍ക്കുവേണ്ടി ഒരിക്കലും ഉയര്‍ന്നിട്ടില്ല. ചിലപ്പോള്‍ നമ്മള്‍ അയാളെ നിസ്വനെന്ന് വിളിക്കുന്നു. സാരമില്ലാത്ത – content ഇല്ലാത്ത ഒരാള്‍ എന്നര്‍ത്ഥത്തില്‍. ഹീനമായ കര്‍മ്മങ്ങളെ ചെറ്റത്തരം എന്നു വിശേഷിപ്പിക്കുന്നു. ലജ്ജാകരമായവയെ തറയെന്നും. രണ്ടും - ചെറ്റയും തറയും ദരിദ്രന്‍റെ വീടാണ്.

മുല്ലനേഴിയെ, പ്രശസ്ത കവിയെ കൊച്ചിയില്‍ പോലീസ് പിടിച്ചു. തെറ്റൊന്നും ചെയ്തിട്ടല്ല. ദരിദ്രന്‍റെ ചില അടയാളങ്ങള്‍ ഉള്ളതുകൊണ്ടായിരുന്നു. ദരിദ്രനായിരിക്കുക അപകടകരം കൂടിയാണ്. എന്നാല്‍ തിര്യക്കുകളും ഹരിതപ്രപഞ്ചവും മാത്രം അവരുടെ നന്മ തിരിച്ചറിയുന്നു. അവരോടു ഉരുമ്മി നടക്കുന്നു. ഉദാരരാകുന്നു. നായയും പൂച്ചയും പ്രാക്കളുമൊക്കെ എപ്പോഴും അയാളോടൊപ്പമുണ്ട്. ധനവാന്‍ മുഖം തിരിക്കുന്ന ലാസറിന്‍റെ മുറിവുകളെ, നായ്ക്കളാണ് നക്കിത്തോര്‍ത്തുന്നത്. ക്രിസ്തു പറഞ്ഞ ലാസറിന്‍റെ കഥയില്‍ നാം കണ്ടതാണ്. ഭൂമിയിലെ സകല ദരിദ്രര്‍ക്കുംവേണ്ടി ക്രിസ്തു കണ്ടെത്തിയ പേരാണ് ‘ലാസര്‍’ ദൈവത്തില്‍ ആശ്രയിക്കുന്നവന്‍, ദൈവത്തിന്‍റെ കരുണയില്‍ കുടുങ്ങിക്കിടക്കുന്നവര്‍. ധാരാളം കഥകള്‍ പറഞ്ഞിട്ടുള്ള ക്രിസ്തു ഒരാള്‍ക്കു മാത്രമേ പേരിട്ടിട്ടുള്ളൂ. അത് ഇക്കഥയിലെ ദരിദ്രനാണെന്നോര്‍ക്കണം – ലാസര്‍. ധനികര്‍ക്ക് പേരു വേണ്ടെന്നൊരു പക്ഷം ക്രിസ്തുവിനുണ്ടെന്നു തോന്നുന്നു. ദൈവക്കരുണയില്‍ ആശ്രയിക്കുന്നവര്‍....








All the contents on this site are copyrighted ©.