2014-08-22 17:22:24

ജെയിംസ് ഫോളിയുടെ മാതാപിതാക്കള്‍ക്ക്
പാപ്പായുടെ സാന്ത്വനസന്ദേശം


22 ആഗസ്റ്റ് 2014, വത്തിക്കാന്‍
വിമതര്‍ വകവരുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയുടെ മാതാപിതാക്കളെ - ജോണ്‍ ഫോളി, ഡയാനേ ഫോളിയെ - പാപ്പാ ഫ്രാന്‍സിസ് ടെലിഫോണില്‍ വിളിച്ച് സാന്ത്വനപ്പെടുത്തി. ഇറാക്കി വിമതര്‍ ക്രൂരമായി കൊലപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയുടെ (40 വയസ്സ്) അമേരിക്കയിലെ റിച്മൊണ്ടില്‍ വസിക്കുന്ന മാതാപിതാക്കളെ ആഗസ്റ്റ് 21-ാം തിയതി വ്യാഴാഴ്ച ഇറ്റലിയിലെ സമയം രാത്രി 8 മണിയോടെയാണ് പാപ്പാ ഫ്രാന്‍സിസ് ടെലിഫോണില്‍ വിളിച്ച് സാന്ത്വനപ്പെടുത്തുകയും പ്രാര്‍ത്ഥന നേരുകയും ചെയ്തതെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.

ഫോളിയുടെ അച്ഛനോടും അമ്മയോടും ആദ്യം ഇംഗ്ലിഷില്‍ സംസാരിച്ച പാപ്പാ, മറ്റൊരു ബന്ധുവിനോട് സ്പാനിഷ് ഭാഷയിലും സാന്ത്വനസംഭാഷണം നടത്തി.

ജെയിംസിന്‍റെ മരണത്തിലുള്ള അതിയായ ദുഃഖം രേഖപ്പെടുത്തിയ പാപ്പാ, ഇതുപോലുള്ള ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാമെന്ന്, ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ ഉറപ്പുനില്കിയതായി ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. 2012-ല്‍ സിറയയില്‍ ബന്ധിയാക്കപ്പെട്ട ഫോളിയെ ഇറാക്കിലെ ഇസ്ലാമിക വിമതര്‍ ക്രൂരമായി ശിരച്ഛേദനം ചെയ്യുന്ന video clipping ഇസ്ലാമിക വിമതര്‍ ആഗസ്റ്റ് 19-ന് ചൊവ്വാഴ്ച പുറത്തുവിട്ടതോടെയാണ് അജ്ഞാതമായിരുന്ന കത്തോലിക്കാ മാധ്യമപ്രവര്‍ത്തകന്‍, ജെയിംസ് റൈറ്റ് ഫോളിയുടെ മരണം സ്ഥിരീകരിക്കപ്പെട്ടത്.
തന്‍റെ മകന്‍ മനുഷ്യര്‍ക്ക് നല്ലൊരു സുഹൃത്തും സഹോദരനുമാണ്. അവന്‍റെ മാധ്യമ പ്രവര്‍ത്തനവും തൊഴിലും മനുഷ്യനന്മ കേന്ദ്രീകരിച്ചാണ്. അതിനാല്‍ മകന്‍ ക്രൂരമായി കൊലപ്പെട്ടതില്‍ ദുഃഖവും പ്രതിഷേധവും ഉണ്ടെങ്കിലും, അവന്‍റെ ത്യാഗപൂര്‍ണ്ണായ ജീവിത സമര്‍പ്പണത്തില്‍ താന്‍ അഭിമാനിക്കുകയും, ദൈവത്തിനു നന്ദിപറയുകയും ചെയ്യുന്നു എന്നാണ് കത്തോലിക്കയായ മാതാവ് ഡയാനേ ഫോളി മരണവാര്‍ത്ത അറിഞ്ഞ് പ്രതികരിച്ചത്.
ഒരാഴ്ച മുന്‍പ് അമേരിക്കന്‍ പ്രസിഡന്‍റ്, ബറാക്ക് ഒബാമാ സുന്നി വിമതര്‍ക്കെതിരെ തുടക്കമിട്ട വ്യോമാക്രമണത്തിന് തിരിച്ചടിയാണ് ഫോളിയുടെ വധംമെന്ന്, ക്രൂരതയുടെ വീഡിയോ clipping-ന് ആമുഖമായി ഇംഗ്ലിഷില്‍ നടത്തിയ പ്രസ്താവന ധരിപ്പിച്ചു. അവധിക്ക് മാര്‍ത്താസ് വീനിയാര്‍ഡിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് യുവമാധ്യമ പ്രവര്‍ത്തകന്‍ ജെയിസ് ഫോളിയുടെ മരണത്തില്‍ ബുധനാഴ്ച രാവിലെ നടത്തിയ ഔദ്യോഗിക പ്രസ്താവനയില്‍ അതിയായ ദുഃഖം രേഖപ്പെടുത്തി.









All the contents on this site are copyrighted ©.