2014-08-21 20:26:01

‘ദാസരല്ല നിങ്ങള്‍ സഹോദരങ്ങളാണ്’
പാപ്പാ ഫ്രാന്‍സിസിന്‍റെ
ലോകസമാധാനദിന സന്ദേശം


21 ആഗസ്റ്റ് 2014, വത്തിക്കാന്‍
2015 ജനുവരി ഒന്നിന് ആഗോളസഭ ആചരിക്കുന്ന ലോകസമാധാനദിനത്തിനുള്ള പ്രതിപാദ്യവിഷയം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെ സഭാസേവനകാലത്തെ രണ്ടാമത്തെ ലോകസമാധാന സന്ദേശമായിരിക്കും ഇത്. ‘സാഹോദര്യമാണ് സമാധാനത്തിന്‍റെ അടിത്തറ’യെന്ന്, പ്രസ്താവിച്ച പാപ്പായുടെ തുടര്‍സന്ദേശമാണ് ‘ദാസരല്ല, നിങ്ങള്‍ സഹോദരങ്ങളാണ്’ എന്നുള്ളത്.
ദൈവമക്കളാകയാല്‍ എല്ലാവര്‍ക്കും തുല്യമനുഷ്യാവകാശമാണുള്ളത് എന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശത്തിലെ അടിസ്ഥാനവും മൗലികവുമായ ചിന്താധാരയാണ്.

ജീവിതത്തിന് അടിസ്ഥാനമാകേണ്ട സാഹോദര്യത്തെ തച്ചുടയ്ക്കുന്ന ഘടകമാണ് അടിമത്വം. തുല്യാന്തസ്സുള്ള സഹോദരങ്ങളായി പരസ്പരം ആദരിക്കുവാനും അംഗീകരിക്കുവാനും സാധിക്കുന്ന സാമൂഹ്യ പരിസരത്തില്‍ മാത്രമേ സമാധാനം നിലനില്ക്കുകയും വളരുകയും ചെയ്യുകയുള്ളൂ. മനുഷ്യക്കടത്തും കച്ചവടവും, വേശ്യാവൃത്തി, ചൂഷണം, അടിമവേല, കുട്ടികളുടെയും സ്ത്രീകളുടെയും പീഡനം എന്നിങ്ങനെ അടിമത്വത്തിന്‍റെ നിഷേധാത്മകമായ വിവിധ രൂപങ്ങള്‍ ഇന്ന് ലോകത്ത് നിലനില്ക്കുന്നുണ്ട്. ഇന്ന് ആഗോളസമൂഹത്തില്‍ വ്യാപകമായുള്ള സാമ്പത്തിക മാന്ദ്യം, രാഷ്ട്രങ്ങളില്‍ നടമാടുന്ന അഭ്യന്തരകലാപം, അഴിമതി, നിര്‍ബ്ബന്ധിതകുടിയേറ്റം എന്നീ സാമൂഹ്യ പ്രതിസന്ധികളുടെ സാഹചര്യങ്ങളെ ചൂഷണംചെയ്തുകൊണ്ടാണ് അടിമത്വത്തിന്‍റെ മേല്പറഞ്ഞ വൈവിധ്യമാര്‍ന്ന തിന്മകള്‍ ഇന്ന് തലപൊക്കുന്നത്. അടിമത്വത്തിന്‍റെ ഈ നവരൂപങ്ങളെ മുതലെടുക്കുന്ന പ്രസ്ഥാനങ്ങളും വ്യക്തികളും സംഘനകളും അക്ഷേപകരമാം വിധത്തില്‍ നിരവധിയാണ്. ഇങ്ങനെയുള്ളവര്‍ ലോകത്തിന്‍റെ വിവിധ രാഷ്ട്രങ്ങളില്‍ ഉയരുന്ന സാമൂഹ്യ പ്രതിസന്ധികളുടെയും പ്രശ്നങ്ങളുടെയും കലുഷിതമായ അന്തരീക്ഷത്തെ മുതലെടുക്കുകയും ചൂഷണംചെയ്യുകയുമാണ്. അടിമത്വത്തിന്‍റെ പുതുരൂപങ്ങള്‍ ആനുകാലിക സാമൂഹ്യഗാത്രത്തിന്‍റെ ഭീതിദമായ മുറിവും, ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ വേദനാജനകമായ വ്രണവുമാണെന്ന് സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് വിവരിക്കുന്നു.

വ്യക്തികളുടെ അലംഘനീയമായ മനുഷ്യാന്തസ്സ് മാനിക്കുക എന്നതാണ് ഈ സമൂഹ്യതിന്മയെ ഉന്മൂലനംചെയ്യുവാനുള്ള ആദ്യപടി. മാത്രമല്ല, മനുഷ്യാന്തസ്സിന്‍റെ മതിപ്പ് സാഹോദര്യത്തില്‍ വേരൂന്നിയതുമായിരിക്കണം. അപരനെ അടിമപ്പെടുത്തുന്ന അസമത്വത്തിന്‍റെയും അനീതിയുടെയും എല്ലാ രൂപങ്ങളെയും തിരസ്ക്കരിക്കുന്ന സാഹോദര്യം സാമൂഹ്യനന്മയുടെ അടിസ്ഥാന തത്വമാണ്.
ഔദാര്യത്തോടും സഹോദര്യത്തോടുംകൂടെ എല്ലാവരെയും ഉള്‍ക്കൊള്ളുകയും തുണയ്ക്കുകയും ചെയ്യുന്ന മനോഭാവം നമ്മെ നന്മയുടെ സ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കുന്ന സവിശേഷതയായിരിക്കും. വിവേചനമില്ലാത്തതും, ഓരോരുത്തരുടെയും അന്തസ്സും അവകാശങ്ങളും മാനിക്കുകയുംചെയ്യുന്ന സമത്വത്തിന്‍റെ സംസ്ക്കാരം വളര്‍ത്തിയെടുക്കണമെന്നാണ് സന്ദേശത്തിന്‍റെ ഉപസംഹാരത്തില്‍ പാപ്പാ സമര്‍ത്ഥിക്കുന്നത്.

എല്ലാ രാഷ്ട്രങ്ങളുടെയും വിദേശമന്ത്രാലയങ്ങളിലേയ്ക്ക് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി ഈ സന്ദേശം എത്തിച്ചുകൊടുക്കുകയും, ആഗോള മാധ്യമ ശൃംഖലകള്‍വഴി പാപ്പായുടെ സന്ദേശം ജനങ്ങള്‍ക്ക് പൊതുവെയും ലഭ്യമാക്കുമെന്നും സന്ദേശത്തിന്‍റെ സംക്ഷിപ്തരൂപം പ്രകാശനംചെയ്തുകൊണ്ട്
ആഗസ്റ്റ് 21-ന് പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.










All the contents on this site are copyrighted ©.