2014-08-21 10:16:29

പാപ്പായുടെ സമാധാനദൂതനായി
കര്‍ദ്ദിനാള്‍ ഫിലോണി ഇറാക്കില്‍


21 ആഗസ്റ്റ് 2014, ഇറാക്ക്
ഇറാക്കി പ്രസിഡന്‍റിനെ നേരില്‍ക്കണ്ട്, പാപ്പായുടെ കത്തു നല്കിയെന്ന്,
കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി പ്രസ്താവിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രത്യേക പ്രതിനിധിയായി ഇറാക്കിലെത്തിയ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി, ആഗസ്റ്റ് 19-ാം തിയതി ചൊവ്വാഴ്ച പ്രസിഡന്‍റ് ഫവദ് മൗസ്സമിനെ സന്ദര്‍ശിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ കത്ത് നല്കിയതായി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഇറാക്കിന്‍റെ കാര്യത്തില്‍ പാപ്പായുടെ ഇടപെടലും ആകാംക്ഷയും മാനുഷികവുമാണ് രാഷ്ട്രീയമല്ലെന്നും, ബാഗ്ദാദില്‍നിന്നും ടെലിഫോണിലൂടെ നല്കിയ അഭിമുഖത്തില്‍ സമാധാനാഭ്യര്‍ത്ഥനയാണ് പാപ്പായുടെ കത്തിന്‍റെ ഉള്ളടക്കമെന്നും കര്‍ദ്ദിനാള്‍ ഫിലോണി വെളിപ്പെടുത്തി.

ഇറാക്കില്‍ കൊല്ലപ്പെടുകയും മുറിപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത ക്രൈസ്തവരെയും മുസ്ലീം യാസ്സിദികളെയും ഓര്‍ത്ത് ലോകത്തുള്ള എല്ലാവരോടുമൊപ്പം പാപ്പായും ഏറെ ആകുലപ്പെടുന്നുണ്ടെന്നും, ദുര്‍ബലരെയും പീഡിതരെയും തുണയ്ക്കാന്‍ വൈകരുതെന്നും പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ കര്‍ദ്ദിനാള്‍ ഫിലോണി അഭിമുഖത്തില്‍ അഭ്യര്‍ത്ഥിച്ചു.

ഇറാക്കിലെ മൊസൂള്‍, നിനീവേ, ഏബ്രില്‍, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളിലെ യുദ്ധഭൂമിയില്‍ 10 ദിവസത്തെ പര്യടനം നടത്തി സ്ഥിതിഗതികള്‍ നേരില്‍ മനസ്സിലാക്കിയ, വിശ്വാസപ്രഘോഷണ കാര്യാലയത്തിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഫിലോണി അഭിമുഖത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.