2014-08-20 19:34:55

വിശ്വാസം ഉദിച്ചുയരുന്ന
ഏഷ്യാ ഭൂഖണ്ഡം


20 ആഗസ്റ്റ് 2014, വത്തിക്കാന്‍
വിശ്വാസം ഉദിച്ചുയരുന്ന ഭൂഖണ്ഡമാണ് ഏഷ്യയെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെ 6 ദിവസം നീണ്ടുനിന്ന കൊറിയ സന്ദര്‍ശനത്തെ വിലയിരുത്തിക്കൊണ്ട് ആഗസ്റ്റ് 19-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്.

ചെറിയ ശതമാനമെങ്കിലും ബോധ്യമുള്ള അവിടത്തെ അല്‍മായരും രക്തസാക്ഷികളുമാണ് കൊറിയന്‍ ഉപദ്വീപിന്‍റെ വിശ്വാസത്തിന് അടിത്തറയെന്ന് ഫാദര്‍ ലൊമ്പാര്‍ഡി നിരീക്ഷിച്ചു. മിഷണറിമാരുടെ സഹായമില്ലാതെ, സ്വന്തം മണ്ണില്‍ വേരുപിടിച്ച വിശ്വാസം, വ്യക്തിഗത ബോധ്യത്തിലൂടെയും ധ്യാനത്തിലൂടെയും ക്രിസ്തുവെളിച്ചം പരത്തുന്നുവെന്നും, അതിനാല്‍ രാഷ്ട്രീയമായി കൊറിയ വിഭജിതമാണെങ്കിലും ക്രിസ്തുവില്‍ ഐക്യപ്പെട്ടിരിക്കുന്നുവെന്നും, വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

സമര്‍പ്പിതരായ അല്‍മായരും, ജീവസമര്‍പ്പണം നടത്തിയിട്ടുള്ള രക്തസാക്ഷികളുമുള്ള കൊറിയ ഇതര ഏഷ്യന്‍ രാജ്യങ്ങള്‍ പോലെതന്നെ സുവിശേഷവത്ക്കരണ പാതയിലെ ശക്തമായ പ്രചോദനവും മാതൃകയുമാകുമെന്നും, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ലൊമ്പാര്‍ഡി വിവരിച്ചു.








All the contents on this site are copyrighted ©.