2014-08-19 17:06:03

സങ്കീര്‍ത്തനങ്ങളിലെ
ദൈവത്തിന്‍റെ സര്‍വ്വാധീശത്വം (20)


RealAudioMP3
‘സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കരണം’ എന്ന ഭാഗം തുടരുകയാണ്.
കഴിഞ്ഞ പ്രക്ഷേപണത്തില്‍ ഇസ്രായേല്‍ ജനം ദൈവത്തെ രാജാവായി പ്രകീര്‍ത്തിക്കുന്ന സങ്കീര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ട് എപ്രകാരം മനുഷ്യന്‍റെ ജീവിതപശ്ചാത്തലങ്ങളിലൂടെ ദൈവിക ചിന്തകള്‍ സങ്കീര്‍ത്തകന്‍ തന്‍റെ വരികളില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ പരിശ്രമിക്കുകയായിരുന്നു. ഇനി രാജാവിന് ഇസ്രായേലില്‍ ദൈവികമായ രക്ഷാശക്തിയുള്ളതായും അദ്ദേഹത്തെ ദൈവിക സ്ഥാനത്തു കാണുന്നതായും നമുക്ക് മനസ്സിലാക്കാം. ദൈവിക സ്ഥാനത്തുനിന്ന് രാജാവ് നീതി പ്രവര്‍ത്തിക്കുന്നു. അങ്ങനെ ദൈവിക സാന്നിദ്ധ്യത്തിന്‍റെയും സാമീപ്യത്തിന്‍റെയും രഹസ്യങ്ങള്‍ രാജകീയ സങ്കീര്‍ത്തനങ്ങളിലൂടയെും സിഹിയോന്‍ സങ്കീര്‍ത്തനങ്ങളിലൂടെയും സങ്കീര്‍ത്തകന്‍ അവതരിപ്പിക്കുന്നത് മനസ്സിലാക്കിക്കൊണ്ട് സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കാരം, ദൈവശാസ്ത്രവീക്ഷണത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെ ബലപ്പെടുത്താന്‍ ശ്രമിക്കുക.

Muscal version of Psalm 46

ഇസ്രായേല്യര്‍ക്ക് ദൈവം അവരുടെ രാജാവായിരുന്നു. അങ്ങനെ ദൈവത്തെ രാജാവായി സ്തുതിക്കുന്നതാണല്ലോ രാജകീയ സങ്കീര്‍ത്തനങ്ങള‍. അതിനാല്‍ രാജന്‍സ സിഹിയോന്‍, രാജാവ്, മഹത്വത്തിന്‍റെ രാജാവ്, എന്നിങ്ങനെ വളരെ മാനുഷികവും ഭൗമികവുമായ പ്രയോഗങ്ങള്‍ സങ്കീര്‍ത്തനങ്ങളില്‍ കാണുമ്പോള്‍, മനസ്സിലാക്കുക അതെല്ലാം ദൈവത്തെക്കുറിച്ചാണ് എന്ന്. ഇസ്രായേലില്‍ ദൈവമാണ് രാജാവ് എന്ന് പറയുമ്പോള്‍ the personification of God, in the person of the King – രാജാവിന്‍റെ വ്യക്തിത്വത്തിലുള്ള ദൈവാവിഷ്ക്കരണമാണ് ഇവിടെ നടക്കുന്നത്.
സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള പശ്ചാത്ത്ല പഠനത്തില്‍ നാം മനസ്സിലാക്കിയിരിക്കേണ്ട വസ്തുതയാണിത്.

ഈ പരമ്പരയില്‍ നാം മാതൃകയായി ഉപയോഗിച്ചിരിക്കുന്നത് വളരെ സുപരിചിതമായൊരു സങ്കീര്‍ത്തനമാണ്. കാരണം ഇത് ലത്തീന്‍ റീത്തില്‍ വിശുദ്ധവാരത്തിലെ ആരാധനക്രമത്തിന് നൂറ്റാണ്ടുകളായി ഉപയോഗിച്ചുപോരുന്ന Pueri Hebraeorum എന്ന 46-ാം സങ്കീര്‍ത്തനമാണ്.
കര്‍ത്താവിന്‍റെ, ദൈവത്തിന്‍റെ ഔന്നത്യം വിവരിക്കുന്ന ഈ ഗീതം മലയാളത്തില്‍ ഗാനാവിഷ്ക്കാരം ചെയ്തത്, വര്‍ഗ്ഗീസ് ജെ. മാളിയേക്കലാണ്. സംഗീതം ജോബ് ആന്‍റ് ജോര്‍ജ്ജ്. ആലാപനം, വരാപ്പുഴ അതിരൂപതാ ഗായകസംഘം.

Muscal parallel version of Psalm 46

1. വഴിയില്‍വസ്ത്രം വിരിച്ചെബ്രായ ബാലകര്‍
മിഴിവോടങ്ങാര്‍പ്പു വിളിച്ചു മോദാല്‍
കര്‍ത്താവിന്‍ നാമത്തില്‍ ആഗതന്‍ ധന്യനാം
ദാവീദിന്‍ പുത്രനു ഹോസാനാ.

സങ്കീര്‍ത്തനം 46, സമ്പൂര്‍ണ്ണമായ ദൈവസ്തുതിപ്പിന്‍റെ സങ്കീര്‍ത്തനമാണ്. തീര്‍ത്ഥാടന തിരുനാളുകളായ പെസഹാ, പെന്തക്കൂസ്താ, കൂടാരത്തിരുനാല്‍, പൗര്‍ണ്ണമി, ദേവാലയപ്രതിഷ്ഠ തുടങ്ങിയ അവസരങ്ങളില്‍ ഇസ്രായേല്‍ ജനം ഈ സങ്കീര്‍ത്തനം, അല്ലെങ്കില്‍ ഇപ്രകാരമുള്ള സങ്കീര്‍ത്തനങ്ങള്‍ ഉപോയഗിച്ചു പോന്നു. ഇതിലെ കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍, എന്ന പ്രയോഗം കൃത്യമായും രാജാവിനെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ അത് പുതിയ നിയമത്തില്‍ സഭയുടെ ദൈവശാസ്ത്ര വീക്ഷണത്തില്‍ ‘ക്രിസ്തു രാജാവാണ്’ എന്ന സങ്കല്പത്തിലേയ്ക്ക് എത്തിക്കുന്നു. സങ്കീര്‍ത്തനത്തിന്‍റെ പ്രഭണിതം, അല്ലെങ്കില്‍ Antiphone അങ്ങനെ കൃത്യമായും ക്രിസ്തുവിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.

എപ്രകാരമാണ് ഇസ്രായേലില്‍ ദൈവം രാജാവാകുന്നതും, രാജാവിന്‍റെ വ്യക്തിത്വത്തില്‍ ദൈവാവിഷ്ക്കരണം നടക്കുന്നതെന്നും നാം ഈ പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടതാണ്. ദാവീദിന്‍റെ വംശത്തില്‍പ്പെട്ട രാജാക്കന്മാരുടെ അധികാരത്തിന്‍റെ അടിസ്ഥാനവും പ്രവര്‍ത്തനവും നാഥാന്‍റെ‍ പ്രവചനത്തില്‍ കാണാന്‍ കഴിയും (2 സാമു. 7). ഈ പ്രവചനംവഴി ദൈവം ദാവീദിനെയും വംശത്തെയും തിരഞ്ഞെടുത്ത് ഉറപ്പിച്ചു. അവിടുന്ന് ദാവീദുമായി ഒരു ഉടമ്പടി ഉണ്ടാക്കി. ദാവീദിന്‍റെ വംശത്തില്‍പ്പെട്ട ഭരണാധികാരികള്‍ യാഹ്വേയുടെ രാജാക്കനമാര്‍ എന്ന് വിളിക്കപ്പെടുകയും ചെയ്തു. പ്രവചന വാക്യങ്ങള്‍ പോലെതന്നെ ദൈവം അവരെ രാജാക്കന്മാരായി ഉയര്‍ത്തുന്നു (110, 1.. 132, 11). എന്‍റെ വിശുദ്ധപര്‍വ്വതമായ സീയോനില്‍ ഞാനാണ് എന്‍റെ രാജാവിനെ വാഴിച്ചതെന്നത് ദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനമാണ് (2, 6). ദൈവത്തിന്‍റെ വിശുദ്ധനും അലംഘനീയനുമായ അഭിഷിക്തനായി ഇസ്രായേലിന്‍റെ രാജാവ് അത്ഭുകരമായ സാമീപ്യത്തില്‍ യാഹ്വേയുടെ വലത്തുഭാഗത്ത് നില്ക്കുന്നു, ഇതാ,.. മിശിഹാ നില്ക്കുന്നു.! യാഹ്വേയുടെ ബഹുമാനിതനായ രാജാവിനെ ദൈവമായി ശുശ്രൂഷിക്കുന്നു.
ഈ ഉടമ്പടിയോട് യാഹ്വേ സുസ്ഥിരമായ വിശ്വസ്തതയോടെ വ്യാപരിക്കുന്നു. രാജവംശത്തിന്‍റെ തകര്‍ച്ചയില്‍ മാത്രമാണ് വലിയ ഉത്കണ്ഠയോടെ വിലാപങ്ങളും ചോദ്യങ്ങളുമായി രാജാവ് യാഹ്വേയെ സമീപിക്കുന്നത്. അങ്ങനെ ജരൂസലേത്തെ ആരാധാനശുശ്രൂഷയില്‍നിന്നുതന്നെ സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കാരം നമുക്ക് വ്യാക്തമായി മനസ്സിലാക്കാവുന്നതാണ്.

അതുകൊണ്ടുതന്നെ 46-ാം സങ്കീര്‍ത്തനത്തിന്‍റെ പ്രഭണിതത്തില്‍ വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ 21-ാം അദ്ധ്യായം 9 വാക്യം രേഖപ്പെടുത്തിയിരിക്കുന്ന ക്രിസ്തുവിന്‍റെ ജരൂസലേമിലേയ്ക്കുള്ള രാജകീയ പ്രവേശനം പൂര്‍‍ണ്ണമായും ഈ സങ്കീര്‍ത്തന ഭാഗവുമായിട്ട് താദാത്മൃപ്പെടുന്നുണ്ട്.

ഇസ്രായേലിന്‍റെ ചരിത്രത്തില്‍ അവരെ ഭരിച്ച രാജാക്കന്മാര്‍ എല്ലാവരും ദൈവജനമായ ഇസ്രായേലിനെ, ദൈവമായ യാഹ്വേയിലേയ്ക്കും അവിടുത്തെ കല്പനകളിലുമുള്ള വിശ്വാസത്തിലേയ്ക്കും നയിച്ചവരാണ്. മാനുഷികമായ വീശ്ചയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ദാവീദും സോളമനുംമൊക്കെ ജനത്തെ ദൈവികപാതയില്‍ത്തന്നെ മുന്നോട്ടു നയിക്കുകയും യാവേ കര്‍ത്താവും, ദൈവവും സ്രഷ്ടാവും പരിപാലകനും അവരുടെ സംരക്ഷകനുമാണെന്ന് പഠിപ്പിച്ചു. പിന്നെ ജനങ്ങളോടൊപ്പം അവര‍ നേതൃസ്ഥാനത്തുനിന്നുകൊണ്ട്, ദൈവത്തെ രാജാവായി പ്രകീര്‍ത്തിക്കുകയും അപ്രകാരം ചെയ്യുവാന്‍ ജനങ്ങളെ പഠിപ്പിക്ക്ുകയും ചെയ്തു. ദാവീദ് രാജാവ് കര്‍ത്താവിനെ പ്രകീര്‍ത്തിച്ചു പാടിയ സങ്കീര്‍ത്തനങ്ങളും സോളമന്‍ ജരൂസലേമില്‍ പണികഴിപ്പിച്ച് ഇന്നും പ്രൗഢിയോടെ നില്ക്കുന്ന ദേവാലയവുമെല്ലാം ഇസ്രായേലിലെ രാജാക്കന്മാരുടെ വിശ്വാസവും വിശ്വസ്തതയും വെളിപ്പെടുത്തുന്നു.

യാഹ്വേയുടം സാന്നിദ്ധ്യസ്ഥലമായ സെഹിയോനില്‍, ജരൂസലേമില‍ത്തന്നെ, അതായത് ഇസ്രായേലിന്‍റെ ആരാധനാ ജീവിതത്തിന്‍റെ കേന്ദ്രസ്ഥലത്തുതന്നെ ദാവീദിന്‍റെ വംശത്തില്‍പ്പെട്ട് രാജാക്കന്മാര്‍ വസിച്ചിരുന്നതായും ഇസ്രായേല്‍ലിന്‍റെ ചരിത്രത്തില്‍നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

Psalm 46


2. രാജനാണങ്ങുന്നു ലോകമെല്ലാറ്റിനും
രാജ്യങ്ങള്‍കാല്‍ക്കീഴമര്‍ത്തിടുന്നു
സര്‍വ്വജനങ്ങളെ തന്‍ കീഴിലാക്കുന്നു
ദാവീദില്‍ നിത്യാവകാശമേകി.
- വഴിയില്‍

ദൈവം ഭൂമി മുഴുവന്‍റെയും രാജാവാണ്. അവിടുന്നു രാജ്യങ്ങളുടെമേല്‍ നമുക്കു വിജയം നേടിത്തരുന്നു. അവിടുന്നു തന്‍റെ ജനമായി നമ്മെ പരിപാലിക്കും.
അവിടുന്നു നമ്മുടെ അവകാശം തിരഞ്ഞെടുത്തു തന്നു. അവിടുന്നു തന്‍റെ ജനത്തെ നയിക്കുന്നു, പരിപാലിക്കുന്നു.

അവിടുന്ന് നമ്മുടെ അവകാശം തിരഞ്ഞെടുത്തുതന്നു, എന്ന സങ്കീര്‍ത്തന പദങ്ങള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നവയാണ്. അങ്ങനെ ജരൂസലത്തെ ആരാധന ശുശ്രൂഷയില്‍ രാജാവിന്‍റെ സ്ഥാനം വ്യക്തമാക്കുന്നു. സിംഹാസനാരാഹണ വേളയില്‍ രാജാവ് പരോഹിതനായും നിയമിതനാകുന്നു. യാഹ്വേയോട് എന്ത് ആനുകൂല്യവും തന്‍റെ ജനത്തിനുവേണ്ടി ചോദിക്കുവാന്‍ രാജാവ് അവകശപ്പെട്ടിരിക്കുന്നു, അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. അതുല്യമായ രക്ഷയുടെ തലത്തിലും ദൈവിക ബന്ധത്തിലുമാണ് രാജാവ് ജീവിക്കുന്നത് എന്നുവേണം നാം മനസ്സിലാക്കുവാന്‍. അങ്ങനെ ഇസ്രായേലില്‍ രാജ്വാ ദൈവത്തിന്‍റെ പ്രതിപുരുഷനും പുരോഹിതനുമാണ് എന്നത് വ്യക്തമാണ്. തീര്‍ച്ചയായും, അങ്ങനെ സിയോണ്‍ സങ്കീര്‍ത്തനങ്ങളുടെയും രാജകീയ സങ്കീര്‍ത്തനങ്ങളുടെയും ഉള്ളടക്കങ്ങള്‍ അവയുടെ ദൈവികാവിഷ്കരവും, അതുവഴി ഇസ്രായേലിന്‍റെ ദൈവശാസ്ത്ര വീക്ഷണവും വെളിപ്പെടുത്തുന്നു.

Psalm 46
2. ജയഘോഷം പൊങ്ങുന്നു സിംഹാസനസ്ഥിത-
നാകുന്നു നല്ലവനായ ദൈവം
കാഹളനാദം മുഴങ്ങുന്നു ദൈവമ-
ങ്ങാരോഹണം ചെയ്തിടുന്നു വിണ്ണില്‍.
- വഴിയില്‍

3. രാജനാണങ്ങുന്നു ലോകമെല്ലാറ്റിനും
രാജ്യങ്ങള്‍കാല്‍ക്കീഴമര്‍ത്തിടുന്നു
സര്‍വ്വജനങ്ങളെ തന്‍ കീഴിലാക്കുന്നു
ദാവീദില്‍ നിത്യാവകാശമേകി.
- വഴിയില്‍

സങ്കീര്‍ത്തനം 46-ന്‍റെ ഗാനാവിഷ്ക്കാരം നിര്‍വ്വഹിച്ചത്
വര്‍ഗ്ഗീസ് ജെ. മാളിയേക്കല്‍, സംഗീതം ജോബ് ആന്‍റ് ജോര്‍ജ്ജ്,
ആലാപനം - വരാപ്പുഴ അതിരൂപതയുടെ ഗായകസംഘം

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.








All the contents on this site are copyrighted ©.