2014-08-18 18:31:06

ഭൗതികവാദവും ആപേക്ഷികതയും
ഏഷ്യാഭൂഖണ്ഡത്തിന്‍റെ വെല്ലുവിളികളെന്ന്
കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്


18 ആഗസ്റ്റ് 2014, ഡിജിയോങ്, കൊറിയ
ഏഷ്യയുടെ മതാത്മക മനസ്സിനെ ഭൗതികവാദം ശക്തമായി ഉലയ്ക്കുന്നുണ്ടെന്ന്, ഏഷ്യയിലെ മെത്രാന്‍ സമതികളുടെ ഫെഡറേഷന്‍റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു.

ആഗസ്റ്റ് 17-ാം തിയതി ഞായറാഴ്ച ഡിജിയോങ്ങില്‍ പാപ്പാ ഫ്രാന്‍സിസുമായി നടന്ന ഏഷ്യയിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ സ്വാഗതാശംസയിലാണ് ഏഷ്യന്‍ ജനതയുടെ സാമൂഹ്യചുറ്റുപാടുകള്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വ്യക്തമാക്കിയത്.

ലോകത്തിന്‍റെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യാഭൂഖണ്ഡത്തിന്‍ മതാത്മകജീവിതത്തിന്‍റെയും ആത്മീയതയുടെയും സംസ്ക്കാരവും പാരമ്പര്യവും ഉണ്ടെങ്കിലും ആഗോളവത്ക്കരണവും ഭൗതികവാദവും മതനിരപേക്ഷതയും (materialism and secularism) നവമായ വെല്ലുവിളികളുയര്‍ത്തുന്നുണ്ടെന്ന് മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി.

പവിത്രമായിക്കരുതിയിരുന്ന ഏഷ്യന്‍ കുടുംബ ദാമ്പത്തിക ബന്ധങ്ങളിലും സാമൂഹ്യകൂട്ടായ്മയുടെ കെട്ടുറപ്പിലും വിള്ളലേറ്റിട്ടുണ്ടെന്നും, ജീവനെക്കുറിച്ചുള്ള പാവനമായ പരമ്പരാഗത ദര്‍ശനത്തിനും അടുത്തകാലത്ത് മങ്ങലേറ്റിട്ടുണ്ടെന്നും പാപ്പായുടെ സാന്നിദ്ധ്യത്തില്‍, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഏറ്റുപറഞ്ഞു.

കൊറിയ സന്ദര്‍ശനത്തിനിടെ ഏഷ്യയിലെ മെത്രാന്മാരുടെ സംയുക്തസമിതി അംഗങ്ങളെ കാണുവാനും, പാപ്പായുടെ വ്യക്തിഗത ജീവിതത്തിന്‍റെയും ധീരമായ നേതൃത്വത്തിന്‍റെയും ക്രിസ്തു സാക്ഷൃത്തിന്‍റെ ചൈതന്യം പങ്കുവയ്ക്കുവാനും കാണിക്കുന്ന സന്മനസ്സിനും മഹല്‍സാന്നിദ്ധ്യത്തിനും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഏഷ്യയിലെ മെത്രാന്‍ സമിതികളുടെ പേരില്‍ പാപ്പായ്ക്ക് പ്രത്യേകം നന്ദിയര്‍പ്പിച്ചു.








All the contents on this site are copyrighted ©.