2014-08-17 20:20:55

രക്തസാക്ഷികളുടെ തേജസ്സ്
ഏഷ്യന്‍ യുവതയെ പ്രകാശിപ്പിക്കട്ടെ!
പാപ്പാ ഫ്രാന്‍സിസ്


17 ആഗസ്റ്റ് 2014, ഹേമി കൊറിയ
കൊറിയയില്‍ കൂടിയ 6-ാം ഏഷ്യന്‍ യുവജന സംഗമത്തില്‍ യുവജനങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് നില്കിയ ചിന്തകള്‍:

രക്തസാക്ഷികളുടെ തേജസ്സ് നിങ്ങളുടെ മേല്‍ പ്രകാശിക്കട്ടെ, എന്ന ആശംസയോടെയാണ് പാപ്പാ തന്‍റെ വചനചിന്തകള്‍ ആരംഭിച്ചത്. ഏഷ്യയിലെ യുവജനങ്ങളേ, നിങ്ങള്‍ ഒരു വിലിയ പൈതൃകത്തിന്‍റെ പിന്‍തുടര്‍ച്ചക്കാരാണ്. ക്രിസ്തുവിന്‍റെ വലിയ സാക്ഷികളുമാണ്. ക്രിസ്തു ലോകത്തിന്‍റെ പ്രകാശമാണ്. അവിടുന്ന് ജീവല്‍ പ്രകാശമാണ്. കൊറിയയിലെ രക്തസാക്ഷികള്‍ തങ്ങളുടെ ജീവസമര്‍പ്പണത്തിലൂടെ കൈമാറിയ വിശ്വാസദീപം ജീവിതത്തില്‍ ഏറ്റുവാങ്ങി,
ഇരുളില്‍ പ്രകാശമായും സത്യമായും സ്നേഹമായും ക്രിസ്തുരാജ്യം പ്രഘോഷിക്കുവാന്‍ വിളിക്കപ്പെട്ടവരാണു ക്രൈസ്തവ യുവതീയുവാക്കള്‍. ഇന്നത്തെ കാലഘട്ടത്തില്‍ ക്രിസ്തുശിഷ്യരായിരിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ട്, മരണത്തിന്മേല്‍ ക്രിസ്തു നേടിയ വിജയത്തില്‍ നിങ്ങളും ഭാഗഭാക്കുകളാകുക!

ഏഷ്യന്‍ യുവതയേ, ഉണരൂ, പ്രകാശിക്കൂ....! ഇതു നിങ്ങളുടെ ഉത്തരവാദിത്വമാണ്, കടമയാണ്.
നിങ്ങള്‍ കൊറിയയില്‍ എത്തിയിരിക്കുന്നത് ഭൂഖണ്ഡത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നാണ്. ഓരോ വ്യക്തിക്കും പ്രത്യേക സ്ഥലവും സാഹചര്യവും സംസ്ക്കാരവും ഭാഷയും ഉണ്ട്. തനിമയാര്‍ന്ന തത്വശാസ്ത്രംകൊണ്ടും മതവിശ്വാസങ്ങള്‍കൊണ്ടും ഏഷ്യാ ഭൂഖണ്ഡം വളരെ സമ്പന്നമാണ്. അതേപ്പറ്റി ധ്യാനിക്കുവാനും പഠിക്കുവാനും നിങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. എന്നാല്‍ വഴിയും സത്യവും ജീവനും ഞാനാകുന്നു, (യോഹ. 16, 4) എന്ന ക്രിസ്തു വചനമാണ് ക്രൈസ്തവന്‍റെ വിലയ പൈതൃകം.. യുവജനങ്ങളായ നിങ്ങള്‍ ഈ വലിയ ഭൂഖണ്ഡത്തിലെ പുത്രീപുത്രന്മാരാണ്.. നിങ്ങളുടെ സമൂഹത്തില്‍ സജീവ പങ്കാളികളാകാന്‍ നിങ്ങള്‍ക്ക് അവകാശവും കടമയുമുണ്ട്. അവിടെ നിങ്ങളുടേതായ സാമൂഹജീവിതത്തിന്‍റെ എല്ലാത്തലങ്ങളിലും വിശ്വസത്തിന്‍റെ ഈ ജ്ഞാനം എത്തിക്കാന്‍ നിങ്ങള്‍ ഒരിക്കലും ഭയപ്പെടരുത്.

ഏഷ്യക്കാരായ നിങ്ങള്‍ കാണുകയും മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ചുറ്റുപാടുകളില്‍നിന്നുകൊണ്ടാണ്. അത് വളരെ മനോഹരവും മഹത്വമുള്ളതും സത്യസന്ധവുമായ സംസ്ക്കാരവും പാരമ്പര്യവുമാണ്. ക്രിസ്തുശിഷ്യരായ നിങ്ങളെ വചനത്തിന്‍റെ ശക്തി വിശുദ്ധീകരിക്കും, നിങ്ങളുടെ പൈതൃകത്തിന് ഔന്നത്യം നല്കുവാനും, മൂല്യങ്ങള്‍ പകരുവാനും, കുറ്റമില്ലാത്തതാക്കുവാനും വചനത്തിനു സാധിക്കും, സുവിശേഷമൂല്യങ്ങള്‍ക്കു സാധിക്കും.
പരിശുദ്ധാത്മാവിന്‍റെ നിറവ് മാമ്മോദീസായിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ അജപാലകരോട് ചേര്‍ന്ന്, നിങ്ങളുടെ നല്ല പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും വിലമതിക്കുക. നിങ്ങളുടെ വിശ്വാസം എന്താണ് നിങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നതെന്ന് നന്നായി തിരിച്ചറിയണം. ക്രൈസ്തവവിശ്വാസത്തില്‍നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കുന്ന ഘടകങ്ങള്‍ ഇന്നു ചുറ്റും ധാരാളമുണ്ട്. ആനുകാലിക സംസ്ക്കാരത്തിലെ തിന്മയുടെ ചുറ്റുപാടുകള്‍ പാപത്തിലേയ്ക്കും മരണത്തിലേയ്ക്കും നിങ്ങളെ നയിക്കും എന്ന കാര്യവും ഓര്‍ത്തിരിക്കുക....
Translated by Sr. Mercylit fcc








All the contents on this site are copyrighted ©.