2014-08-17 20:40:14

ഏഷ്യയുടെ സാസ്ക്കാരികത്തനിമയില്‍
തെളിയേണ്ട സുവിശേഷസന്തോഷം


17 ആഗസ്റ്റ് 2014, ഹേമി, കൊറിയ
ഏഷ്യയിലെ മെത്രാന്‍ സമിതികളുടെ ഫെഡറേഷന് പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തില്‍നിന്ന് :

വിസ്തൃതമായ ഏഷ്യാ ഭൂഖണ്ഡത്തില്‍ പ്രത്യേകതകളോടുകൂടിയ നിരവധി സംസ്ക്കാരങ്ങളുള്ളതുകൊണ്ട് വിശുദ്ധ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ സഭയ്ക്ക് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാകാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നു. ‘ഏഷ്യയിലെ സഭ,’ Ecclesia Asiae എന്ന അപ്പസ്തോലിക പ്രബോധനം ചൂണ്ടിക്കാണിക്കുന്നതുപോലെ, മതാന്തരസംവാദം ഏഷ്യയിലെ സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ബലമായി നില്ക്കണം.
ജനങ്ങളും സംസ്ക്കാരവുമായി സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ ‘ഏഷ്യയിലെ സഭ’ Ecclesia Asiae പ്രബോധനം സൂചിപ്പിക്കുന്നതുപോലെ അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുവേണം ലക്ഷൃത്തലേയ്ക്ക് മുന്നേറാന്‍. പ്രധാനമായും നമ്മുടെ തനിമ, അതായത് ക്രിസ്തുവിലുള്ള തിനിമ എപ്പോഴും നിലനിര്‍ത്തുക. മറ്റൊരു കാര്യം, സത്യസന്ധമായ സംവാദം പലപ്പോഴും നടക്കുന്നില്ല എന്നതാണ്. കാരണം നമ്മള്‍ ഹൃദയവും മനസ്സും തുറക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്. ഓരോ സംവാദവും വിജയിക്കണമെങ്കില്‍ സത്യസന്ധമായ താദാത്മ്യഭാവവും തുറവും ആവശ്യമാണ്. അതുപോലെതന്നെ, നമ്മുടെ വിശ്വാസ തനിമയെക്കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടും അത് പങ്കുവയ്ക്കുവാനുള്ള കഴിവും
ഈ താദാത്മ്യഭാവത്തിന്‍റെയും തുറവിന്‍റെയും ഭാഗമായിരിക്കണം.

നാം ആരാണെന്ന വ്യക്തമായ ധാരണയും അറിവും ഉണ്ടായിരിക്കണം. അതുപോലെ ദൈവം എന്താണ് നമുക്കുവേണ്ടി ചെയ്തിരിക്കുന്നതെന്നും അറിഞ്ഞിരിക്കണം. നമ്മുടെ ആശയവിനിമയവും, സുവിശേഷ സംവാദവും ഏകപക്ഷീയമായിപ്പോകരുത്. തുറവുള്ള ഹൃദയവും മനസ്സും ഉണ്ടായാല്‍ മാത്രമേ അന്യമതസ്ഥരായ വ്യക്തികളെയും അവരുടെ സംസ്ക്കാരത്തെയും ഉള്‍ക്കൊള്ളാന്‍ നമുക്കു സാധിക്കുകയുള്ളൂ.

നമ്മുടെ വിശ്വാസത്തനിമ പങ്കുവയ്ക്കുവാനും, നമുക്കു കിട്ടിയ നന്മയുടെ സുവിശേഷം പ്രഘോഷിക്കപ്പെടുവാനും സാധിക്കാതെ പോകുന്നത് നമ്മുടെ കുറവുകള്‍കൊണ്ടാണ്. ലോകത്തിന്‍റെ അരൂപിക്ക് കീഴ്പ്പെടാന്‍ നാം എല്ലാവരും പ്രലോഭിപ്പിക്കപ്പെടുന്നുണ്ട്. അത് ഇന്ന് വിവിധ തരത്തില്‍ നമുക്കു ചുറ്റും പ്രകടമാകുന്നുമുണ്ട്.

1. വഴിതെറ്റിക്കുന്ന ആപേക്ഷികതാവാദത്തെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണം.
അത് നാം ജീവിക്കേണ്ട സത്യത്തിന്‍റെ പ്രഭ നശിപ്പിക്കുന്നു. നിന്നിടത്തെ മണ്ണ് ഇളക്കുന്ന പ്രവൃത്തിയാണത്. കട ഇളകി നാം പിഴുതു വീഴാന്‍ അത് ഇടയാക്കും. നിരാശയിലേയ്ക്കും, സംശയത്തിലേയ്ക്കും അത് നമ്മെ വീഴ്ത്തും. കാലഘട്ടത്തിന്‍റേതായ അപേക്ഷികവാതത്തിന്‍റെ പ്രലോഭനം ക്രൈസ്തവ ലോകത്തെയും ഇന്ന് ബാധിക്കുന്നുണ്ട്. നേതൃത്വത്തിലുള്ളവര്‍ ഇക്കാര്യം മറക്കരുത്. ബാഹ്യമായ എന്തെല്ലാം മാറ്റങ്ങള്‍ക്കു വിധേയമായാലും ആത്യന്തികമായി നമ്മുടെ അടിസ്ഥാനം ക്രിസ്തുവാണെന്ന് ഓര്‍ക്കുക. ‘അവിടുന്ന് ഇന്നലെയും ഇന്നും എന്നും ഒരാള്‍തന്നെ’ (ഹെബ്ര.13, 18). ഇവിടെ ആപേക്ഷികവാദത്തെക്കുറിച്ച് പറയുവാന്‍ ഉദ്ദേശിക്കുകയല്ല മറിച്ച്, അതു നമ്മെ അഗോചരമായി സ്വാധീനിക്കുന്നുണ്ടെന്നും, ക്രൈസ്തവജീവിത തനിമയ്ക്ക് മങ്ങല്‍ ഏല്പിക്കുന്നുവെന്നും ഓര്‍മ്മിപ്പിക്കുകയാണ്.

രണ്ടാമതായി, ക്രൈസ്തവജീവിതവും അതിന്‍റെ തനിമയും ഉപരപ്ലവമാണെന്ന് പറഞ്ഞ്
ലോകം നമ്മെ വെല്ലുവിളിക്കുന്നുണ്ട്. ഫാഷന്‍റെ പുറകേ പോകാനുള്ള വാസന, അത്യാധുകതയിലേയ്ക്കുള്ള വ്യഗ്രത, നവസാങ്കേതികതയുടെ പേരില്‍ തിളങ്ങുന്നതും വലുതെന്നു തോന്നവരുടെയും തോന്നുന്നതിന്‍റെയും പിറകെപോകുന്ന രീതി, എന്നിവ ഉദാത്തമായ ജീവിതശൈലിയെ തകിടം മറിക്കുകയും, സ്നേഹമുള്ള ജീവിത രീതിയില്‍ മാറ്റവും, നല്ലതു തിരഞ്ഞെടുക്കുവാനുള്ള കഴിവുകളില്‍ കുറവും വരുത്തിവയ്ക്കുന്നു. ഇത് നവമായ അജപാലന പ്രശ്നങ്ങള്‍ വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. അതിനാല്‍ സഭയുടെ കാര്യനിര്‍വ്വഹണക്കാര്‍, ഉത്തരവാദിത്വപ്പെട്ടവര്‍ ഈ ഉപരിപ്ലവാത്മകത തെളിച്ചു കാണിക്കുവാന്‍ പര്യാപ്തമായ അജപാലനരീതികളും തത്വങ്ങളും ആവിഷ്ക്കരിച്ചുകൊണ്ട് വിശ്വാസികളെ നയിക്കുകയും ലക്ഷൃത്തില്‍ എത്തിച്ചേരുവാനും, ഫലം പുറപ്പെടുവിക്കുവാനും സഹായിക്കേണ്ടതാണ്.

യുവജനങ്ങള്‍ക്ക് നിയതമായ മതബോധനവും ആദ്ധ്യാത്മികതയില്‍ അനുസ്യൂതം വളരുവാനുള്ള സാദ്ധ്യതകളും സഹായവും നല്കണം. ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ട ജീവിതമല്ലെങ്കില്‍ നമ്മുടെ ജീവിതങ്ങള്‍ ക്രമേണ നാശത്തിലേയ്ക്ക് നയിക്കപ്പെടും. വിശുദ്ധിയുടെ പരിശീലനം മുറപ്രകാരമുള്ളതു മാത്രമായി ചുരുങ്ങുകയും, അല്ലെങ്കില്‍ മെല്ലെ തിരസ്ക്കരണമായി പരിണമിക്കുകയും ചെയ്യും.

മൂന്നാമത്തെ പ്രലോഭനം, താല്ക്കാലിക രക്ഷയ്ക്കുവേണ്ടി എളുപ്പമുള്ളതു ചെയ്യുന്ന പ്രവണതയാണ്. എളുപ്പമുള്ള ഉത്തരങ്ങള്‍ നല്കി മറഞ്ഞിരിക്കുക. നിയമങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും മുറുകെപ്പിടിച്ച് ജീവിക്കുക. വിശ്വാസം അതിന്‍റെ സ്വഭാവത്താലെ നിയമത്തില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതല്ല. അതില്‍നിന്നും പുറത്തേയ്ക്ക് കടക്കുന്നതും, സാക്ഷൃപ്പെടുത്തുന്നതും, പ്രഘോഷിക്കുന്നതുമാണ്. വിശ്വാസമാണ് നമുക്ക് ലക്ഷൃവും ജീവിതദൗത്യവും നല്കുന്നത്. ഈ രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ വിശ്വാസം നമ്മെ ശക്തിപ്പെടുത്തുകയും വിനീതമായ പ്രത്യാശയ്ക്കും സ്നേഹത്തിനും സാക്ഷൃംവഹിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പത്രോശ്ലീഹാ ഉദ്ബോധിപ്പിക്കുന്നതുപോലെ, ‘ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന എല്ലാവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍.’(1 പീറ്റര്‍ 3, 15). ക്രിസ്തുശിഷ്യനായിരിക്കുക, ക്രിസ്ത്യാനി എന്ന നമ്മുടെ തനിമ പ്രഥമവും പ്രധാനമായും ദൈവത്തെ ആരാധിക്കുകുയം പരസ്പരം സ്നേഹിക്കുകയും ചെയ്യുക എന്നതാണ് (2തിമോ. 1, 2). ഇവ സഹിക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നില്ല എന്തെന്നാല്‍ ആരിലാണ് ഞാന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് എന്ന് എനിക്കറിയാം. എന്നെ ഭരമേല്പിച്ചിരിക്കുന്നവയെല്ലാം ആ ദിവസംവരെയും ഭദ്രമായി കാത്തുസൂക്ഷിക്കുവാന്‍ കഴിയുമെന്നും എനിക്കു പൂര്‍ണ്ണബോധ്യമുണ്ട്.’

ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ജീവിച്ചുകൊണ്ട് നമ്മുടെ വിശ്വാസ തനിമയെ ഉറപ്പിക്കാം. അത് തുറവുള്ള സംവാദത്തിലൂടെയും, ആത്മാര്‍ത്ഥമായ പങ്കുവയ്ക്കലിലൂടെയുമാവട്ടെ.... ക്രിസ്തുവാണ് നമ്മുടെ ജീവന്‍... നാം അവിടുത്തെപ്പറ്റിയും അവിടുത്തേയ്ക്കുവേണ്ടിയുമാണ്. ‘എനിക്കു ജീവിതം ക്രിസ്തുവും മരണം അവിടുന്നിലുള്ള നേട്ടവുമാണ്.’ (ഫിലി. 1, 21).

Translation : sr. Mercylit fcc







All the contents on this site are copyrighted ©.