2014-08-16 18:55:00

സന്ന്യസ്തര്‍ ദൈവിക കാരുണ്യത്തിന്‍റെ
പാതയില്‍ ചരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്


16 ആഗസ്റ്റ് 2014, കൊറിയ
കൊറിയയില്‍ പാപ്പാ ഫ്രാന്‍സിസ് സന്ന്യസ്തരുടെ കൂട്ടായ്മയ്ക്കു നല്കിയ സന്ദേശത്തില്‍നിന്ന് :

വ്യത്യസ്തങ്ങളായ കാരിസവും അല്ലെങ്കില്‍ സിദ്ധികളും, പ്രേഷിത പ്രവര്‍ത്തനങ്ങളുംവഴി നിങ്ങള്‍ കൊറിയന്‍ സഭയെ സമ്പന്നമാക്കുന്നു. അത്ഭുതകരമായ ഈ കൂട്ടായ്മയില്‍ ദൈവത്തിന്‍റെ അനന്തമായ നന്മയെ, ദൈവിക കരുണയെയാണ് നാം സ്തുതിക്കേണ്ടത്. ഈ രാജ്യത്ത് ദൈവരാജ്യം സ്ഥാപിക്കുവാനും വളര്‍ത്തുവാനുമുള്ള നിങ്ങളുടെ ശ്രമങ്ങളെ സ്നേഹത്തോടെ ശ്ലാഘിക്കുന്നു. ...

‘എന്‍റെ ശരീരവും മനസ്സും ക്ഷീണിച്ചു പോയേക്കാം, എന്നാല്‍ ദൈവമാണ് എന്‍റെ ബലം. അവിടുന്നാണ് എന്നന്നേയ്ക്കുമുള്ള എന്‍റെ ഓഹരി’ (സങ്കീ. 73, 26). ജീവിതത്തിന്‍റെ എല്ലാ നിമിഷങ്ങളിലും പ്രത്യേകിച്ച് ബുദ്ധിമുട്ടുകളിലും പ്രയാസങ്ങളിലും ദൈവികമായ ആനന്ദം അനുഭവിക്കുവാന്‍ സാധിക്കണം. ദൈവവിളിയുടെ സത്ത എന്നു പറയുന്നത് ഈ ആനന്ദമാണ്. നിങ്ങളുടെ ജീവിതം ദൈവരാജ്യത്തിന്‍റെ ഏറ്റവും നല്ല അടയാളമാണ്. നിങ്ങളുടെ ഈ ഭൂമിയിലെ ജീവിതം ക്രിസ്തുസാക്ഷൃമാണ്. ഈ സാക്ഷൃം കൊണ്ടാണ് നാം ജനങ്ങളെ ക്രിസ്തുവിനായി നേടേണ്ടത്.

ക്രിസ്തുവിലൂടെ കുരിശില്‍ വെളിവാക്കപ്പെട്ട ദൈവത്തിന്‍റെ കാരുണ്യം നിറഞ്ഞ സ്നേഹത്തില്‍ വേരുറപ്പിക്കപ്പെട്ടതായിരിക്കണം സമര്‍പ്പിതരായ സ്ത്രീ പുരുഷനമാരായ നിങ്ങളുടെ ആനന്ദം. നിങ്ങളുടെ സന്ന്യാസസമൂഹത്തിന്‍റെ സിദ്ധി ധ്യാനാത്മക ജീവിതത്തിലൂടെ സ്വാംശീകരിച്ച് പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെ പങ്കുവെച്ച് സമൂഹത്തില്‍ ജീവിക്കുക എന്നത് വെല്ലുവിളിതന്നെയാണ്.

അനുഭവത്തില്‍നിന്നും ഞാന്‍ പറയുന്നു, സമൂഹജീവിതം എല്ലായ്പ്പോഴും അത്ര എളുപ്പമല്ല, അത് ദൈവപരിപാലനയില്‍ ആശ്രിയിച്ചുള്ള ജീവിതമാണത്. മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും രൂപീകരണത്തിലൂടെ സംലഭ്യമാകുന്നതും, ഇത് മാനുഷികതയുടെ സ്വാഭാവിക തലം കടന്നുള്ളതുമാണ്. അവിടെ സംഘട്ടനം പ്രതീക്ഷിക്കാം, തെറ്റിദ്ധാരണകള്‍ ഉയര്‍ന്നുവരാം. ഇവയ്ക്കെല്ലാമുപരി ജീവിക്കുന്ന സമൂഹത്തില്‍ നമ്മള്‍ കാരുണ്യം, ക്ഷമ, ഉപവി എന്നിവയില്‍ വളരുവാനും പരിശ്രമിക്കണം. ഇത് വലിയ വെല്ലുവിളിയാണ്..... ‘നിങ്ങള്‍ എന്താകുന്നുവോ, എന്തു ചെയ്യുന്നുവോ, അത് ദൈവത്തിന്‍റെ കാരുണ്യത്താലാണ്.’ ദൈവത്തിന്‍റെ കാരുണ്യം സ്വന്തമാക്കുന്നത് പ്രാര്‍ത്ഥനയിലൂടെയും സമൂഹജീവിതത്തിലൂടെയുമാണ്. ദൈവികകാരുണ്യത്തിന്‍റെ പാതയില്‍ എന്നും ഉറച്ചുനിന്നുകൊണ്ട് നിങ്ങളുടെ സമര്‍പ്പണം, ദാരിദ്ര്യം ബ്രഹ്മചര്യം, അനുസരണം എന്നിവയുടെ വിശ്വസ്ത ജീവിതത്തിലൂടെ സുവിശേഷാനന്ദം പങ്കുവയ്ക്കാം, പ്രഘോഷിക്കാം.....








All the contents on this site are copyrighted ©.