2014-08-16 19:57:26

വിശ്വാസത്തിന്‍റെ ഫലദായകത്വം
സാഹോദര്യത്തില്‍ പ്രതിഫലിക്കണം


16 ആഗസ്റ്റ് 2014, കൊറിയ
കൊറിയന്‍ ക്രൈസ്തവര്‍ വിശ്വാസസാക്ഷൃം വരിച്ചത് തങ്ങളുടെ സഹനവും മരണവും കൊണ്ടു മാത്രമല്ല, സ്നേഹത്തിന്‍റെ ഐക്യവും കൂട്ടായ്മയും ജീവിച്ചുകൊണ്ടാണ്. ക്രൈസ്തവ സമര്‍പ്പണത്തിന്‍റെ നിധിയാണ് സാഹോദര്യത്തിന്‍റെ കൂട്ടായ്മ. ഈ നിധി വിശ്വാസം, സ്നേഹം സേവനം എന്നിവയിലൂടെ ക്രൈസ്തവര്‍ സൂക്ഷിക്കേണ്ടതും, സംരക്ഷിക്കേണ്ടതുമാണ്.

സുവിശേഷത്തിന്‍റെ ആന്തരിക ശക്തിയാണ് മനുഷ്യഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നത്.
മാമോദീസാ സ്വീകരിച്ച എല്ലാവരുടെയും ദൗത്യമാണ് ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നത്.
നിങ്ങള്‍ക്ക് ദൈവദത്തമായി ലഭിച്ചിരിക്കുന്ന ദാനങ്ങള്‍ വ്യത്യസ്തമായിരിക്കാം, എന്നിരുന്നാലും അവ നിങ്ങളുടെ അനുദിനജീവിത മേഖലകളിലും, പ്രേഷിത പ്രവര്‍ത്തനങ്ങളിലും ഉപയോഗിക്കാനും പങ്കുവയ്ക്കുവാനും സാധിക്കട്ടെ.

വരുവാനിരിക്കുന്ന ദൈവരാജ്യം ലക്ഷൃമാക്കിയുള്ള ഈ പ്രവര്‍ത്തനത്തില്‍ പരിശുദ്ധാത്മാവാണ് നമ്മെ സഹായിക്കുന്നത്. കൊറിയിലെ പുരാതന ക്രൈസ്തവര്‍ അവരുടെ വിശ്വാസത്തിന്‍റെ ഫലദായകത്വം പ്രതിഫലിപ്പിച്ചിരുന്നത് സഹോദരങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയിലും ഐക്യത്തിലുമായിരുന്നു. സംസ്ക്കാരമോ സാമൂഹ്യനിലവാരമോ നോക്കാതെ അവര്‍ പരസ്പരം സഹായിച്ചിരുന്നു. എന്തെന്നാല്‍ ക്രിസ്തുവില്‍ എല്ലാവരും തുല്യരാണ്. അവിടെ യഹൂദനെന്നോ, ഗ്രീക്കുകാരനെന്നോ ഉള്ള വ്യത്യാസമില്ല (ഗലേ. 3, 28).

സമൂഹത്തില്‍ ക്രിസ്തീയ കുടുംബങ്ങളുടെ ഭാഗധേയത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ അല്‍മായരെ പ്രത്യേകം ഉദ്ബോധിപ്പിച്ചു. മാനുഷികവും ആത്മീയവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ ക്രിസ്തീയ കുടുംബങ്ങളില്‍നിന്ന് കുഞ്ഞുങ്ങളും യുവാക്കളും അഭ്യസിക്കുവാന്‍ ഇടയാക്കണമെന്നും, പ്രഭാഷണത്തില്‍ പാപ്പാ എടുത്തുപറഞ്ഞു.
ക്രിസ്തുവിന്‍റെയും അവിടുത്തെ അമ്മയായ കന്യാനാഥയുടെ മാദ്ധ്യസ്ഥ്യവും സാന്നിദ്ധ്യവും അവരുടെ എല്ലാ ഉദ്യമങ്ങളിലും, കുടുംബങ്ങളിലും ഉണ്ടാവട്ടെ, മാര്‍ഗ്ഗദീപമാവട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.