2014-08-14 18:23:29

അനുരഞ്ജനമാണ് സമാധാനത്തിന്‍റെ മാര്‍ഗ്ഗം
അവിഭക്ത കൊറിയ സ്വപ്നംകാണുന്ന
പാപ്പാ ഫ്രാന്‍സിസ്


14 ആഗസ്റ്റ് 2014, സോള്‍
ആഗസ്റ്റ് 14- തിയതി കൊറിയയുടം തലസ്ഥാന നഗരമായ സോളിലെ പ്രസിഡന്‍റിന്‍റെ മന്ദിരത്തില്‍ നല്കിയ ഔദ്യോഗിക സ്വീകരണച്ചടങ്ങില്‍ പാപ്പാ നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗം.
അനുരഞ്ജനമാണ് സമാധാനത്തിനുള്ള വഴി. നമ്മുടെ മുഴുവന്‍ കഴിവുകളും, സാങ്കേതികവും, ഭൗതികവും, സാമ്പത്തികവുമായ എല്ലാ കഴിവുകളും നേട്ടങ്ങളും അതിലേയ്ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് കൊറിയന്‍ മണ്ണില്‍ ശാന്തിയും സമാധാനവും വളര്‍ത്തേണ്ടത്. എല്ലാവര്‍ക്കും അവകാശപ്പെട്ടത് നല്കാന്‍ സാധിച്ചെങ്കിലേ സമാധാനം സംലബ്ധമാവുകയുള്ളൂ. ജനഹൃദയങ്ങളില്‍നിന്നും പകയുടെയും വിദ്വേഷത്തിന്‍റെയും മതിലുകള്‍ മാറ്റിയെങ്കിലേ അവിടെ അനുരഞ്ജനത്തിന്‍റെയും ഐക്യത്തിന്‍റെയും സംസ്ക്കാരം നമുക്കു വളര്‍ത്താനാവുകയുള്ളൂ. തുറവുള്ള സംവാദത്തിന്‍റെ പാതിയിലൂടെ അനുരഞ്ജനം സാദ്ധ്യമാണെന്ന ബോധ്യം അനിവാര്യമാണ്. ഫലശൂന്യമായ വിമര്‍ശനങ്ങളും വിവാദങ്ങളും ഒഴിവാക്കേണ്ടതാണ്.

യുദ്ധമില്ലാത്ത അവസ്ഥയല്ല സമാധാനം. നീതി സംജാതമാകുമ്പോഴാണ് സമാധാനം വളരന്നത്. നീതി ക്ഷമയില്‍ അധിഷ്ഠിതമാണ്. അനീതിയുടേയും അധര്‍മ്മത്തിന്‍റെ ചരിത്രത്തിലെ അനുഭവങ്ങള്‍ മറക്കുവാനും പൊറുക്കുവാനും, സഹാനുഭാവം പുലര്‍ത്തുവാനും നമുക്കു സാധിക്കണം. എങ്കില്‍ മാത്രമേ, ലക്ഷൃംവയ്ക്കുന്ന സന്തോഷവും സമാധാനവും രാഷ്ട്രത്തിന് നേടിയെടുക്കാനാവൂ. പരസ്പര ബഹുമാനവും, അപരനെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനുമുള്ള കഴിവും അനുരഞ്ജനത്തിനുള്ള ഉപകരങ്ങളും, അവസാനം സമാധാനത്തിനുള്ള മാര്‍ഗ്ഗവുമാണ്. സമാധാനത്തിന്‍റെ പ്രായോക്താക്കളാകുക എന്നത് ഓരോ പൗരന്‍റെയും കടമയും ജീവിതദൗത്യവുമായിരിക്കട്ടെ. സമാധാനം വളര്‍ത്താനുള്ള നിരന്തരമായ പരിശ്രമവും, ജീവിതസമര്‍പ്പണവും,
ഒപ്പം പ്രാര്‍ത്ഥനയും ലക്ഷൃപ്രാപ്തിക്ക് ഇടയാക്കും.

പ്രിയ രാഷ്ട്രപ്രതിനിധികളേ, നിങ്ങളുടെ കഴിവുകളും ശക്തിയും നന്മയും സമാധാനപൂര്‍ണ്ണമായ സംയുക്ത കൊറിയ രാഷ്ട്രത്തിനായി സമര്‍പ്പിതമാവട്ടെ. ആഗോളവത്ക്കരണം അനുദിനം വര്‍ദ്ധിച്ചു വരികയാണ്, ആഗോളസമൂഹം വളരുകയാണ്. നമ്മുടെ അറിവും കഴിവും വികസനപ്രവര്‍ത്തനങ്ങളും ഭൗതികം മാത്രമാകരുത്, അത് മാനുഷികവുമായിരിക്കണം. അതിനായി സമൂഹത്തിലെ എല്ലാവരുടെയും, എല്ലാത്തരം ജനങ്ങളുടെയും ശബ്ദത്തിന് അധികാരികള്‍ കാതോര്‍ക്കേണ്ടതാണ്. തുറവുള്ള മനസ്സും, അതിനുതകുന്ന സംവേദനശേഷിയും ജനനേതാക്കളും ഉത്തരവാദിത്വപ്പെട്ടവരും വളര്‍ത്തിയെടുക്കേണ്ടതാണ്. ഈ നാട്ടിലെ, മാത്രമല്ല, ലോകത്തുള്ള പാവങ്ങളായവരോട് കരുതലും കാവലുമുള്ളവരാകുക എന്നത് രാഷ്ട്രനിര്‍മ്മിതിയിലും, സമാധാനാന്തരീക്ഷത്തിന്‍റെ വളര്‍ച്ചയിലും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പാവങ്ങള്‍ സാമൂഹികമായി പിന്നോക്കമാണെങ്കിലും അവരുടെ മനുഷ്യന്തസ്സ് മാനിക്കപ്പെടണം.... അവരുടെ അവകാശങ്ങള്‍ പരിഗണിക്കപ്പെടണം. അവരുടെ മാനുഷികവും ഭൗതികവുമായി വളര്‍ച്ചയ്ക്കൊപ്പം അവരുടെ ആത്മീയ ഉയര്‍ച്ചയും പരിഗണിക്കേണ്ടതാണ്.......

കൊറിയയുടെ ഭാവി നന്മ, ആത്മീയതയുള്ള ഇവിടത്തെ ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്, എന്ന് തന്‍റെ മുന്‍ഗാമി, 1999-ല്‍ കൊറിയ സന്ദര്‍ശിച്ച വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകള്‍ പാപ്പാ ഫ്രാന്‍സിസ് ഉദ്ധരിച്ചുകൊണ്ടാണ് തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

Translated : sr. Mercylit fcc







All the contents on this site are copyrighted ©.