2014-08-13 19:53:52

പാപ്പാ ഫ്രാന്‍സിസ്
കൊറിയയിലേയ്ക്ക് പുറപ്പെട്ടു


13 ആഗസ്റ്റ് 2014, വത്തിക്കാന്‍
ആഗസ്റ്റ് 13-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകന്നേരം 4 മണിക്ക് പാപ്പാ ഫ്രാന്‍സിസ് ഏഷ്യയിലേയ്ക്കുള്ള തന്‍റെ പ്രഥമ അപ്പസ്തോലിക യാത്രയും മൂന്നാമത്തെ അന്തര്‍ദേശിയ പ്രേഷിതപര്യടനവും ആരംഭിച്ചു. റോമിലെ ഫുമിച്ചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നും അല്‍ ഇത്താലിയ ബോയിങ് എ 330 പ്രത്യേക വിമാനത്തിലാണ് പാപ്പായും സംഘവും യാത്രപുറപ്പെട്ടത്. പതിനൊന്നര മണിക്കൂര്‍ സമയം ദൈര്‍ഘ്യമുള്ള യാത്രയ്ക്കുശേഷം ദക്ഷിണകൊറിയയിലെ സിയോള്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ അവിടത്തെ സമയം രാവിലെ 10.30-ന് പാപ്പാ വിമാനമിറങ്ങും.

അഞ്ചു ദിവസം നീണ്ടുനില്ക്കുന്ന കൊറിയ സന്ദര്‍ശനത്തില്‍ ആറാമത് ഏഷ്യന്‍ യുവജനസമ്മേളനം, സിയോളിലെ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിമദ്ധ്യേയുള്ള കൊറിയന്‍ രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം, രാഷ്ട്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, സമാപനദിനത്തില്‍ വടക്ക് തെക്ക് കൊറിയകളുടെ അനരഞ്ജനത്തിനായുള്ള സമൂഹബലിയര്‍പ്പണം എന്നിങ്ങനെയുള്ള പരിപാടികളില്‍ പങ്കെടുക്കും.
ആഗസ്റ്റ് 18-ാം തിയതി ഞായറാഴ്ചയാണ് പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ സമാപനദിനം.
ഇറ്റലിയിലെ സമയം അന്നു വൈകുന്നേരം 6.30-ന് പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.

കൊറിയയിലേയ്ക്കുള്ള അപ്പസ്തേലിക യാത്രയില്‍ പ്രാര്‍ത്ഥനയോടെ തന്നെ അനുഗമിക്കണമെന്ന്
യാത്രപുറപ്പെടും മുന്‍പ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തില്‍ പാപ്പാ അഭ്യര്‍ത്ഥിച്ചിരുന്നു. കൊറിയ സന്ദര്‍ശനത്തിന്‍റെ വിജയത്തിനുവേണ്ടിയും, ഏഷ്യയിലെ ജനങ്ങള്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.
As I begin my trip, I ask you to join me in praying for Korea and for all of Asia.

പാപ്പായ്ക്ക് ശുഭയാത്ര നേരുന്നു!









All the contents on this site are copyrighted ©.