2014-08-12 10:30:10

ഇറാക്കി ക്രൈസ്തവരുടെ
സാക്ഷൃമേകുന്ന വിശ്വാസം


12 ആഗസ്റ്റ് 2014, ബാഗ്ദാദ്
ഇറാക്കി ക്രൈസ്തവരുടെ ധീരമായ വിശ്വാസം പ്രശംസനീയമാണെന്ന് അവിടത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ലിംഗ്വാ ചൂണ്ടിക്കാട്ടി. വിശ്വാസം സംരക്ഷിക്കുവാന്‍ മരണമോ മൗലികവാദികളുടെ ഭീഷണിയേയോ ഭയപ്പെടാത്ത ഇറാക്കി ക്രൈസ്തവരുടെ ധീരതയെയാണ് ആഗസ്റ്റ് 10-ാം തിയതി വത്തിക്കാന്‍ റേഡിയോയുമായി നടത്തിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് ലിംഗ്വാ പ്രശംസിച്ചത്.

ഇസ്ലാംമതം സ്വീകരിക്കുകയാണെങ്കില്‍ വിമതരുടെ കൈകളില്‍ രക്ഷപ്രാപിക്കാമായിരുന്ന ക്രൈസ്തവര്‍, വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിക്കുകയും, ധീരതയോടെ ഉടുതുണിയുമായി നാടും വീടും വിട്ട് ഇറങ്ങിപ്പോവുകയാണ് ചെയ്തതെന്നും ബാഗ്ദാദില്‍ വസിക്കുന്ന ആര്‍ച്ചുബിഷപ്പ് ലിംഗ്വാ പ്രസ്താവിച്ചു.

ഇസ്ലാമിക കാലിഫേറ്റ് രൂപീകരിക്കുവാനുള്ള ജീഹാദികളുടെ ശ്രമങ്ങള്‍ മനുഷ്യാവകാശത്തിന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും അടിസ്ഥാന അവകാശങ്ങളുടെയും ധ്വംസനമാണെന്ന് ആര്‍ച്ചുബിഷപ്പ് ലിംഗ്വാ സമര്‍ത്ഥിച്ചു.
കൂട്ടക്കുരുതിയുടെയും നാടുകടത്തലിന്‍റെയും ക്രൂരമായ പ്രക്രിയയില്‍ കൊടുംപട്ടിണിയും ജലക്ഷാമവും മൂലം വഴിയോരത്ത് തളര്‍ന്നുവീഴുകയും മരിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെയും വയോധികരുടെയും കാഴ്ച അതിദാരുണമാണെന്നും ആര്‍ച്ചുബിഷപ്പ് ലിംഗ്വാ സാക്ഷൃപ്പെടുത്തി. മൊസൂള്‍, ക്വരഗോഷ്, നിനീവേ പ്രദേശങ്ങളില്‍നിന്നും മരുപ്രദേശത്തൂടെ ഏബ്രിലിലേയ്ക്കുള്ള പലായനം ഏറെ ദുര്‍ഘടമാണെന്നും ആര്‍ച്ചുബിഷപ്പ് ലിംഗ്വാ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ അമേരിക്കന്‍ സേന ഇസ്ലാം സുന്നി വിമതര്‍ക്കെതിരെ വ്യോമാക്രമണം തുടങ്ങിയതും, പലായനംചെയ്യുന്ന ജനങ്ങള്‍ക്ക് അത്യാവശ്യം ജലവും ഭക്ഷണസാധനങ്ങളും വിതരണംചെയ്തതും അവിടത്തെ കലുഷിതമായ അന്തരീക്ഷത്തില്‍ പ്രത്യാശയുടെ കിരണമാണെന്ന് ആര്‍ച്ചുബിഷ്പ്പ് ലിംഗ്വാ ടെലിഫോണ്‍ അഭിമുഖത്തില്‍ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.








All the contents on this site are copyrighted ©.