2014-08-12 09:31:51

അനുരഞ്ജന ശ്രമവുമായി
പാപ്പായുടെ പ്രതിനിധി ഇറാക്കില്‍


12 ആഗസ്റ്റ് 2014, വത്തിക്കാന്‍
അനുരഞ്ജന സന്ദേശവുമായി തന്‍റെ പ്രത്യേക പ്രതിനിധിയെ പാപ്പാ ഫ്രാന്‍സിസ് ഇറാക്കിലേയ്ക്ക് അയച്ചു. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണിയെയാണ് ആഗസ്റ്റ് 11-ാം തിയതി തിങ്കളാഴ്ച പാപ്പാ ഇറാക്കിലേയ്ക്ക് തന്‍റെ പ്രത്യേക സമാധാനദൂതനായി അയച്ചത്.
ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കെതിരെ ഇറാക്കില്‍ നടക്കുന്ന ദാരുണമായ പീഡന സംഭവങ്ങളില്‍ താന്‍ അതീവദുഃഖിതനാണെന്ന് യാത്രയ്ക്കു മുന്‍പുള്ള കൂടിക്കാഴ്ചയില്‍ പാപ്പാ കര്‍ദ്ദിനാള്‍ ഫിലോണിയെ അറിയിച്ചു.
ഇറാക്കിലേയ്ക്ക് പുറപ്പെടും മുന്‍പ്, ഞായറാഴ്ച പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍വച്ച് പാപ്പായുമായി നടത്തിയ കൂടിക്കാഴ്ചയില്‍, അകാരണമായി പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവമക്കളുടെ പക്ഷത്തുള്ള തന്‍റെ സാന്ത്വനസാമീപ്യത്തിന്‍റെയും പിന്‍തുണയുടെയും പ്രതീകമായി പാപ്പാ ഫ്രാന്‍സിസ് അവിടത്തെ ജനങ്ങള്‍ക്കുള്ള സഹായധനം തന്നെ ഏല്പിച്ചതായും പ്രസ്താവനയിലൂടെ കര്‍ദ്ദിനാള്‍ ഫിലോണി അറിയിച്ചു.


പീഡിതരായ ക്രൈസ്തവരെ പിന്‍തുണയ്ക്കുകയാണ് തന്‍റെ ദൗത്യമെന്ന്, കര്‍ദ്ദിനാള്‍ ഫിലോണി പ്രസ്താവിച്ചു.
തിങ്കളാഴ്ച രാവിലെ റോമില്‍നിന്നും യാത്രപുറപ്പെടുന്നതിനു മുന്‍പ് വത്തിക്കാന്‍ ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രത്യേക പ്രതിനിധിയായി ഇറാക്കിലേയ്ക്കു പുറപ്പെട്ട, കര്‍‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി ഇങ്ങനെ പ്രസ്താവിച്ചത്. പാവങ്ങളോടും പരിത്യക്തരോടും പാപ്പാ ഫ്രാന്‍സിസിനുള്ള പ്രത്യേക വാത്സല്യത്തിന്‍റെ പ്രതീകമായിട്ടാണ് താന്‍ ഇറാക്കിലേയ്ക്ക് പുറപ്പെടുന്നതെന്നും, അവിടെ ഇസ്ലാമിക മത തീവ്രവാദികളുടെ കൈകളില്‍ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത ന്യൂനപക്ഷങ്ങളെ ധാര്‍മ്മികമായും മാനസികമായും ആദ്ധ്യാത്മികമായും തുണയ്ക്കുകയാണ് തന്‍റെ ലക്ഷൃമെന്നും വിശ്വാസപ്രഘോഷണ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ഫിലോണി അഭിമുഖത്തില്‍ വ്യക്തമാക്കി.

ന്യൂനപക്ഷവും ഭൂരിപക്ഷവും സൗഹൃദത്തില്‍ ജീവിച്ചിരുന്ന ഇറാക്കില്‍ വിമതര്‍ വിതച്ച സ്വാര്‍ത്ഥതയുടെ വിത്താണ് ഇന്ന് ആയിരങ്ങളുടെ നാടുകടത്തലിനും കൂട്ടക്കുരുതിക്കും കാരണമായതെന്ന് കര്‍ദ്ദിനാള്‍ ഫിലോണി കുറ്റപ്പെടുത്തി. ഇറാക്കിലെ സഭാസ്ഥാപനങ്ങള്‍ക്കും അവയുടെ അധികാരികള്‍ക്കും ഭാവിയെക്കുറിച്ചുള്ള പ്രത്യാശപകരുക, ഭാവിയില്‍ എങ്ങനെയെല്ലാം അവര്‍ക്ക് സഹായം കൃത്യമായി ലഭ്യമാക്കിക്കൊണ്ട് ഐക്യദാര്‍ഢ്യവും സമാധാനവും വളര്‍ത്താന്‍, പാപ്പാ ഫ്രാന്‍സിസിന്‍റെയും ആഗോളസഭയുടെയും നാമത്തില്‍, പരിശ്രമിക്കുകയാണ് തന്‍റെ ദൗത്യമെന്ന് കര്‍ദ്ദിനാള്‍ ഫിലോണി അഭിമുഖത്തില്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.