2014-08-10 19:32:43

കര്‍ദ്ദിനാള്‍ ഫിലോണി
ഇറാക്കിലെ പീഡിതഭൂമിയിലേയ്ക്കുള്ള
പാപ്പായുടെ പ്രത്യേക പ്രതിനിധി


10 ആഗസ്റ്റ് 2014, വത്തിക്കാന്‍
ഇറാക്കിലേയ്ക്ക് പാപ്പാ ഫ്രാ൯സിസ് തന്‍റെ പ്രത്യേക പ്രതിനിധിയെ അയച്ചു. വിശ്വാസപ്രഘോഷണ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാ൯ സംഘത്തിന്‍റെ തലവന്‍, കാര്‍ഡിനല്‍ ഫെര്‍ണാണ്ടോ ഫിലോണിയെയാണ് പാപ്പാ ഫ്രാ൯സിസസ് ഇറാക്കിലേയ്ക്ക് സമാധാനദൂതനും പ്രത്യേക പ്രതിനിധിയുമായി അയച്ചത്.
ഇറാക്കിലെ ജനങ്ങളോടുള്ള തന്‍റ‍െ ആത്മീയ ഐക്യം പ്രകടമാക്കിക്കൊണ്ടും അവിടത്തെ കലുഷിതമായ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തില്‍ വേദനിക്കുന്ന ജനങ്ങളോട്, വിശിഷ്യ ക്രൈസ്തവരോടുള്ള സഭയുടെ ഐക്യദാര്‍ഢ്യവും സ്നേഹസാമീപ്യവും വ്യക്തമാക്കിക്കൊണ്ടാണ് കാര്‍ഡിനല്‍ ഫിലോണിയെ ഇറാക്കിലേയ്ക്ക് അയയ്ക്കുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥന പ്രഭാഷണമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് ഇക്കാര്യം വീണ്ടും ജനങ്ങളെ അറിയിച്ചു. ആഗസ്റ്റ് 11-ാം തിങ്കളാഴ്ച കര്‍ദ്ദിനാള്‍ ഫിലോണി ഇറാക്കിലേയ്ക്ക് പുറപ്പെടുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഇറാക്കിന്‍റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം വളരെ നന്നായി അറിയുന്നതുകൊണ്ടാണ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി കര്‍ദ്ദിനാള്‍ ഫിലോണിയെത്തന്നെ തന്‍റെ സമാധാനദൂതനായി പാപ്പാ അയക്കുന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡിയും റോമില്‍ ആഗസ്റ്റ് 9-ാം തിയിത ഇറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചു.
മുന്‍ ഇറാക്കി പ്രസിഡന്‍റ് സദ്ദാംഹുസൈന്‍റെ ഭരണകാലത്ത് യുദ്ധത്തിന്‍റെയും പ്രതിസന്ധികളുടെയും നടുവില്‍ 6 വര്‍ഷത്തിലേറെ വത്തിക്കാന്‍റെ സ്ഥാനപതിയായി അവിടെ സേവനംചെയ്ത പരിചയസമ്പത്ത് കര്‍ദ്ദിനാള്‍ ഫിലോണിക്കുണ്ടെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പറഞ്ഞു.

ശനിയാഴ്ചത്തെ (ആഗസ്റ്റ് 9)-ന് അയച്ച) പാപ്പായുടെ ട്വിറ്റര്‍ സന്ദേശം വ്യക്തമാക്കുന്നതുപോലെ പ്രാര്‍ത്ഥനയിലൂടെയും നയതന്ത്രപരമായ ഇടപെടലിലൂടെയും ഇറാക്കില്‍ ഐക്യവും ഐക്യദാര്‍ഢ്യവും യാഥാര്‍ത്ഥ്യമാക്കാമെന്ന പ്രത്യാശയിലാണ് പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ ഫിലോണിയെ ഇറാക്കിലേയ്ക്ക് അയയ്ക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സേന ഇറാക്കില്‍ ഇറങ്ങിയതോടെ അന്ന് സദ്ദാംഭരണവുമായി നയതന്ത്രബന്ധമുള്ള എല്ലാ രാജ്യങ്ങളുടെയും നയതന്ത്രപ്രതിതനിധകള്‍ യുദ്ധംഭയന്ന് മടപ്പിപ്പോയപ്പോയിരുന്നു. എന്നാല്‍ വേദനിക്കുന്ന ജനങ്ങള്‍ക്കൊപ്പം സഭയുടെ മാതൃസാന്നിദ്ധ്യത്തിന്‍റെയും സാന്ത്വനത്തിന്‍റെയും പ്രതീകമായി അവിടെത്തന്നെ പതറാതെ താമസിച്ച ഏകയൂറോപ്യന്‍ ഡിപ്ലോമാറ്റ് കര്‍ദ്ദിനാള്‍ ഫിലോണിയായിരുന്നെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ നിരീക്ഷിച്ചു.









All the contents on this site are copyrighted ©.