2014-08-10 19:51:21

അലകളില്‍ അണയുന്ന
പ്രശാന്തതയുടെ ഗുരുസാന്നിദ്ധ്യം


RealAudioMP3
വിശുദ്ധ മത്തായി 8, 23-28
മലങ്കര റീത്തിലെ ആരാധനക്രമമനുസരിച്ച്

യേശു തോണിയില്‍ കയറിയപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തെ അനുഗമിച്ചു. കടലില്‍ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകള്‍ ഉയര്‍ന്നു. അവിടുന്നു ഉറങ്ങുകയായിരുന്നു. ശിഷ്യന്മാര്‍ അടുത്തുചെന്ന് അവിടുത്തെ വിളിച്ച് ഉണര്‍ത്തിയിട്ട് അപേക്ഷിച്ചു. കര്‍ത്താവേ, രക്ഷിക്കണമേ! ഞങ്ങള്‍ ഇതാ, നശിക്കുന്നു!! അവിടുന്ന് പറഞ്ഞു. അല്പ വിശ്വാസികളേ, നിങ്ങളെന്തിനും ഭയപ്പെടുന്നു? അവിടുന്ന് എഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു. വലിയ ശാന്തതയുണ്ടായി. അവര്‍ ആശ്ചര്യപ്പെട്ടു പറഞ്ഞു. ഇവന്‍ ആര്? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നുവല്ലോ.

വ്യക്തിജീവിതത്തില്‍ കടലിന്‍റെ അനുഭവങ്ങള്‍ ഭീതിദമാണ്. കുട്ടിക്കാലത്ത് കടലോരത്തു മണലില്‍ തീര്‍ത്ത കളിക്കോട്ടകള്‍ തിമാലകള്‍ നിര്‍ദാക്ഷിണ്യം തകര്‍ത്തിട്ടുണ്ട്. വെളുത്ത തിട്ടയില്‍ ചിത്രപ്പെടുത്തിയ ഭാവരചനകള്‍ വരച്ചുതീരുംമുമ്പേ കടലമ്മ മായിച്ചുകളഞ്ഞിട്ടുണ്ട്. പിന്നീട് വലുതായപ്പോള്‍ മിന്നംമിന്നം കടലില്‍ ഇറങ്ങിയതാണ്. അധികം ആഴമില്ലാത്തൊരിടത്ത് കളിച്ചുനിന്നതും വലിയൊരു തിരവന്ന് ആഞ്ഞടിച്ചു. ചവുട്ടിനിന്ന മണല്‍മറിച്ചു മാറ്റിയ തിര എന്നെയും വീഴ്ത്തി. പിന്നെ ആഴങ്ങളിലേയ്ക്കു വലിച്ചുകൊണ്ടു പോകുംമുമ്പേ വ്യഗ്രതപ്പെട്ട് തിരിച്ചുതുഴയുവാനും, തത്രപ്പെട്ടു കരകയറുവാനും എങ്ങനെയോ സാധിച്ചു.
വ്യക്തിജീവിതത്തില്‍ അതെനിക്ക് രക്ഷയുടെ അത്ഭുതമായിരുന്നു.

ഇന്നത്തെ സുവിശേഷ രംഗത്തേയ്ക്ക്, ഗലീലിയാതീരത്തേയ്ക്കെത്തി നോക്കുമ്പോള്‍, കോളില്‍പ്പെട്ട ശിഷ്യന്മാര്‍ നിലവിളിക്കുന്നു. “കര്‍ത്താവേ, ഞങ്ങളെ രക്ഷിക്കണമേ.” ക്രിസ്തു അവരുടെ അല്പവിശ്വാസത്തെ കുറ്റപ്പെടുത്തുന്നു. എങ്കിലും അവരുടെ പ്രാര്‍ത്ഥനയക്ക് ഉത്തരമായി ക്രിസ്തു കടലിനെ ശാന്തമാക്കുന്നു. അവര്‍ക്ക് രക്ഷ നല്കുന്നു. ശക്തി ദൈവത്തില്‍ വിശ്വസിക്കുന്നവന്‍റെ ശക്തിയാണ്. ജീവിത സാഗരത്തിലെ തിരമാലകള്‍ ആഞ്ഞടിക്കുമ്പോള്‍ പേടിച്ചരണ്ടുപോകുന്ന മനുഷ്യന്‍റെ മുറവിളി ഇന്നും ലോകത്തിന്‍റെ നാനാഭാഗത്തും മുഴങ്ങുന്നുണ്ട്.

സാധാരണയായി അത്ഭുതം എന്നു പയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, പ്രകൃത്യാതീതമായ ശക്തിയുടെ ഇടപെടല്‍മൂലം നടക്കുന്ന അസാധാരണമായ സംഭവം എന്നാണ്. എന്നാല്‍ ബൈബിളിന്‍റെ പശ്ചാത്തലത്തില്‍ അത്ഭുതങ്ങളെ കാണുന്നത് അല്പം വ്യത്യസ്തമായ രീതിയിലാണ്. ഒരുകാര്യം അത്ഭുതമാകാന്‍ അത് പ്രകൃതിനിയമങ്ങള്‍ക്കും ശാസ്ത്രീയ വിശകലനങ്ങള്‍ക്കും അതീതമായിരിക്കണമെന്നില്ല. പ്രകൃത്യായുള്ള സംഭവങ്ങളെന്നും പ്രകൃത്യാതീതമായ സംഭവങ്ങളെന്നുമുള്ള തരംതിരിവ് വിശുദ്ധ ഗ്രന്ഥകര്‍ത്താക്കള്‍ ഉദ്ദേശിക്കുന്നുമില്ല. ഒരു സംഭവത്തെ അത്ഭുതമായി കണക്കാക്കാന്‍ അത് വിസ്മയകരമായ ഒന്നായിരിക്കണമെന്നുമില്ല. ദൈവത്തിന്‍റെ ശക്തമായ സാന്നിദ്ധ്യത്തിന്‍റെ അടയാളമായി നിലകൊള്ളുന്ന എന്തും, അല്ലെങ്കില്‍ ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹത്തിന്‍റെ ദൃശ്യപ്രകടനമായി മാറുന്ന എന്തും, വിശുദ്ധഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം അത്ഭുതംതന്നെയാണ്.

അത്ഭുതം ദൈവികശക്തിയുടെ വലിയൊരു പ്രകടനം എന്നല്ല, സാധാരണ ഗതിയില്‍നിന്നും വ്യത്യസ്തമായ സംഭവം എന്നു മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ. വിശുദ്ധ അഗസ്റ്റിന്‍റെ അഭിപ്രായത്തില്‍, അത്ഭുതങ്ങള്‍ പ്രകൃതിനിയമങ്ങള്‍ക്ക് വിരുദ്ധമല്ല.
കാരണം, പ്രകൃതിയുടെ എല്ലാ നിയമങ്ങളും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. എല്ലാ നിയമങ്ങളും മനുഷ്യര്‍ അറിഞ്ഞിട്ടുമില്ല. വേണമെങ്കില്‍ അത്ഭുതങ്ങള്‍ എന്നത് മനുഷ്യര്‍ നാളിതുവരെ അറിഞ്ഞിട്ടുള്ള പ്രകൃതിനിയമങ്ങള്‍ക്കു എതിരാണെന്നു പറയാം. ഈ പശ്ചാത്തലത്തില്‍ ദൈവത്തിന്‍റെ പ്രവര്‍ത്തനമോ വെളിപാടോ ദൃശ്യമാക്കുന്ന സ്വാഭാവികമോ, അതിസ്വാഭാവികമോ ആയ സംഭവങ്ങളില്‍ വിശുദ്ധഗ്രന്ഥം അത്ഭുതം എന്നു വിളിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ക്ക് എല്ലാക്കാലത്തെയും ജനങ്ങള്‍ക്കുള്ള ആദ്ധ്യാത്മിക സന്ദേശമുണ്ടായിരിക്കും.

വളരെ കുറഞ്ഞ സമയംകൊണ്ട് പലസ്തീനായില്‍ ക്രിസ്തു പ്രശസ്തനാകുവാനും, വളരെ വലിയ ജനക്കൂട്ടം അവിടുത്തെ തേടിവരുവാനും കാരണമായത് അവിടുന്നു പ്രവര്‍ത്തിച്ച അത്ഭുതങ്ങളാണ്. വിശുദ്ധ യോഹന്നാന്‍ അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. ‘ക്രിസ്തു ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍,
ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെ വരുമെന്നാണ് എനിക്കു തോന്നുന്നത്. എന്നാല്‍ ഇവതന്നെ എഴുതപ്പെട്ടിരിക്കുന്നത്, അവിടുന്നു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വിസിക്കുന്നതിനും, അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്‍റെ നാമത്തില്‍ ജീവനുണ്ടാകുന്നതിനും വേണ്ടിയാണ്’ (21, 25 20 31).
ക്രിസ്തു കടലിനെ ശാന്തമാക്കുന്ന അത്ഭുതം സമാന്തരസുവിശേഷകന്മാര്‍ മൂന്നുപേരും രേഖപ്പെടുത്തിയിരിക്കുന്നു. (മത്തായി 8, 22-27), മാര്‍ക്കോസ് 4, 35-41 ലൂക്കാ 8, 22-25). രക്ഷകന്‍റെ വരവോടെ പിറവിയെടുത്ത നവയുഗത്തിന്‍റെ അടയാളങ്ങളാണ് അത്ഭുതങ്ങള്‍! സുവിശേഷത്തിലെ അത്ഭുതങ്ങള്‍ വെളിവാക്കുന്ന ക്രിസ്തുവിജ്ഞാനീയം ഇതാണ്. ഇത് സാക്ഷാത്ക്കരിക്കപ്പെടുന്നത് പ്രകൃതിയുടെയും പാപത്തിന്‍റെയും രോഗത്തിന്‍റെയും മരണത്തിന്‍റെയും തിന്മയുടെ ശക്തികളുടെയുംമേല്‍ ക്രിസ്തു വിജയംവരിച്ചുകൊണ്ടാണ്.
സൃഷ്ടിയുടെമേലുള്ള യേശുവിന്‍റെ അധികാരവും പ്രവൃത്തിയും, ഒപ്പം അവിടുത്തെ പാപരാഹിത്യവുമാണ് അവ വെളിപ്പെടുത്തുന്നത്. തന്‍റെ ശക്തി പ്രകടിപ്പിക്കുന്നതിനേക്കാള്‍, ദൈവത്തിങ്കലേയ്ക്ക് ജനങ്ങളെ നയിക്കുന്നതിനുവേണ്ടിയാണ് അവിടുന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്. ക്രിസ്തുവില്‍ സമാഗതമാകുന്ന ദൈവരാജ്യസ്ഥാപനത്തിന്‍റെ പ്രഖ്യാപനവും പ്രത്യക്ഷ അടയാളവുമാണ് അവിടുന്ന് ഈ ഭൂമിയില്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍.

ക്രിസ്തു ഇപ്പോഴും തിബേരിയൂസിന്‍റെ തീരത്ത് നില്പുണ്ട്. സുവിശേഷത്തിന്‍റെ ഒടുവില്‍ അങ്ങനെയൊരു ചിത്രമുണ്ട്. അതിന്‍റെ ആരംഭവും അവിടെത്തന്നെയാണ്. വിളക്കുമരംപോലെ, കടലില്‍പ്പെട്ടവര്‍ക്ക് പ്രകാശം നല്കുക മാത്രമല്ല ആ അടയാളത്തിന്‍റെ ധര്‍മ്മം. എത്രദൂരം നമ്മള്‍ കരയില്‍നിന്ന് അകന്നുപോയെന്നുള്ള സൗമ്യമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ക്രിസ്തുസാന്നിദ്ധ്യം. ചിലപ്പോള്‍ ഭയം തോന്നുന്നു. പ്രകാശവര്‍ഷങ്ങള്‍ എന്നൊക്കെ പറയുന്നതുപോലെ ‘ഗുരുവര്‍ഷങ്ങള്‍’ എന്നൊരു വാക്കുപയോഗിച്ചാല്‍ ഗുരുക്കന്മാര്‍ക്കും സാധാരണക്കാര്‍ക്കും ഇടയില്‍ അത്ര എളുപ്പത്തിലൊന്നും തുഴഞ്ഞെത്താനാവാത്ത വിധത്തില്‍ 2014 ഗുരുവര്‍ഷങ്ങളുടെ ദൂരമാണ് നാം കടന്നിരിക്കുന്നത്. വ്യക്തിജീവിതത്തില്‍ അതേ, 30-ഓ, 40-ഓ 60-ഓ, 70-ഓ ആകാം.

തഥാഗതന്മാരാണ് ഗുരുക്കന്മാര്‍! വിജ്ഞാനത്തിന്‍റെ ഉച്ചസ്ഥായിയില്‍ എത്തിയവര്‍ എന്നൊരു സൂചനയുണ്ട് ആ പദത്തില്‍. മരണമുള്‍പ്പെടെയുള്ള എല്ലാ ജലരാശികള്‍ക്കും കുറുകെ നീന്തിയവനാണ് സുവിശേഷതീരത്ത് നില്ക്കുന്ന ഗുരു, ക്രിസ്തു. അവിടെനിന്നുകൊണ്ട് ജീവിതക്കടലിന്‍റെ അടിത്തട്ടുപോലും അവിടുന്നു കാണുന്നുണ്ട്. വലയില്‍ കുരുങ്ങിയ മത്സ്യത്തിനുള്ളില്‍ ഒരു നാണയമുണ്ടെന്നും അത് കപ്പം കൊടുക്കാന്‍ ഉതകുമെന്നും പറയാന്‍ പറ്റുന്ന വിധത്തില്‍ വജ്രസൂചിയുള്ള മിഴികളാണ് അവിടുത്തേത്. അവിടുന്നില്‍നിന്നും ഒന്നും മറച്ചുവയ്ക്കാനാവില്ല. കടലില്‍പ്പെട്ടു പോകുകയാണ് നമ്മുടെ ശിരോലിഖിതം. അതിതീവ്രമായി അതിലേയ്ക്കു പ്രലോഭിപ്പിക്കുന്ന വന്യമായ അഴക്, ശക്തി കടലിനുമുണ്ട്. Hemingwayയുടെ കിഴവനും കടലും വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം അതിന്‍റെ ഗുരുത്വം! ജീവിതത്തെ ഭയാനകമെന്ന് പറയുമ്പോഴും അതിന്‍റെ സ്വാഭാവിക ഭ്രമണപഥങ്ങളില്‍ നിന്നാരും മാറി നടക്കാറില്ലല്ലോ. സ്വയം നിരീക്ഷിച്ചറിയാവുന്ന കാര്യമേയുള്ളൂ. ഒന്ന് കാലു നനയ്ക്കാനുള്ള മടിയേയുള്ളൂ, പിന്നെ വിറയലുണര്‍ത്തിയാലും നമ്മളങ്ങനെ മുന്നോട്ട്, മുന്നോട്ട് തന്നെ പോകും. ദൈവം കാക്കട്ടെ!

ഈ അപകടം പിടിച്ച രൂപകം കൊണ്ടാവണം ജീവിതത്തെ കടലെന്ന് കാലാകാലങ്ങളായി എല്ലാ ഭാഷകളിലും പറഞ്ഞുവച്ചിരിക്കുന്നത്. ‘സംസാരസാഗരം’ എന്നൊക്കെയുള്ള പദങ്ങള്‍ ആര്‍ക്കാണ് പരിചയമില്ലാത്തത്. വേറെയും കാരണങ്ങളുണ്ടാകണം. അതൊളിപ്പിക്കുന്ന നിഗൂഢതകള്‍. അതുകൊണ്ടുതന്നെ പ്രവചനാതീതമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന അലകളിലാണ് അതിന്‍റെ നിലനില്പ് എന്നു മനസ്സിലാക്കുക. പിരിയന്‍ ഗോവണിപോലെ അടുത്ത തിരിവില്‍ വന്നു നില്ക്കുന്ന അനുഭവങ്ങളെക്കുറിച്ചൊരു സൂചനയോ ധാരണയോ ഇല്ലാതെ അവിചാരിതങ്ങളുടെ സഞ്ചിത ഭാവമായിത്തീരുന്നു നമ്മുടെ വാഴ്വ്, നമ്മുടെ ജീവിതങ്ങള്‍. ഒന്നോര്‍ത്താല്‍ അതൊക്കെത്തന്നെയാണ് ഈ ചെറിയ പ്രാണന്‍റെ ഭംഗി, അഴക്...! പിന്നെ ജീവിതമെന്ന തീരെച്ചെറിയ കട്ടമരത്തെ സദാ ഉലച്ചുകൊണ്ടിരിക്കുന്ന അലകളും - പിന്നെ അതിലെ മലരും ചുഴിയുമെല്ലാമെല്ലാം.... To exist is to struggle. ‘ജീവിക്കുകയെന്നാല്‍ പോരാടുക,’ എന്നാണര്‍ത്ഥം. പുണ്യപുരിയില്‍ - സ്വര്‍ഗ്ഗീയ ജരൂസലേമില്‍ - കടലില്ല എന്നൊരു വെളിപാടുണ്ട്. പ്രക്ഷുബ്ധമായ ജലമാണ് കടല്‍. എന്നാല്‍ കടലില്‍ അലകളെല്ലാം ഒടുങ്ങുന്നൊരു ഭാഗമുണ്ട്. എല്ലാ കൊടുങ്കാറ്റും നിലയ്ക്കുന്നിടത്തില്‍ അത് ശാന്തപ്രശാന്തമാകാനേ തരമുള്ളൂ. അവിടെ കടലില്ല. പ്ലാസിഡ്, പ്രശാന്തം എന്നൊരു തലത്തിലാണ്, അവസ്ഥയിലാണ് അതിന്‍റെ നിലനില്പ്. കാറ്റിനെയും കടലിനെയും ശാസിക്കാന്‍ പാങ്ങുള്ള ഓരാള്‍ അവിടെ അമരങ്ങളില്‍ മയങ്ങുന്നില്ല, അവിടെ ഉണ്ടാവില്ല. ജീവിതത്തിരമാലകളുടെ കോളിളക്കവും കോലാഹലങ്ങളും മറികടന്ന്, അഗാധനിശ്ശബ്ദതകളെ വീണ്ടെടുക്കുവാനാണ് ഗുരു എന്നെ സഹായിക്കുന്നത്. ആസക്തികളുടെ കൊടുങ്കാറ്റിനോടും കഠിനവിഷാദത്തിന്‍റെ രാക്ഷസതിരമാലകളോടും അവിടുന്ന് കല്പിക്കുന്നു – കാറ്റേ, കടലേ, അടങ്ങൂ, ശാന്തമാകൂ, ശാന്തമാകൂ ...!









All the contents on this site are copyrighted ©.