2014-08-07 10:10:37

സന്ന്യാസസ്ഥാപനങ്ങളുടെ സമ്പത്ത്
പ്രേഷിതപ്രവര്‍ത്തനത്തിനായുള്ള സഭാസമ്പത്ത്


7 ആഗസ്റ്റ് 2014, വത്തിക്കാന്‍
സന്ന്യാസസ്ഥാപനങ്ങളുടെ സമ്പത്ത് പ്രേഷിതപ്രവര്‍ത്തനത്തിനായുള്ള സഭാസമ്പത്താണെന്ന്, സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ജോ ബ്രാസ് ദാ’വിസ് പ്രസ്താവിച്ചു. സന്ന്യാസമൂഹങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതു സംബന്ധിച്ച് വത്തിക്കാന്‍ സംഘം പ്രസിദ്ധീകരിച്ച നവമായ മാര്‍ഗ്ഗരേഖകളെക്കുറിച്ച് ഇറക്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ ബ്രാസ് ദാ’വിസ് ഇങ്ങനെ പ്രസ്താവിച്ചത്.

മനുഷ്യസേവനത്തിന്‍റെയും സഭയുടെ പ്രേഷിതദൗത്യത്തിന്‍റെയും പാതിയില്‍ സന്ന്യാസസമൂഹങ്ങളുടെ സാമ്പത്തികവ്യയം, ക്രമപ്പെടുത്തുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗരേഖയെക്കുറിച്ച് (Use of Financial Resources by Religious Orders) ആഗസ്റ്റ് 5-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം ഒസര്‍വത്തോരെ റൊമാനോയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ ബ്രാസ് ദാ’വിസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സന്ന്യസ്തരുടെയും സമൂഹത്തിന്‍റെയും സാമ്പത്തിക ആവശ്യങ്ങള്‍ അവര്‍ ശുശ്രൂഷചെയ്യുന്ന സഭയുടെ ആവശ്യങ്ങള്‍ക്കു പുറത്തായിരിക്കരുതെന്നും, ദാരിദ്യാരൂപി സന്ന്യാസസമൂഹങ്ങളുടെ അടിസ്ഥാന സ്വഭാവമായിരിക്കണമെന്നും, സഭയുടെയും സമൂഹത്തിന്‍റെയും സമ്പത്ത് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം പ്രഥമമായും പ്രധാനമായും ഉപയോഗിക്കേണ്ടതെന്നും പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ വിശദീകരിച്ചു.

മാര്‍ച്ച് 8, 9 തിയതികളില്‍ റോമില്‍ സമ്മേളിച്ച സന്ന്യാസസഭകളുടെ സാമ്പത്തികകാര്യങ്ങള്‍ സംബന്ധിച്ച പഠനശിബരത്തില്‍ ഉരുത്തിരിഞ്ഞതാണ് സഭാസമൂഹങ്ങളുടെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന നവമായ ഈ മാര്‍ഗ്ഗരോഖയെന്നും, സുതാര്യവും എന്നാല്‍ വളരെ വൈദഗ്ദ്ധ്യപൂര്‍ണ്ണവുമായ സമ്പദ്ക്രമീകരണം സഭാജീവിതത്തിലും പ്രേഷിതമേഖലയിലും യാഥാര്‍ത്ഥ്യമാക്കാന്‍ പരീക്ഷണാര്‍ത്ഥമുള്ള ഈ മാര്‍ഗ്ഗരേഖ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും കര്‍ദ്ദിനാല്‍ ബ്രാസ് ദാ’വിസ് റോമില്‍ ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.

2015 പാപ്പാ ഫ്രാന്‍സിസ് സന്ന്യസ്തരുടെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നതിന്‍റെ വെളിച്ചത്തിലാണ് സന്ന്യാസജീവിതത്തിന്‍റെ സാമ്പത്തിക മേഖലയെ നവീകരിക്കുന്നതിനുള്ള ഈ മാര്‍ഗ്ഗരേഖ തയ്യാറാക്കിയിരിക്കതെന്നും സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ബ്രാസ് ദാ’വിസ് പ്രസ്താവിനയില്‍ കൂട്ടിച്ചേര്‍ത്തു.









All the contents on this site are copyrighted ©.