2014-08-07 10:58:45

വിലക്ക് കല്പിക്കപ്പെട്ട വൈദികന്
പാപ്പാ ഫ്രാന്‍സിസിന്‍റെ മാപ്പ്


7 ആഗസ്റ്റ് 2014, വത്തിക്കാന്‍
പൗരോഹിത്യശുശ്രൂഷയില്‍നിന്നും വിലക്കിയിരുന്ന വൈദികന് പാപ്പാ ഫ്രാന്‍സിസ് മാപ്പുനല്കി.
ഫാദര്‍ മിഗുവേല്‍ ഡെസ്ക്കോത്തോ ബ്രോക്മാന്‍ നിക്കാരാഗ്വായുടെ ഇടതുപക്ഷ ഭരണത്തില്‍ വിദേശകാര്യ മന്ത്രിയായി 1979-മുതല്‍ 1990-വരെ കാലയളവില്‍ പ്രവൃത്തിച്ചു.
2008, 2009 കാലയളവില്‍ അദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചു.

രാഷ്ട്രീയ പ്രതിബദ്ധതയോ ഇടതുപക്ഷ ചായിവോ അല്ല, ദൈവികകാരുണ്യത്തിന്‍റെ അടിസ്ഥാനനിലപാടിലാണ് അനുരഞ്ജനത്തിന്‍റെ പാതയിലെത്തിയ ഫാദര്‍ മിഗ്വേലിന് പാപ്പാ ഫ്രാന്‍സിസ് മാപ്പുനില്കിയതെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു.

ലാറ്റനമേരിക്കന്‍ രാജ്യമായ നിക്കരാഗ്വായില്‍ വിമോചന ദൈവശാസ്ത്ര ചിന്തയുടെ പ്രായോക്താവായി സജീവരാഷ്ട്രീയത്തില്‍ പ്രവേശിച്ച മേരിനോള്‍ മിഷണറി, ഫാദര്‍ മിഗുവേല്‍ ഡെസ്ക്കോത്തോ ബ്രോക്മാനെ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് സഭാനിയമങ്ങള്‍ അനുസരിച്ച് 1985-ല്‍ പൗരോഹിത്യ ശുശ്രൂഷയില്‍നിന്നും വിലക്കുകല്പിച്ചത്.

81-വയസ്സെത്തിയ ഫാദര്‍ മിഗുവേല്‍ പൗരോഹിത്യ ശുശ്രൂഷചെയ്തുകൊണ്ട് മരിക്കുവാനുള്ള ആഗ്രഹം രേഖാമൂലം അറിയച്ചിതനെ തുടര്‍ന്നാണ് പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തിന് മാപ്പുനല്കിയത്. വത്തിക്കാന്‍റെ വിശ്വാസ കാര്യാലയംവഴിയാണ് പാപ്പാ ഫ്രാന്‍സിസിനെ തിരിച്ചുവരവിനുള്ള ആഗ്രഹം അടുത്തകാലത്ത് അറിയിച്ചത്. തുടര്‍ന്നുള്ള ഔദ്യോഗിക നടപിടികളുടെ അന്ത്യത്തിലാണ്, കാനോനിക വിലക്കുകള്‍ വത്തിക്കാന്‍ പിന്‍വലിച്ചുകൊണ്ടുള്ള സന്ദേശം ആഗസ്റ്റ് 1-ാം തിയതി മേരിനോള്‍ സഭാധികാരികള്‍ വഴി ഫാദര്‍ മിഗ്വേലിനു ലഭ്യമാക്കിയതെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു.








All the contents on this site are copyrighted ©.