2014-08-05 09:46:01

അരലക്ഷത്തോളം അള്‍ത്താരശുശ്രൂഷകര്‍
പാപ്പാ ഫ്രാന്‍സിസിനെ കാണാനെത്തി


5 ആഗസ്റ്റ് 2014, വത്തിക്കാന്‍
അള്‍ത്താര ശുശ്രൂഷകരുടെ വന്‍സഖ്യം വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസുമായി
കൂടിക്കാഴ്ച നടത്തും. ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നെത്തുന്ന അരലക്ഷത്തോളം അള്‍ത്താര ശുശ്രൂഷകരാണ് ആഗസ്റ്റ് 5-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍വച്ച് പാപ്പായുമായി കൂടിക്കാഴ്ച നടത്തുന്നത്. ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും യുവജനങ്ങള്‍ ഈ അവസരത്തില്‍ പാപ്പായെ നേരില്‍ കാണാന്‍ വത്തിക്കാനില്‍ എത്തിയിട്ടുണ്ടെന്നും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

വൈകുന്നേരം പ്രാദേശിക സമയം 4 മണിക്ക് ചത്വരത്തില്‍ ആടിയും പാടിയും പ്രാര്‍ത്ഥിച്ചും സംഗമിക്കുന്ന യുവജനങ്ങളുടെ മദ്ധ്യത്തിലേയ്ക്ക് കൃത്യം 6 മണിക്ക് പാപ്പാ ഫ്രാന്‍സിസ് അവരെ അഭിവിദ്യംചെയ്തുകൊണ്ട് കടുന്നുവരുമെന്നും, തുടര്‍ന്ന് അവരെ അഭിസംബോധനചെയ്യുമെന്നും, വത്തിക്കാന്‍ റേഡിയോ ജര്‍മ്മന്‍ വിഭാഗത്തിന്‍റെ തലവന്‍ ഫാദര്‍ ബര്‍നാര്‍ഡ് ഹാഗന്‍കോര്‍ഡ് അറിയിച്ചു.

യൂറോപ്പിലെ വേനലവധിയുടെ ഭാഗമായിട്ടാണ് ജര്‍മ്മനിയിലെ മെത്രാന്‍ സമിതിയുടെയും പൊന്തിഫിക്കള്‍ മിഷന്‍ സൊസൈറ്റിയുടെയും സംയുക്ത സംഘാടക സമിതി ഈ പരിപാടി ആസൂത്രണംചെയ്തിരിക്കുന്നത്. ‘സ്വാതന്ത്ര്യവും, നന്മചെയ്യാനുള്ള പ്രചോദനവും,’ എന്ന ആപ്തവാക്യവുമായിട്ടാണ് അധികവും യുവജനങ്ങളുള്ള അള്‍ത്താര ശുശ്രൂഷകരുടെ സഖ്യം വത്തിക്കാനിലെത്തുന്നത്.

ആഗസ്റ്റ് 4 മുതല്‍ 8-വരെ റോമില്‍ ചിലവഴിക്കുന്ന യുവജനങ്ങള്‍ ഒരുദിവസം വിശുദ്ധ ഫ്രാന്‍സിസിന്‍റെ നഗരമായ ആസ്സീസിയിലേയ്ക്കും തീര്‍ത്ഥാടനം നടത്തുമെന്ന് - Coetus Internationalis Minstrantium, CIM - സംഘാടകര്‍ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.








All the contents on this site are copyrighted ©.