2014-08-02 09:32:34

വിശുദ്ധ ഇഗ്നേഷ്യസ്
ലൊയോളയുടെ തിരുനാളില്‍
പാപ്പാ ഫ്രാന്‍സിസ്
ഈശോസഭാ ഭവനത്തില്‍


1 ആഗസ്റ്റ് 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് റോമിലുള്ള ഈശോസഭാ ജനറലേറ്റ് സന്ദര്‍ശിച്ചു.
ജൂലൈ 31-ാം തിയതി വ്യാഴാഴ്ച, സഭാ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ്സിന്‍റെ തിരുനാളിലാണ് ഔപചാരികതയില്ലാതെ താന്‍ അംഗമായ സഭയുടെ ജനറലേറ്റ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചതെന്ന്, ഇശോസഭയുടെ റോമിലെ വക്താവ്, ഫാദര്‍ ജുസ്സേപ്പെ ബലൂച്ചി
വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.

തികച്ചും അനൗപചാരികമായിരുന്ന ഹ്രസ്വസന്ദര്‍ശനം
ഏറ്റവും ഹൃദ്യമായിരുന്നുവെന്ന്, ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍,
ഫാദര്‍ അഡോള്‍ഫോ നിക്കോളെ വിശേഷിപ്പിച്ചു.
ഒരു വര്‍ഷം മുന്‍പ് സിറിയയില്‍ വിമതര്‍ ബന്ധിയാക്കിയ ഈശോസഭാ വൈദികന്‍, പോള്‍ ദിലോലിയുടെ കുടുംബാംഗങ്ങളെയും, പാപ്പായുടെ ആഗ്രഹപ്രകാരം, ജനറലേറ്റിലെ കൂടിക്കാഴ്ചയിലേയ്ക്കും വിരുന്നിലേയ്ക്കും ക്ഷണിച്ചിരുന്നു.

ഈശോസഭയുടെ തലവന്‍ ഫാദര്‍ അഡോള്‍ഫ് നിക്കോളെയും മറ്റ് സഹപ്രവര്‍ത്തകരുമായും ആദ്യം ഊട്ടുമുറിയിലായിരുന്നു കൂടിക്കാഴ്ചയുടെ ആരംഭം. പിന്നീട് വായനമുറിയിലേയ്ക്കു നീങ്ങിയ കൂടിക്കാഴ്ചയെ തുടര്‍ന്ന്, എല്ലാവരെയും അഭിവാദ്യംചെയ്യുകയും കുശലംപറയുകയും ചെയ്ത ശേഷം കാപ്പിയും കുടിച്ചിട്ടാണ് പാപ്പാ കല്ലേറുദൂരം മാത്രമുള്ള വത്തിക്കാനിലേയ്ക്കു മടങ്ങിയതെന്ന് ഫാദര്‍ ബലൂച്ചി വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.

തിരുനാളില്‍, രാവിലെ ഫാദര്‍ നിക്കോളയെ ഫോണില്‍ വിളിച്ച് ആശംസകള്‍ അര്‍പ്പിച്ചശേഷം, ഉച്ചഭക്ഷണത്തിന് താന്‍ ജനറലേറ്റിലേയ്ക്ക് വരികയാണെന്ന് പാപ്പാതന്നെയാണ് അറിയിച്ചതെന്നും ഫാദര്‍ നിക്കോളെ വെളിപ്പെടുത്തി.

സ്ഥാനാരോപിതനായതിന്‍റെ വാര്‍ഷികം കഴിഞ്ഞാണെങ്കിലും
ഈശോസഭയുടെ അഭിമാനമായ പാപ്പാ ഫ്രാന്‍സിസ് ആദ്യാമായി ജനറലേറ്റു സന്ദര്‍ശിച്ച
വാര്‍ത്ത റോമിലെ സഭാംഗങ്ങള്‍ക്കു മാത്രമല്ല, ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന ഈശോസഭാ സഹോദരങ്ങള്‍ക്ക് ആവേശവും പ്രചോദനവുമായെന്നും ഫാദര്‍ ബലൂച്ചി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.