2014-08-02 12:17:43

ബദ്സൈദാ തീരത്തെ
പങ്കുവയ്ക്കലിന്‍റെ അത്ഭുതം


RealAudioMP3
വിശുദ്ധ മത്തായിയുടെ സുവിശേഷം 14, 13-21 (ലത്തീന്‍ റീത്ത്)
അഞ്ചപ്പം അയ്യായിരങ്ങള്‍ക്ക്....

യേശു ഇതുകേട്ട് അവിടെനിന്നു പിന്‍വാങ്ങി, വഞ്ചിയില്‍ കയറി, തനിച്ച്
ഒരു വിജനസ്ഥലത്തേയ്ക്കുപോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളില്‍നിന്നു കാല്‍നടയായി
അവനെ പിന്തുടര്‍ന്നു. അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവുരുടെമേല്‍ അവന് അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി. സായാഹ്നമായപ്പോള്‍ ശിഷ്യന്മാര്‍ അവനെ സമീപിച്ചു പറഞ്ഞു. ഇതൊരു വിജനസ്ഥലമാണ്, നേരവും വൈകിയിരിക്കുന്നു. ഗ്രാമങ്ങളില്‍ പോയി തങ്ങള്‍ക്കു ഭക്ഷണം വാങ്ങാന്‍ ഈ ജനക്കൂട്ടത്തെ പഞ്ഞയയക്കുക. എന്നാല്‍ യേശു പറഞ്ഞു. അവര്‍ പോകാണ്ടതില്ല. നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു. അഞ്ചപ്പവും രണ്ടു മത്സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ. അവിടുന്നു പറഞ്ഞു. അത് എന്‍റെ അടുത്തു കൊണ്ടുവരിക. അവിടുന്ന് ജനക്കൂട്ടത്തോടു പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ കല്‍പിച്ചതിനുശേഷം ആ അഞ്ചപ്പവും രണ്ടു മത്സ്യവും എടുത്ത്, സ്വര്‍ഗ്ഗത്തിലേയ്ക്കു നോക്കി, ആശീര്‍വ്വദിച്ച്, അപ്പം മുറിച്ച്, ശിഷ്യന്മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി. അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളുമൊഴികെ അയ്യായിരത്തോളം പുരുഷന്മാര്‍ അയിരുന്നു.

ഒരു കഥയോടെ തുടങ്ങാം....പ്രായാധിക്യംകൊണ്ട് കൂനിയ ദരിദ്രയായൊരു വിധവ കുടിലില്‍ താമസിക്കുന്നു. ഭക്തയായിരുന്നു അവര്‍. തൊട്ടടുത്ത് വലിയ ബംഗ്ലാവില്‍ ധനികന്‍ പാര്‍ത്തിരുന്നു. അയാള്‍ ഈശ്വരവിശ്വാസി അല്ലായിരുന്നു. ഒരു ദിവസം സന്ധ്യയ്ക്ക് ധനികന്‍ നടക്കാനിറങ്ങിയതാണ്. അപ്പോഴതാ, കുടിലില്‍നിന്നും വിധവയുടെ പ്രാര്‍ത്ഥന : “ദൈവമേ, ഇന്ന് ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല. അത്താഴത്തിനും ഇന്ന് ഒന്നുമില്ല. അങ്ങ് എന്നെ കൈവിടുമോ, ദൈവമേ?” നടക്കാനിറങ്ങിയ ധനികനും ആ പ്രാര്‍ത്ഥന കേട്ടു.

നടപ്പു കഴിഞ്ഞെത്തിയ ധനികന്‍ വിധവയെ പറ്റിക്കാന്‍ തീരുമാനിച്ചു. തിരിച്ച് വീട്ടില്‍ച്ചെന്ന് അല്പം റൊട്ടിയും കറിയും എടുത്ത് കുടിലിന്‍റെ വാതില്‍ക്കല്‍കൊണ്ടുവച്ചു. വാതില്‍പ്പടിയില്‍ തട്ടിയിട്ട് അയാള്‍ അല്പം അകലേയ്ക്കു മാറിനിന്നു. പാവം സ്ത്രീ വാതില്‍ തുറന്നു. പടിവാതില്‍ക്കല്‍ ഭക്ഷണമിരിക്കുന്നതു കണ്ട് വിധവ പറഞ്ഞു. “ദൈവമേ, അങ്ങെന്നെ കൈവിടില്ലെന്ന് എനിക്കറിയാം.” ഇതു കേട്ട് പരിഹസിച്ച്, അട്ടഹസിച്ചുകൊണ്ട് ധനികന്‍ പറഞ്ഞു. “നിങ്ങളുടെ ദൈവമല്ല, ഞാനാണ്
ആ ഭക്ഷണം അവിടെ കൊണ്ടുവച്ചത്.”
വിധവ പറഞ്ഞു. ശരിയാണ് മോനേ... നന്ദി ! ദൈവമേ, അങ്ങ് എപ്പോഴും എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നു. ചിലപ്പോള്‍ ചെകുത്താന്മാരെ ഉപോയോഗിച്ചും എന്‍റെ ആവശ്യങ്ങള്‍ നിറവേറ്റി തരുന്നല്ലോ, നന്ദി, നന്ദി, ദൈവമേ! മോനേ.. നിനക്കും നന്ദി!”

യേശുവിന്‍റെ മൂന്നു പിന്‍വാങ്ങലുകള്‍ മത്തായി രേഖപ്പെടുത്തുന്നുണ്ട്. ജനക്കൂട്ടത്തില്‍നിന്ന് വിജനസ്ഥലത്തേയ്ക്കാണ് ഈ പിന്‍വാങ്ങലുകള്‍. അതില്‍ ആദ്യത്തെ പിന്‍വാങ്ങലാണ് ഇന്നത്തെ സുവിശേഷ സംഭവത്തിന് പശ്ചാത്തലം.
സ്നാപകയോഹന്നാനെ ഹേറോദേസ് വധിച്ച വിവരം കേട്ട് ക്രിസ്തു ജനക്കൂട്ടത്തില്‍നിന്ന് പിന്‍വാങ്ങി. പ്രാര്‍ത്ഥിക്കുവാനായിരിക്കണം അവിടുന്ന് വിജനസ്ഥലത്തേയ്ക്ക് പോയത്.
എന്നാല്‍ പിറകെ വലിയ ജനക്കൂട്ടമാണ് ക്രിസ്തുവിനെ തേടിയെത്തിയത്. ‘ജനത്തിന്‍റെമേല്‍ അവിടുത്തേയ്ക്ക് കരുണ തോന്നി,’ (മത്തായി 9, 36) എന്ന് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലിഷില്‍ compassion എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. Cum – pati = to give with suffering, or sacrifice. Sympathy അല്ലെങ്കില്‍ സഹാനുഭാവം മാത്രം പോരല്ലോ ജീവിതത്തില്‍ empathy-യും വേണം. അതായത് ദീനാനുകമ്പ മാത്രം പോരാ, തന്മയീഭാവശക്തിയും വേണം. മറ്റൊരുവന്‍റെ ക്ലേശങ്ങള്‍ മനസ്സിലാക്കി അവരോട്, അതിനോട് സഹതപിക്കുവാനുള്ള കഴിവ്. അതായത്, ദയ എന്ന വികാരം കാരുണ്യപ്രവൃത്തിയായി രൂപാന്തരപ്പെടണമെന്ന് ചുരുക്കം. അങ്ങനെയാണ് ക്രിസ്തു അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. “അവിടുന്നു വരുമ്പോള്‍ വിശക്കുന്നവര്‍ക്കും ദാഹിക്കുന്നവര്‍ക്കും മേച്ചില്‍പ്പുറങ്ങളില്‍ ഭക്ഷണവും ജലവും ലഭിക്കും,” എന്ന പ്രവചനവാക്യങ്ങള്‍ ദൈവരാജ്യത്തിന്‍റെ ക്രിസ്തുവിലുള്ള വീണ്ടെടുപ്പു ശക്തിയാണ് പ്രകടമാക്കുന്നത് (ഏശയ്യ 49, 10).

ക്രിസ്തു പുരുഷാരത്തെ ഊട്ടുന്ന സംഭവങ്ങള്‍ നമ്മുടെയും അന്ന വിചാരങ്ങള്‍ക്ക് നല്ല അടയാളമായി മാറിയേക്കും. ‘മനുഷ്യര്‍ക്ക് വിശുക്കുന്നു’ എന്ന അറിവ് വളരെ അടിസ്ഥാനപരമായതും, ആദ്യത്തേതുമാണ്.
നാം വളരെ സാധാരണയായി പറയുകയും ഉപയോഗിക്കുകയും ചെയ്യുന്ന പല ഭക്ഷണപദാര്‍ത്ഥങ്ങളുടെയും പേരുപോലും പലര്‍ക്കും നിശ്ചയമില്ലായെന്ന് അറിയാത്തതെന്ത്യേ?

ചെറിയൊരു സംഭവം... ഓര്‍മ്മിക്കുകയാണ്.
ഒരു ദിവസം, പ്ലസ് ടു അദ്ധ്യാപിക തന്‍റെ പിറന്നാളില്‍ കുട്ടിക്കള്‍ക്കുവേണ്ടി കുറച്ച് ‘പുഡ്ഡിംഗ്’ ഉണ്ടാക്കി ക്ലാസ്സില്‍ കൊണ്ടുവന്ന് കൊടുത്തു. വളരെ ചെറിയ അളവിലത് കുട്ടികള്‍ക്ക് വിളമ്പിക്കൊടുത്തു. കഴിച്ചിട്ട് കുട്ടികള്‍ പറഞ്ഞത്. ടീച്ചറേ, എന്തു രൂചി! ഇതിന്‍റെ പേരെന്താണ്, ടീച്ചറേ....!? ടീച്ചര്‍ ചിരിച്ചെങ്കിലും, അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി!! അതേസമയം മറ്റൊരു വീട്ടിലെ ഊട്ടുമേശയില്‍ കെ.ജി.യില്‍ പഠിക്കുന്ന മകള്‍ പറയുന്നു. ‘അമ്മേ, ഇന്നെനിക്ക് noodles വേണ്ടാ, spageti മതി’യെന്ന്.
വീണ്ടും വിജനസ്ഥലത്തേയ്ക്ക് ചെല്ലുമ്പോള്‍,
ദീര്‍ഘമായ പ്രഭാഷണത്തിനുശേഷം മടങ്ങിപ്പോകുന്ന ജനക്കൂട്ടത്തിന്
എന്തു സംഭവിക്കുമെന്നോര്‍ത്ത് ക്രിസ്തു ഭാരപ്പെടുന്നു. വിശക്കുന്നവരുടെ ജീവിതവഴികളില്‍ എന്തും സംഭവിക്കാം. വിശക്കുന്ന ദാവീദ് രാജാവ് ദേവാലയത്തില്‍ കയറി പുരോഹിതന്മാര്‍ക്ക് മാത്രം അവകാശപ്പെട്ട കാഴ്ചയപ്പം എടുത്ത് ഭക്ഷിച്ചേക്കാം. വിശന്ന ശിഷ്യനമാര്‍ സാബത്തുദിനത്തില്‍ വയലിലെ കതിര്‍ മണികള്‍ പൊട്ടിച്ചു കൊറിച്ചില്ലേ! വിശക്കുന്ന പെണ്‍കുട്ടി ഗണികത്തെരുവിലേയ്ക്ക് വഴിതെറ്റി ചെന്നെന്നിരിക്കാം. വിശക്കുന്നവരോട് മാത്രം നമ്മുടെ ധാര്‍മ്മിക വിചാരങ്ങള്‍ അമിതമായി വിളമ്പരുത്. അവരുടെ വിശപ്പടക്കാന്‍ സഹായിക്കുകയാണു വേണ്ടത്. നല്ലൊരളവില്‍, വിശപ്പാണ് മനുഷ്യജീവിതത്തിന്‍റെ നിലനില്‍പ്പുകളെ പാളിക്കുന്നത്.... പാവങ്ങള്‍ക്കെന്തു സംഭവിക്കുമെന്ന് വ്യാകുലപ്പെടാത്തവരുടെ സാരോപദേശങ്ങള്‍ക്ക് കാല്‍ക്കാശിന് വിലയില്ലാ എന്നോര്‍ക്കണം!

2. ഭൂമിയുടെ വിശപ്പിനെ ശമിപ്പിക്കുവാന്‍ നമുക്കിനിയെന്താവും, എന്ന അന്വേഷണമാണ് രണ്ടാമത്തെ ചുവട്. ഇത്രയും വലിയ പുരുഷാരത്തെ ഊട്ടാന്‍ ഇരുന്നൂറു ‘ദനാറ’ വേണ്ടിവരുമെന്നാണ് പീലിപ്പോസിന്‍റെ കണ്ടെത്തല്‍. അവരെത്ര കൂട്ടിയാലും കൂടാത്ത കണക്കാണ്. വിശക്കുന്ന ലക്ഷോപലക്ഷം ജനങ്ങളെയോര്‍ത്ത് നമ്മുടെ നിസ്സഹായതകള്‍ പേര്‍ത്ത് പറയുകയല്ല വേണ്ടത്. ജനക്കൂട്ടത്തിലെ ബാലന്‍ ചെയ്തതുപോലെ അക്ഷരാര്‍ത്ഥത്തില്‍ കൈയ്യിലുണ്ടായിരുന്ന, ‘എണ്ണിച്ചുട്ട അപ്പം’ ചുറ്റുമുള്ളവര്‍ക്കുവേണ്ടി വച്ചുനീട്ടുകയാണ് പ്രധാനം. മറ്റൊരു വാക്കില്‍ think globally and act locally, വിശാലദൃഷ്ടിയോടെ ചിന്തിച്ചിട്ട്, പ്രായോഗികമായും വളരെ പ്രാദേശികമായും പ്രവര്‍ത്തിക്കുക, പങ്കുവയ്ക്കുക! ശ്രദ്ധിച്ചോ, ആവശ്യം മനസ്സിലാക്കിയ പയ്യന്‍, പിന്നെ ചെറുവാല്യക്കാരനായി മാറുകയാണ്.
അവന് കഴിക്കാന്‍വേണ്ടി മാത്രം ഉറ്റവരാരോ പൊതിഞ്ഞുകെട്ടി കൊടുത്ത അപ്പം പങ്കിടുവാന്‍ കാട്ടിയ സുമനസ്സ്, അവന്‍റെ വിശാല ഹൃദയം! അതായിരുന്നു യഥാര്‍ത്ഥത്തില്‍ ബെദ്സൈതാ പ്രദേശത്തെ അത്ഭുതം!!

ഉമ്മറപ്പടി അടയ്ക്കുന്നതിന് മുന്‍പ് പഴയകാലത്ത് കേരളത്തിലെ ചില തറവാടുകളില്‍ നിലനിന്നിരുന്ന രീതിയെക്കുറിച്ച് കേട്ടിട്ടുണ്ട്.
‘അത്താഴ പട്ടിണിക്കാര്‍ ആരെങ്കിലും ഉണ്ടോ’ എന്നു ഉമ്മറത്തുനിന്ന് വിളിച്ചു കൂവിയുള്ള ചോദ്യം. മുഴുവന്‍ ലോകത്തിന്‍റെയും വിശപ്പിനുള്ള പരിഹാരമുണ്ടെന്ന ഹുങ്കല്ലവിടെ. മറിച്ച് ദുര്‍ബലമായ ആ ശബ്ദം പതിക്കുന്ന അത്രയും ഇടങ്ങളിലെങ്കിലും ഒരത്താഴപ്പട്ടിണിക്കാരന്‍ ഉണ്ടാവരുതേ, എന്ന സ്നേഹശാഠ്യമായിരുന്നിരിക്കാം. ആരെങ്കിലുമൊരാളങ്ങനെ പട്ടിണികിടക്കുമ്പോള്‍ പടിയടച്ച് ഉറങ്ങാനുള്ള അവകാശമുണ്ടോ എനിക്ക്, എന്നൊരു മനസ്സാക്ഷിയിലെ ചോദ്യവും, ഇവിടെ സ്ഫുരിക്കുന്നുണ്ട്.
പാപ്പാ ഫ്രാന്‍സിസ് നിരീക്ഷിക്കുന്നതു കണക്ക്, മനുഷ്യന്‍റെ ആവശ്യങ്ങള്‍ക്കുള്ള വിഭവങ്ങളൊക്കെ ഈ ഭൂമിയില്‍ സമൃദ്ധമായിട്ടുണ്ട്. എന്നാല്‍ അവന്‍റെ ദുരയെ ശമിപ്പിക്കാന്‍ ഒന്നും മതിയാവാതിരിക്കുകയും ചെയ്യുന്നു.
കുറെക്കൂടി നീതിപൂര്‍വ്വകമായ വിതരണ പ്രക്രിയ നമ്മുടെ ലോകത്ത് സംഭവിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെയാണ് ‘പാവങ്ങള്‍ക്കുള്ള പാവപ്പെട്ട സഭ’യാണ് താന്‍ സ്വപ്നം കാണുന്നത് എന്ന് പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പറയുന്നത്.

ഇനി വീണ്ടും സുവിശേഷത്തിലെ വിജനപ്രദേശത്തേയ്ക്ക് എത്തിനോക്കിയാല്‍, ബാക്കിവരുന്നതൊക്കെ ഏറ്റവും ശ്രദ്ധയോടെ ശേഖരിക്കാന്‍ ക്രിസ്തു തന്‍റെ ശിഷ്യന്മാരോട് പറയുന്നുണ്ട്. വന്നവര്‍ക്ക് വേണ്ടി മാത്രമല്ല, വരുവാനിരിക്കുന്നവര്‍ക്കു വേണ്ടിക്കൂടെയുള്ള സൂചനയും കരുതലുമാണത്.
‘വിശക്കുന്നൊരാളെ ഊട്ടിയപ്പോഴൊക്കെ തന്നെയാണ് ഊട്ടിച്ചതെന്ന് ക്രിസ്തു പഠിപ്പിക്കുന്നുണ്ടല്ലോ. ഒന്നുമില്ലാത്തവന് ഒരുനേരത്തെ ഭക്ഷണം കൊടുത്താല്‍ അത്, അഞ്ചുപേരെ ഊട്ടുന്നതിനു തുല്യമാണെന്നാണ് ബുദ്ധധര്‍മ്മം!
ഭൂമിയിലേയ്ക്കുവച്ച് ഏറ്റവും നല്ല കുശലമെന്താണ്, വല്ലതും കഴിച്ചോ? നിങ്ങളെന്താ കഴിക്കാത്തത്? വേണ്ട, നിങ്ങള്‍ കഴിക്കുന്നത് നോക്കിയിരിക്കുമ്പോള്‍ത്തന്നെ കണ്ണും വയറും നിറയും, എന്നു മക്കളോടു പറഞ്ഞ് പൊരിവയറുമായി കിടന്നുറങ്ങുന്ന അമ്മമാരുണ്ടീ ലോകത്തില്‍ എന്ന് ഓര്‍ക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തുവിന്‍റേതുപോലെ അനുകമ്പയാല്‍ ആര്‍ദ്രമാകേണ്ടതല്ലേ...!








All the contents on this site are copyrighted ©.