2014-08-02 09:39:59

നവസാങ്കേതികതയുടെ നാട്ടിലേയ്ക്ക്
പാപ്പായുടെ തീര്‍ത്ഥാടനം


2 ആഗസ്റ്റ് 2014, റോം
നവസാങ്കേതികതയുടെ നാട്ടിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അടുത്ത അപ്പസ്തോലിക സന്ദര്‍ശനമെന്ന് വത്തിക്കാന്‍ റേഡിയോ വക്താവ്, ഡേവിഡ് ഡൈനോസിയുടെ കുറിപ്പ് വെളിപ്പെടുത്തി.

ആഗസ്റ്റ് 13-മുതല്‍ 18-വരെ നീളുന്ന പാപ്പായുടെ കൊറിയ സന്ദര്‍ശനത്തിന് ഒരുക്കമായുള്ള വിവരണത്തിലാണ് ഡൈനോസി ഇങ്ങനെ ചൂണ്ടിക്കാട്ടിയത്.

ജനസംഖ്യയുടെ 96 ശതമാനവും ഇന്‍റര്‍നെറ്റ് സാങ്കേതിക സൗകര്യങ്ങളുള്ളവരാണ് കൊറയന്‍ ജനതയെന്നും,
ഇന്‍റര്‍നെറ്റ് ശൃംഖല, സ്മാര്‍ട്ടഫോണ്‍ എന്നിവയുടെ ഉപഭോഗംമൂലം ലോകത്തെ ഏറ്റവും ഉയര്‍ന്ന അത്യാധുനിക സൗകര്യങ്ങളുടെ സങ്കേതമാണ് കൊറിയയെന്നും സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

അത്യാധുനിക തൊഴില്‍ സംസ്ക്കാരത്തിലും ജീവിതരീതികളിലും മുഴുകിയിരിക്കുന്ന കൊറിയയുടെ യുവതലമുറ ഏറെ മാനസിക സംഘര്‍ഷങ്ങള്‍ക്കും സമര്‍ദ്ദത്തിനും വിധേയരാണെന്നും, അതിനാല്‍ ഉയര്‍ന്ന ആത്മഹത്യാനിരക്കുള്ള ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയിലാണ് കൊറിയയെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

പരമ്പരാഗത മതമായ കണ്‍ഫൂച്യനിസം നല്കുന്ന മൂല്യപരിമിതികളില്‍ വളര്‍ന്ന കൊറിയന്‍ ജനത ധാര്‍മ്മികതലത്തില്‍ ഇനിയും അന്വേഷണത്തിന്‍റെ പാതയിലാണ്. ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് ആകെയുള്ള കത്തോലിക്കര്‍. മതത്തിന്‍റെയും സമൂഹത്തിന്‍റെയും പരമ്പരാഗത ശൈലികളെ പൊതുവെ വെറുക്കുന്ന കൊറിയന്‍ യുവതയുടെ ചെറിയൊരു ശതമാനമാണ് ക്രിസ്തുവിനെ അന്വേഷിക്കുകയും അറിയുകയും ചെയ്യുന്നത്.

അത്യാധുനികത വരുത്തിവച്ച സാമൂഹ്യ ധാര്‍മ്മിക പ്രതിസന്ധികളുള്ള കൊറിയന്‍
മണ്ണിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന സന്ദര്‍ശനവും, ഏഷ്യന്‍ യുവജനസംഗമത്തിലുള്ള പങ്കാളിത്തവും ആതിഥേയസമൂഹത്തിന് സാമൂഹ്യനന്മയുടെയും കൂട്ടായ്മയുടെയും വെളിച്ചം പകരുമെന്നാണ് കൊറിയന്‍ സഭാനേതൃത്വത്തിന്‍റെ പ്രതീക്ഷയെന്ന്, വത്തിക്കാന്‍ റേഡിയോ വക്താവ്, ഡേവിഡ് ഡൈനോസി ആഗസ്റ്റ് 1-ാം തിയതി വെള്ളിയാഴ്ച റോമില്‍ ഇറക്കിയ മാധ്യമ നിരീക്ഷണത്തില്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.