2014-07-28 19:17:35

വിശുദ്ധ അന്ന
മാതൃത്വത്തിന്‍റെ മഹനീയഭാവം


28 ജൂലൈ 2014, വത്തിക്കാന്‍
മാതൃത്വത്തിന്‍റെ മഹനീയ ഭാവമാണ് വിശുദ്ധ അന്നയെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. വിശുദ്ധ അന്നയുടെ നാമത്തിലുള്ള വത്തിക്കാനിലെ ഇടവകദേവാലയത്തില്‍ ജൂലൈ 26-ാം ശനിയാഴ്ച അര്‍പ്പിച്ച തിരുനാള്‍ ബലിയിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

രക്ഷകന്‍റെ അമ്മയായ മറിയത്തെ പോറ്റിവളര്‍ത്തുകയും, ഈ ഭൂമിയില്‍ ദൈവികപദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹകരിക്കുകയുംചെയ്ത പുണ്യധാമമാണ് വിശുദ്ധ അന്നയെന്നും വചനപ്രഘോഷണമദ്ധ്യേ കര്‍ദ്ദിനാള്‍ പോരോളില്‍ പ്രസ്താവിച്ചു. ചരിത്രത്തിന്‍റെ നീണ്ടകണ്ണിയില്‍ കുടുംബത്തിന്‍റെ ഊഷ്മളത നിലനിര്‍ത്തിക്കൊണ്ട്
മറിയത്തിനും, മറിയത്തിലൂടെ തലമുറകള്‍ക്കും മാനവകുലത്തിനും വിശ്വാസവും ദൈവസ്നേഹവും പകര്‍ന്നുതന്ന സ്ത്രീരത്നമാണ് വിശുദ്ധ അന്നയെന്ന് കര്‍ദ്ദിനാല്‍ പരോളിന്‍ വചനസമീക്ഷയില്‍ ചൂണ്ടിക്കാട്ടി.

വിശുദ്ധിയുള്ള കുടുംബങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ആത്മീയ അവബോധം നല്കുന്ന അനുസ്മരണമാകട്ടെ മറിയത്തിന്‍റെ മാതാപിതാക്കളായ അന്നയുടെയും ജൊവാക്കിമിന്‍റേയും തിരുനാളെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ പരോളിന്‍ വചനപ്രഘോഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.