2014-07-26 14:08:09

വത്തിക്കാന്‍ കാന്‍റീനില്‍
ഉച്ചഭക്ഷണത്തിനെത്തിയ വിശിഷ്ടാതിഥി


26 ജൂലൈ 2014, വത്തിക്കാന്‍
വത്തിക്കാനിലെ ജോലിക്കാര്‍ക്കുവേണ്ടിയുള്ള കാന്‍റീനില്‍ ഉച്ചയ്ക്ക് 12 മുതലാണ് ഭക്ഷണം വിളമ്പുന്നത്. ജൂലൈ 25-ാം തിയതി വെള്ളിയാഴ്ച സമയമായതും പതിവുപോലെ ജോലിക്കാര്‍ ഒറ്റയായും കൂട്ടമായും ഭക്ഷണത്തിന് വന്നു തുടങ്ങി. അവരവരുടെ തട്ടവുമായി നിരന്നുചെന്ന് അവശ്യമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വാങ്ങി പോവുകയാണ് പതിവ്. സമയം 12.10 ആയപ്പോഴേയ്ക്കും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഉച്ചഭക്ഷണത്തിന് നിരയില്‍ ‘ട്രേ’യുമായി നിന്നത് പ്രതീക്ഷിക്കാത്ത വ്യക്തിയായിരുന്നു – ‘പതിവുകള്‍ തെറ്റിക്കുന്ന’ പാപ്പാ ഫ്രാന്‍സിസ്! ഉച്ചഭക്ഷണത്തിനായി ട്രേയും സ്പുണും ഫോര്‍ക്കുമെല്ലാം എടുത്ത് മറ്റു ജോലിക്കാരുടെ പിറകില്‍ പാപ്പാ നിരയില്‍നില്‍ക്കുന്നു!

പരിഭ്രാന്തനായ കാന്‍റീന്‍ മാനോജര്‍ ഫ്രാങ്കോ പയ്നീ ഓടിച്ചെന്ന് പാപ്പായെ നിരയില്‍നിന്നും മാറ്റുവാനും, പിന്‍തിരിപ്പിച്ച് പ്രത്യേകമായി സല്‍ക്കരിക്കുവാനും ശ്രമിച്ചെങ്കിലും പാപ്പാ ഫ്രാന്‍സിസ് അനങ്ങിയില്ല. മറ്റു ജോലിക്കാരെപ്പോലെ തന്നെ നിരയില്‍നിന്നു. സാവധാനം തന്‍റെ ഊഴംവന്നപ്പോള്‍ ഇഷ്ടമുള്ള ഭക്ഷണസാധനങ്ങളും വെള്ളവും വാങ്ങി, കാന്‍റീന്‍റെ പാര്‍ശ്വത്തിലുള്ള മേശയില്‍ മറ്റുജോലിക്കുരുടെ കൂട്ടത്തില്‍ പാപ്പാ ഫ്രാന്‍സിസും പന്തിയിരുന്നു. സോസ് ഓഴിക്കാത്ത പാസ്തായും, തക്കാളിക്കഷണങ്ങള്‍ ചേര്‍ത്തുവച്ച ചെറിയ മീനുമായിരുന്നു പാപ്പായുടെ പാത്രത്തില്‍ കണ്ടതെന്ന് കാന്‍റീന്‍ മാനേജര്‍ പയ്നീ വത്തിക്കാന്‍ റേഡിയോയോടു പറഞ്ഞു.

തൊട്ടടുത്തിരുന്നത് വത്തിക്കാന്‍ ഫാര്‍മസിയിലെ ജീവനക്കാരായിരുന്നു. അവരുടെ ജോലിയെക്കുറിച്ച് പാപ്പാ വിവരങ്ങള്‍ ആരാഞ്ഞു. ഫുഡ്ബോള്‍ ഇഷ്ടപ്പെടുന്ന പാപ്പായോട് കൂട്ടത്തില്‍ ഒരാള്‍ ലോകകപ്പ് ഫുട്ബോളിനെക്കുറിച്ചും, മറ്റൊരാള്‍ ഇറ്റലിയിലെ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചും സംവദിച്ചു. തന്‍റെ ഇറ്റാലിയന്‍ ബന്ധത്തെക്കുറിച്ച് ആരാഞ്ഞ വ്യക്തിയോട്, പൂര്‍വ്വീകര്‍ അര്‍ജന്‍റീനായിലേയ്ക്ക് കുടിയേറിപ്പാര്‍ത്ത കാര്യം ഭക്ഷണം കഴിക്കുന്നതിനിടയില്‍ പാപ്പാ വിശദീകരിച്ചുകൊടുത്തു.

പണിസ്ഥലത്തെ കുപ്പായവും യൂണിഫോമുമായി ഭക്ഷണത്തിനായി പിന്നെയും കാന്‍റീനില്‍ എത്തിയ മറ്റു ജോലിക്കാരെ വെള്ളുടുപ്പുമായി മേശയുടെ മൂലയ്ക്കിരുന്നു ഭക്ഷണം കഴിക്കുന്ന വിശിഷ്ടാതിഥി ഏറെ ആശ്ചര്യപ്പെടുത്തി. അടുത്തു കണ്ടവര്‍ പാപ്പായുടെ മുന്നില്‍ തലകുനിച്ചും, അഭിവാദ്യമര്‍പ്പിച്ചുമാണ് ഊണുകഴിക്കാന്‍ പോയത്.

ഏകദേശം 12.40-ന് ഭക്ഷണം അവസാനിപ്പിച്ച്, പാപ്പാ എഴുന്നേറ്റതും, മൊബൈല്‍ ഫോണിലും ചെറിയ ഹാന്‍റി ക്യാമറിയിലും മറ്റുമായി പാപ്പായുടെ പടമെടുക്കാനായി പലരുടെയും ശ്രമം. ചിലര്‍ പാപ്പായുടെ കൂടെനിന്ന് ഫോട്ടോ എടുത്തു. പിന്നെ കാന്‍റീന്‍ ജീവനക്കാരും മാനേജറും ഒരുമിച്ച് പാപ്പായ്ക്കൊപ്പം പടമെടുത്തു. കാന്‍റീന്‍റെ പ്രവര്‍ത്തന രീതികളെയും സംവിധാനങ്ങളെയും കുറിച്ച് കണ്ടും കേട്ടും പാപ്പാ മനസ്സിലാക്കി. വത്തിക്കാന്‍ കാന്‍റീനില്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് അന്ന് വിശിഷ്ടാതിഥിയായി എത്തിയ പാപ്പാ ഫ്രാന്‍സിസ് ഏകദേശം 1 മണി കഴിഞ്ഞപ്പോഴാണ് കാറില്‍ കയറി, പേപ്പല്‍ വസതി ‘സാന്താ മാര്‍ത്ത’യിലേയ്ക്ക് യാത്രയായത്. പാപ്പായുടെ കൂടെ വളരെ അടുത്ത അംഗരക്ഷകന്‍, സാന്ദ്രോ മാരിയോത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ.









All the contents on this site are copyrighted ©.