2014-07-26 20:30:04

ദൈവരാജ്യത്തിന്‍റെ
ലാളിത്യമാര്‍ന്ന ജീവിതക്രമങ്ങള്‍


RealAudioMP3
വിശുദ്ധ ലൂക്കായുടെ സുവിശേഷം 14, 1. 7-14
കൈതാക്കാലം ഒന്നാം ഞായര്‍ - സീറോമലബാര്‍ റീത്ത്

“ഒരു സാബത്തില്‍ ക്രിസ്തു ഫരീസേയ പ്രമാണികളില്‍ ഒരുവന്‍റെ വീട്ടില്‍ ഭക്ഷണത്തിനു പോയി. ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവിടുന്ന് അവരോട് ഈ ഉപമ പറഞ്ഞു.
ആരെങ്കിലും നിങ്ങളെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്.
ഒരു പക്ഷേ, നിന്നെക്കാള്‍ ബഹുമാന്യനായ ഒരാളെ ആ വീട്ടുകാരന്‍ ക്ഷണിച്ചിട്ടുണ്ടായിരിക്കാം.
നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന്‍ വന്ന്, ഇവനു സ്ഥലം കൊടുക്കുക എന്നു പറയാന്‍ ഇടയാകും. അപ്പോള്‍ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കേണ്ടി വരും. അതുകൊണ്ട്, വിരുന്നിനു ക്ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കുക. ആതിഥേയന്‍ വന്നു നിന്നോട്, സ്നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നു പറയട്ടെ. അപ്പോള്‍ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നീ ബഹുമാന്യനാകും.”
“തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.”

ക്ഷണിച്ചവ ഫരീസേയനോടു് ക്രിസ്തു ഇങ്ങനെ പറഞ്ഞു.
നീ ഒരു സദ്യയോ വിരുന്നോ നല്കുമ്പോള്‍ നിന്‍റെ സ്നേഹിതനെയോ, സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്. ഒരു പക്ഷേ, അവര്‍ നിന്നെ പകരം വിരുന്നിനു ക്ഷണിക്കുകയും, അതു നിനക്കു പ്രതിഫലമാവുകയും ചെയ്യും. എന്നാല്‍, നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുക. അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും.
എന്തെന്നാല്‍ പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ലല്ലോ. നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍ നിനക്ക് അങ്ങനെ പ്രതിഫലം ലഭിക്കും.”

ഗന്ധവര്‍വ്വഗായകന്‍, യേശുദാസിനെ വെള്ളയുടുത്തു കാണാനേ സാധിച്ചിട്ടുള്ളൂ.
അദ്ദേഹം പറഞ്ഞത്. It’s a symbol of simplicity എന്നാണ്. തൃപ്പൂണിത്തുറ സംഗീത അക്കാഡമിയില്‍നിന്നും ഗാനഭൂഷണ്‍ പാസ്സായി, തിരുവനന്തപുരത്തു ചെന്നതും, ക്രിസ്ത്യാനിയായ ദാസിന് പ്രശ്നങ്ങളായി. സതീര്‍ത്ഥ്യരായി അന്ന് അവിടെയുണ്ടായിരുന്നത് ഉന്നതകുലസ്ഥരും... ചില രാജകുടുംബ- ക്കാരുമൊക്കെയായിരുന്നു. ദാസിന് ഹോസ്റ്റലില്‍ ഇടംകൊടുത്തില്ല. അന്നത്തെ പ്രിന്‍സിപ്പാള്‍ പയ്യന്‍റെ കഴിവുകണ്ട് കാര്‍ ഷെഡില്‍ പാര്‍ക്കാന്‍ അനുവദിച്ചു.
അങ്ങനെ 9 മാസത്തോളം കാര്‍ഷെഡില്‍. ക്ലാസ്സില്‍ കൂട്ടുകാര്‍ ആണുംപെണ്ണുമൊക്കെ വര്‍ണ്ണക്കുപ്പായങ്ങള്‍ അണിഞ്ഞപ്പോള്‍, ദാസ് വെള്ള ഒറ്റമുണ്ടും ഷര്‍ട്ടുമായിരുന്നു. വര്‍ണ്ണത്തുണി വാങ്ങാനുള്ള വക അന്ന് ദാസിന് അചിന്തനീയമായിരുന്നു. വിവേചനത്തിന്‍റെയും ഒറ്റപ്പെടലിന്‍റെയും മുറിവുകള്‍ പേറിയെങ്കിലും, ഉള്ളിലേറ്റിയ സംഗീതപ്രേമം കൊച്ചിക്കാരന്‍ പയ്യനെ മുന്നോട്ടു തന്നെ നയിച്ചു. എന്തിന് കാട്ടാശ്ശേരി അഗസ്റ്റിന്‍ ജോസഫ് യേശുദാസ് ഡബില്‍ പ്രോമഷനും ഫസ്റ്റ്ക്ലാസ്സുമായിട്ടാണ് ഗാനപ്രവീണ പൂര്‍ത്തിയാക്കി പുറത്തുവന്നത്.
എന്നും ഈ വേദനയുടെ നാളുകള്‍ ഓര്‍ക്കാനും, എളിയവനായി ജീവിക്കാനും യേശുദാസ് ഇഷ്ടപ്പെട്ടു. സപ്തതിയുടെ നിറവിലും മലയാളിയുടെ കെ. ജെ. യേശുദാസ് അന്നും ഇന്നും വെള്ള മുണ്ടും ഷര്‍ട്ടുംതന്നെ! തന്‍റെ ജീവിതവഴികള്‍ എന്നും ഓര്‍ക്കുവാനും, ലാളിത്യത്തില്‍ സംഗീതസപര്യ മരണംവരെ തുടരുവാനും...എന്നാണ് യേശുദാസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്‍റെ വാക്കുകളില്‍ ... a symbol of simplicity.


വിശുദ്ധ ലൂക്കായുടെ ‘വിചാരവേദി’യെന്ന് അല്ലെങ്കില്‍ ലൂക്കന്‍ ‘സിമ്പോസിയം’ എന്ന് ബൈബിള്‍ നിരുപകന്മാര്‍ വിശിഷേപ്പിച്ചിട്ടുള്ള വേദഭാഗമാണ് നാം വായിച്ചു കേട്ടത്. ഇവിടെ ക്രിസ്തു പരാമര്‍ശിക്കുന്നത് ദൈവരാജ്യത്തിന്‍റെ ലാളിത്യമാണ്. ക്രിസ്തുവിനോടൊപ്പം പന്തിയിലിരുന്ന രണ്ടു കൂട്ടര്‍ക്കും അവിടുന്നു ഉപദേശം നല്കുന്നു - അതിഥിക്കും ആതിഥേയനും ഒരുപോലെ. അതിഥിയോട് 14, 7-11 : “ആരെങ്കിലും നിന്നെ ക്ഷണിച്ചാല്‍ പ്രമുഖസ്ഥാനത്ത് കയറിയിരിക്കരുത്. വിരുന്നിനു ക്ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്ഥാനത്തു പോയി ഇരിക്കുക. അപ്പോള്‍ നിനക്കു മഹത്ത്വമുണ്ടാകും. ആതിഥേയന്‍ വന്ന് നിന്നെ മാനിച്ച്. മുന്‍പന്തിയിലേയ്ക്ക് കയറ്റിയിരുത്താന്‍ ഇടയുണ്ട്.”
ആതിഥേയനോട് 14, 12-14 “നീ സദ്യ നടത്തുമ്പോള്‍ ധനികരെ വിളിക്കരുത്. മറിച്ച്, ദരിദ്രരെ വളിക്കുക. അവര്‍ നിനക്ക് പ്രതിഫലം നേടിത്തരും.”

അത്ര മര്യാദയുള്ള അതിഥിയല്ലല്ലോ ക്രിസ്തു, എന്നു ചിന്തിച്ചുപോകാം. കാരണം, ഫരിസേയ പ്രമാണികളിലൊരാളാണ് അവിടുത്തെ വിരുന്നിനു ക്ഷണിച്ചത്. അയാളുടെ വീട്ടി‍ല്‍ വിരുന്നിനു പോയ ക്രിസ്തു, അവിടെ വന്ന മറ്റു പ്രമാണിമാരെയും ആതിഥേയന്‍റെ സുഹൃത്തുക്കളെയും ഇരുത്തിക്കൊണ്ടാണ് ഈ തിരുത്തല്‍, അല്ലെങ്കില്‍ കുറ്റപ്പെടുത്തല്‍ നടത്തിയത്. ക്ഷണിച്ചവനും കണക്കിനു കിട്ടി, എന്നു പറയാം. അതിനു പഴയ നിയമത്തിലെ ജ്ഞാനിയെ കൂട്ടും പിടിച്ചു. സഭാപ്രഭാഷകന്‍ ഇങ്ങനെ പറഞ്ഞു വച്ചിരുന്നു (സഭാ. 25, 6-7). “രാജസന്നിധിയില്‍ മുന്‍നിരയില്‍ കയറി നില്ക്കുകയോ
സമുന്നതരോടൊപ്പം സ്ഥാനംപടിക്കുകയോ അരുത്. രാജസദസ്സില്‍ പിറകോട്ടു മാറ്റി നിര്‍ത്തപ്പെടുന്നതിനേക്കാല്‍ അഭികാമ്യം, സ്നേഹിതാ, മുന്‍പോട്ടു കയറിവരുക, എന്ന് ക്ഷണിക്കപ്പെടുകയല്ലേ!”

സമൂഹത്തില്‍ സ്ഥാനമാനങ്ങളും ഉയര്‍ച്ചയും കയറ്റവും കിട്ടുവാനും, അന്തസ്സില്ലാത്ത പെരുമാറ്റവും മുഖസ്തുതികളുംകൊണ്ട് കാര്യം നേടുവാനും നോക്കുന്നവരുടെ കാലമാണിത്. Self esteem സ്വാഭിമാനം എന്നൊന്ന് ഇന്ന് സമൂഹത്തില്‍ കാണാതായിരിക്കുന്നു. സ്വാഭിമാനം ഇല്ലാത്തവരാണ് കഴിവില്ലെങ്കിലും മറ്റുള്ളവരുടെ തണലിലും സ്വാധീനത്തിലും വളരാന്‍ ആഗ്രഹിക്കുന്നത്. മുന്‍പില്‍ കയറിനിന്ന് ആളാകാന്‍ ശ്രമിക്കുന്നവരും ഇക്കൂട്ടരാണ്. സ്വതന്ത്രനായ വ്യക്തിയ്ക്ക് മറ്റൊരാളുടെ പ്രശംസയോ ഒത്താശയോ ആവശ്യമില്ല. സമൂഹത്തിലും സ്ഥാപനത്തിലും സ്ഥാനം പിടിച്ചുപറ്റാനും, മുന്‍പന്തിയിലെത്താനും, മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാനും ചിലര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ കണ്ട് സ്തംഭിച്ചു പോവുകയാണ്. സമൂഹത്തിന്‍റെയും സ്ഥാപനത്തന്‍റെയും മുഖ്യവേദിയില്‍ കയറിപ്പറ്റാനും, അവിടെ ഷൈന്‍ചെയ്യാനും മറ്റും, ചിലര്‍ കാണിച്ചുകൂട്ടുന്ന ആവേശം ഭയാനകമാണ്. മനുഷ്യരെ ശുശ്രൂഷിക്കുവാനോ പ്രസ്ഥാനത്തെ നന്നാക്കുവാനോയുള്ള താത്പര്യമൊന്നുമല്ലിത്! എനിക്കെന്തു കിട്ടും, എനിക്കെന്തു കിട്ടും എന്നുനോക്കി മെക്കിട്ടുകേറുന്ന ശൈലിയാണ് ചുറ്റുംകാണുന്നത്. സ്ഥാനമാനങ്ങള്‍ ജീവിത ലക്ഷൃമാക്കുന്നവരെക്കുറിച്ച് സഹതാപമാണ് തോന്നുന്നത്.

ദൈവം നമുക്കു നല്കിയ കഴിവുകള്‍ ദൈവത്തെയും സമൂഹത്തെയും ജനങ്ങളെയും ശുശ്രൂഷിക്കാനായി ആര്‍ജ്ജവത്തോടെ ഉപോയോഗിക്കുമ്പോള്‍ അംഗീകാരം താനേ കിട്ടും. അംഗീകരിക്കപ്പെടുകയെന്നത് മനഃശ്ശാസ്ത്രപരമായ ആവശ്യമാണ്. എന്നാല്‍, ചിലപ്പോള്‍ കാത്തിരിക്കേണ്ടിവരും. തലതൊട്ടപ്പന്മാരെയും അധികാരികളെയുംവച്ച്, അവരുടെ പിന്‍താങ്ങലോടെ അര്‍ഹതയില്ലാത്ത സ്ഥാനം പിടിച്ചെടുക്കുന്നതാണോ മഹത്ത്വം? അതോ മറ്റാരുടെയും തണലില്ലാതെ ദൈവത്തിന്‍റെ തണലില്‍ വളരുന്നതോ?!

വിരുന്നുകളിലാണ് പലപ്പോഴും നാം ക്രിസ്തുവിനെ കണ്ടുമുട്ടുന്നത്. അവിടുത്തെ മനോഹരമായ ധ്യാനങ്ങളും ഇടപെടലുകളും സംഭവിക്കുന്നത് അവിടെയാണ്, വിരുന്നു മേശയിലാണ്. ജീവിതത്തിന്‍റെ സ്വാഭാവികതയില്‍, സാധാരണ ഭാഷണത്തിലൂടെ അവിടുന്നു ജീവിതപാഠങ്ങള്‍ പകര്‍ന്നുതരുന്നു. വിരുന്നുമേശ ക്രിസ്തുവിന് ദൈവരാജ്യത്തിന്‍റെ പ്രതീകമാണ്. വലുപ്പചെറുപ്പങ്ങളില്ലാതെ എല്ലാവരും മേശയ്ക്കു ചുറ്റുമിരുന്ന് പങ്കുവയ്ക്കുന്ന ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സമത്വത്തിന്‍റെയും വിരുന്നു മേശയാണത്. ഈ വരുന്നുമേശയിലൂടെ ക്രിസ്തു ഇന്നു നല്കുന്ന മൂല്യവിചാരം എളിമയുടേതും ലാളിത്യമാര്‍ന്ന ജീവിത ശൈലിയുടേതുമാണ്.
എത്രയോ ചെറിയ കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിന്‍റെ ചരടുകളെ നിയന്ത്രിക്കുന്നത്. നമ്മള്‍ സ്വതന്ത്രരാണ് എന്നൊക്കെ പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ദാസരെ യജമാനന്മാരായി തെറ്റിദ്ധരിക്കുകയാണ് ഏറ്റവും വലിയ ദുരന്തം. അയാഥാര്‍ത്ഥ്യമായതിനെ യഥാര്‍ത്ഥമെന്നും, യഥാര്‍ത്ഥമായതിനെ ഭ്രമമായും കരുതുന്ന മനസ്സിന്‍റെ താളപ്പിഴയെ ‘ഹലൂസിനേഷന്‍’ എന്ന് നമ്മള്‍ വിളിക്കാറുണ്ടല്ലോ. ആത്യന്തികമായി ഇത്തരം ഭ്രമാത്മകതയ്ക്ക് വിധേയരാണ് നമ്മള്‍ കണ്ടുമുട്ടുന്ന ധാരാളം മനുഷ്യര്‍. വിവേകാനന്ദസ്വാമികള്‍ പറഞ്ഞിട്ടുള്ളതുപോലെ, അന്യവീട്ടില്‍ വേലയ്ക്കുനില്ക്കുന്ന ആയയെപ്പോലെ, ഈ വീടും അത്താഴവും കുഞ്ഞമൊക്കെ എന്‍റേതാണെന്ന് അവര്‍ തെറ്റിദ്ധരിക്കുകയാണ്.

സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നു നാം വായിച്ചിട്ടുണ്ട്. എന്താണ് സത്യം? സ്വന്തം ജീവിതത്തിലെ യജമാനനേത് ദാസനേത്, ക്ഷണികമേത് നിത്യതയേത്, ക്ഷയമേത് അക്ഷയമേത്, സത്രമേത് വീടേത്, വലുതേത് ചെറുതേത് തുടങ്ങിയ വ്യക്തമായ അവബോധമാണ് സത്യം. അത്തരമൊരു സത്യത്തിന്‍റെ വെള്ളിവെളിച്ചം നമുക്കു തരുന്ന വിടുതലിന് തുല്യമായ മറ്റൊന്നില്ല. ഇന്നലെവരെ ഏറ്റവും വിലയുള്ളതായി കരുതിയത് വൈക്കോലുപോലെ നിസ്സാരമായി ഇനി വെളിപ്പെട്ടുകിട്ടും. ഈ ബോധമില്ലാത്തവര്‍ വലുപ്പം ചമഞ്ഞുതന്നെ ജീവിക്കും. വലിയവരാകാന്‍ ആഗ്രഹിക്കുന്നവര്‍, വലുപ്പം ചമയുകയല്ല വേണ്ടത്. എളിമയില്‍ ചെറിയവരായി ജീവിക്കുക. അതായിരിക്കും വ്യക്തി മഹത്വവും മഹാത്മ്യവുമെന്നാതാണ് ഇന്നത്തെ വചനസമീക്ഷ.

ആന്തരികതകള്‍ കളഞ്ഞുപോകുമ്പോഴാണ് മനുഷ്യര്‍ ബാഹ്യമായ ആഡംബരങ്ങളിലും അധികാരത്തിലും അഭിരമിക്കുന്നത്. സംസ്ക്കാരത്തിന്‍റെ ശുദ്ധീകരണത്തിന് വിധേയമാകാത്ത ഗോത്രങ്ങള്‍ കടുംവര്‍ണ്ണങ്ങളാണ് ഉപയോഗിക്കുന്നത്... എന്നാല്‍ ദൈവദര്‍ശനം ലഭിച്ചൊരാള്‍ ഉണരുന്നത് ലളിതമായ ജീവിതക്രമങ്ങളിലേയ്ക്കാണ്. അതുകൊണ്ടാണ് അസ്സീസിയിലെ ഫ്രാന്‍സിസ് തന്‍റെ പിന്നാലെ എത്തിയവര്‍ക്കുവേണ്ടി ഇങ്ങനെ കുറിച്ചത്. ‘എന്‍റെ സഹോദരങ്ങള്‍ ഈ ഭൂമിയില്‍ ഒരംഗുലം മണ്ണുപോലും സ്വന്തമാക്കാതിരിക്കട്ടെ. ഈ വാഴ്വില്‍ അവര്‍ തങ്ങളെത്തന്നെ യാത്രികരായി കരുതട്ടെ!’ പൊങ്ങച്ചങ്ങളുടെയും പൊള്ളത്തരങ്ങളുടെയും കാലത്തില്‍ ക്രിസ്തു ലോകത്തിന് കാണിച്ചുതന്ന ലളിതമായ ജീവിതശൈലികളുടെ അങ്കിയാണ് അസ്സീസിയിലെ സിദ്ധന്‍, വിശുദ്ധ ഫ്രാന്‍സിസ് വച്ചുനീട്ടിയത്. ഈ ഭൂമിയില്‍ ഒരു സഞ്ചാരിയുടെ ലാളിത്യമാര്‍ന്ന ദൈവശാസ്ത്രം രൂപപ്പെടുത്തുകയാണ് പ്രധാനം.








All the contents on this site are copyrighted ©.