2014-07-25 18:39:35

പാവങ്ങളുടെ വര്‍ഷത്തില്‍
പാപ്പായുടെ ഫിലിപ്പീന്‍സ് സന്ദര്‍ശനം


25 ജൂലൈ 2014, മനില
2015 ഫിലിപ്പീന്‍സ് പാവങ്ങളുടെവര്‍ഷം ആചരിക്കുന്നു. അല്‍മായരെ ശാക്തീകരിച്ചുകൊണ്ട്, അവരെ സഭയുടെ നവസുവിശേഷവത്ക്കരണ പദ്ധതിയില്‍ ക്രിയാത്മകമായും പങ്കുകാരാക്കുകയാണ് ഈ വര്‍ഷത്തിന്‍റെ പ്രവര്‍ത്തനലക്ഷൃമെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ബിഷപ്പ് സോക്രട്ടീസ് വിലാഗസ് മനിലയില്‍ ഇറക്കിയ പ്രസ്താവന അറിയിച്ചു.

പാവങ്ങളുടെ വര്‍ഷത്തിലെ ജനുവരി മാസത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഫിലിപ്പീന്‍സ് സന്ദര്‍ശിക്കുന്നത് ഏറെ പ്രത്യാശപകരുന്നതും പ്രതീകാത്മകവുമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. 2021-ല്‍ അവസാനിക്കുന്ന ഒന്‍പതു വര്‍ഷത്തെ നീണ്ട അജപാലനപദ്ധതിയിലൂടെ വിശ്വാസസമൂഹത്തെ ബലപ്പെടുത്തുവാനുള്ള കര്‍മ്മപദ്ധതിയാണ് കര്‍ദ്ദിനാള്‍ താഗ്ലേയുടെ നേതൃത്വത്തില്‍ ദേശീയ മെത്രാന്‍ സമിതി ഒരുക്കിയിരിക്കുന്നതെന്ന്, ബലാംഗാ രൂപതാദ്ധ്യന്‍കൂടിയായ ബിഷപ്പ് വിലാഗസ് പ്രവര്‍ത്തനങ്ങളെക്കുറിച്ചു ജൂലൈ 24-ാം തിയതി വ്യാഴാഴ്ച നല്കിയ മാധ്യമ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

2013- അജപാലനപദ്ധതിയുടെ ആദ്യവര്‍ഷം സമഗ്രവിശ്വാസ രൂപീകരണത്തിനായിരുന്നെങ്കില്‍ 2014 അല്‍മായര്‍ക്കും, 2015 പാവങ്ങള്‍ക്കും, 2016 ദിവ്യകാരുണ്യവും കുടുംബങ്ങളും, 2017 ഇടവകസമൂഹം, 2018 വൈദികരും സന്ന്യസ്തരും, 2019 യുവജനം, 2020 സഭകളുടെ ഐക്യം മതാന്തരസംവാദം, 2021 ഫിലിപ്പീന്‍സിന്‍റെ മിഷനറിദൗത്യം എന്നിങ്ങനെയാണ് അജപാലനവര്‍ഷത്തിന്‍റെ കര്‍മ്മപദ്ധതി ഒരുക്കിയിരിക്കുന്നതെന്ന് ബിഷപ്പ് വിലാഗസ് അറിയിച്ചു.








All the contents on this site are copyrighted ©.