2014-07-25 19:16:14

ജീവന്‍റെ സംരക്ഷ
പാവങ്ങളുടെ പരിരക്ഷയെന്ന് പാപ്പാ


24 ജൂലൈ 2014, വത്തിക്കാന്‍
പാവങ്ങളെയും പരിക്ഷീണിതരെയും ഉള്‍ക്കൊള്ളുന്നതാകണം ജീവന്‍റെ പരിരക്ഷണ പദ്ധതിയെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഇംഗ്ലണ്ടിലെയും അയര്‍ലണ്ടിലെയും സഭ ജൂലൈ 27-ാം തിയതി ഞായറാഴ്ച സംയുക്തമായി ആചരിക്കുന്ന ‘ജീവന്‍റെ ദിന’ത്തിന് (Day ProLife) വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ വഴി അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ജീവന്‍റെ അടിസ്ഥാന അവകാശത്തിനും സംരക്ഷണയ്ക്കുമായി ഇന്നിന്‍റെ മരണസംസ്ക്കാരത്തെ നിയമപരമായി പോരാടുക മാത്രമല്ല, സമുഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുകയും, ജീവന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ക്ലേശിക്കുകയും ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളിലേയ്ക്ക് ശ്രദ്ധതിരിക്കുകായാണുവേണ്ടതെന്ന്
പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

ഇംഗ്ലണ്ട്, അയര്‍ലണ്ട്, സ്കോട്ടലണ്ട്, വെയില്‍സ് എന്നിവിടങ്ങളെ സഭ കൂട്ടമായി 2014-ല്‍ ജീവന്‍റെ ദിനം ആചരിക്കുമ്പോള്‍ ദൈവികദാനമായ ജീവന്‍റെ മൂല്യവും പവിത്രതയും വിശ്വാസികള്‍ക്ക് വിശിഷ്യാ യുവതലമുറയ്ക്കു നല്കുവാനാകുമെന്നും, ക്രിസ്തുവിന്‍റെ കാരുണ്യാതിരേകം പാവങ്ങളോടു കാണിച്ചുകൊണ്ട് ജീവനോടുള്ള ആദരം നവമായി പ്രകടമാക്കണമെന്നും പാപ്പാ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

പാപ്പായുടെ സന്ദേശം ജീവന്‍റെ ദിനമായ ജൂലൈ 27 ഞായറാഴ്ച ഇടവക ദേവാലയങ്ങളിലൂടെയും ആധുനിക മാധ്യമ ശൃംഖലകളിലൂടെയും വിശ്വാസികള്‍ക്ക് ലഭ്യമാക്കുമെന്ന് മെത്രാന്‍ സമിതിക്കുവേണ്ടി വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് വിന്‍സന്‍റ് നിക്കോള്‍സ് പ്രസ്താവിച്ചു.

ജീവനുവേണ്ടിയുള്ള പാപ്പായുടെ സന്ദേശം #livelife എന്ന link-ല്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.