2014-07-24 20:06:43

ഫാദര്‍ ജോയ് ആലപ്പാട്ട് അമേരിക്കയിലെ
സീറോ-മലബാര്‍ രൂപതയുടെ സഹായമെത്രാന്‍


24 ജൂലൈ 2014, വത്തിക്കാന്‍
ഫാദര്‍ ജോയ് ആലപ്പാട്ടിനെ അമേരിക്കയില്‍ ചിക്കാഗോ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സീറോ-മലബാര്‍ രൂപതയുടെ സഹായമെത്രാനായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.
കേരളത്തില്‍ ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര സ്വദേശിയാണ് നിയുക്തമെത്രാന്‍, ജോയ് ആലപ്പാട്ട്.
തോമാശ്ലാഹായുടെ നാമത്തിലുള്ള ചിക്കാഗോ സീറോ-മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദേവാലയത്തിന്‍റെ റെക്ടറായി സേവനംചെയ്യവെയാണ് ഫാദര്‍ ആലപ്പാടിന് പുതിയ നിയമനം ലഭിച്ചത്. മെത്രാന്‍ സ്ഥാനത്തേയ്ക്കുള്ള സീറോമലബാര്‍ സിനഡിന്‍റെ നാമനിര്‍ദ്ദേശം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചുകൊണ്ടാണ് വത്തിക്കാനില്‍ ജൂലൈ 24-ാം തിയതി ബുധനാഴ്ച രാവിലെ നിയമന പ്രഖ്യാപനം നടന്നത്.

1956-ല്‍ ഇരിങ്ങാലക്കുടയിലാണ് ജനനം. രുപാത സെമിനാരിയിലും, പിന്നീട് ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1981-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള നിയുക്തമെത്രാന്‍ ജോയ് ആലപ്പാട്ട്, അമേരിക്കയിലെ ജോര്‍ജ്ജ് ടൗണ്‍ സര്‍വ്വകലാശാലയില്‍നിന്നും പാസ്റ്ററല്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഉന്നതപഠനം നടത്തിയിട്ടുണ്ട്. നിയുക്തമെത്രാന്‍ 1999-മുതല്‍ അമേരിക്കയില്‍ അജപാലനശ്രൂശ്രൂഷ ചെയ്തുവരികയാണ്.








All the contents on this site are copyrighted ©.