2014-07-23 18:32:22

നവീകരണ പ്രസ്ഥാനങ്ങള്‍
വത്തിക്കാനില്‍ സംഗമിക്കും


23 ജൂലൈ 2014, വത്തിക്കാന്‍
സഭയിലെ നവീകരണ പ്രസ്ഥാനങ്ങള്‍ വത്തിക്കാനില്‍ സംഗമിക്കും. ആഗോളസഭയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാത്തരം നവീകരണ പ്രസ്ഥാനങ്ങളും നവംമ്പറില്‍ വത്തിക്കാനില്‍ സംഗമിക്കുമെന്ന്, അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ ജലൈ 22-ാം തിയതി ചൊവ്വാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

നവംബര്‍ 20-മുതല്‍‍‍‍‍ 22-വരെ തിയതികളിലാണ് സഭയുടെ പ്രേഷിതമേഖലയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതും വത്തിക്കാനുമായി ഇതിനു മുന്‍പും ബന്ധപ്പെട്ടിട്ടുള്ളതുമായ അല്‍മായ പ്രസ്ഥാനങ്ങള്‍ മൂന്നാമത്തെ ആഗോളസംഗമത്തിനായി വത്തിക്കാനില്‍ എത്തുന്നത്.

1998-ലും 2006-ലും യഥാക്രമം വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്തും, മുന്‍പാപ്പാ ബനഡിക്ടിന്‍റെ കാലത്തും വത്തിക്കാനില്‍ സംഗമിച്ച അല്‍മായ പ്രസ്ഥാനങ്ങള്‍ ഇക്കുറി, പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധനം Evangelii Gaudium ‘സുവിശേഷസന്തോഷം ലക്ഷൃംവയ്ക്കുന്ന പ്രേഷിതാനന്ദം’ എന്ന പ്രതിപാദ്യവിഷയം കേന്ദ്രീകരിച്ച് നമ്മുടെ നവീകരണ പ്രസ്ഥാനങ്ങള്‍ക്കായി കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവനയില്‍ വ്യക്തമാക്കി.

സഭയിലെ അല്‍മായ പ്രസ്ഥാനങ്ങളെ കാലികമായി പിന്‍തുണയ്ക്കുകയും നവീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും, പാപ്പാ ഫ്രാന്‍സിസിന്‍റെ കര്‍മ്മപദ്ധതിയില്‍ ഏറെ സുവ്യക്തവും നിര്‍ണ്ണായകവുമായി പ്രേഷിതദര്‍ശനം അല്‍മായര്‍ക്കും നല്കുവാന്‍ നവംബര്‍ സംഗമത്തിന് സാധിക്കുമെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രത്യാശപ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.