2014-07-22 10:45:02

സങ്കീര്‍ത്തനങ്ങളിലെ
ദൈവശാസ്ത്രവീക്ഷണം (16)


RealAudioMP3
ഈ പ്രക്ഷേപണത്തില്‍ സങ്കീര്‍ത്തനങ്ങളുടെ പഠനം രണ്ടാം ഭാഗത്തേയ്ക്ക് നാം കടക്കുകയാണ് - സങ്കീര്‍ത്തനങ്ങളുടെ ദൈവശാസ്ത്രപരമായ വീക്ഷണമാണ് ഈ ഭാഗത്ത് നാം പഠിക്കുന്നത്. ആമുഖപഠനത്തില്‍ സങ്കീര്‍ത്തനങ്ങളുടെ സാഹിത്യഗണങ്ങളെക്കുറിച്ച്, അല്ലെങ്കില്‍ സാഹിത്യപരമായ തരംതിരിവുകളെക്കുറിച്ച് നാം കണ്ടതാണ്. 14 പരമ്പരകളിലായി 14 സാഹിത്യഗണങ്ങള്‍ നാം കാണുകയുണ്ടായി.
സ്തുതിപ്പുകള്‍, നന്ദിപ്രകടനങ്ങള്‍, വിലാപങ്ങള്‍, വിജ്ഞാനപരമായവ, ചരിത്രപരമായത്, ആരാധനക്രമപരമായത്, യാചനാപരമായത്, രാജകീയ സങ്കീര്‍ത്തനങ്ങള്‍, ശരണസങ്കീര്‍ത്തനങ്ങള്‍, സാന്ത്വനഗീതങ്ങള്‍ എന്നിങ്ങനെ 14 ഗണങ്ങളും അവയ്ക്കുള്ള മാതൃകകളും നാം ഒന്നൊന്നായി പഠിക്കുകയുണ്ടായി.

ഇനി രണ്ടാമത്തെ ഭാഗത്ത് സങ്കീര്‍ത്തനങ്ങളുടെ ദൈവശാസ്ത്രപരമായ വീക്ഷണമാണ് നമ്മുടെ ചര്‍ച്ചാവിഷയം. അതായത് പഴയനിയമകാലത്ത് ഉത്ഭവിച്ചതും വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പടുത്തിയിട്ടുള്ളതുമായ എല്ലാ സങ്കീര്‍ത്തനങ്ങളുടെയും കേന്ദ്രസ്ഥാനത്ത് ദൈവമാണ് എന്നതാണ് ഈ പ്രതിപാദ്യവിഷയം.
സങ്കീര്‍ത്തനങ്ങള്‍ ദൈവത്തെക്കുറിച്ചുള്ള സ്തുതിപ്പാണ്,
ദൈവനത്തിനുള്ള നന്ദിപ്രകടനമാണ്,
ദൈവത്തോടുള്ള യാചനയാണ്,
ദൈവത്തോടുള്ള വിലാപമാണ്,
ദൈവത്തിലുള്ള ശരണപ്പെടലാണ്,
ദൈവത്തിലുള്ള സാന്ത്വനം തേടല്‍ എന്നിവ സങ്കീര്‍ത്തനങ്ങുടെ ദൈവശാസ്ത്രവീക്ഷണമാണ്. അവയുടെ ദൈവശാസ്ത്ര വീക്ഷണം. ദൈവം എങ്ങനെ തന്‍റെ ജനത്തിന്‍റെ ചരിത്രത്തില്‍ ഇടപെടുന്നുവെന്ന് അവ വിവരിക്കുന്നു. ദൈവത്തെ ആരാധിക്കുന്ന കര്‍മ്മങ്ങള്‍ക്കുള്ളതാണ് മറ്റുചിലവ. ദൈവത്തിന്‍റെ അനന്തമായ വിജ്ഞാനം പ്രഘോഷിക്കുന്ന സങ്കീര്‍ത്തനങ്ങളും ഉണ്ട്. അങ്ങനെ സങ്കീര്‍ത്തകന്‍ ഇസ്രായേലിന്‍റെ മതാത്മകമായ ജീവിതപശ്ചാത്തലത്തിലാണ് സാഹിത്യഭംഗിയുള്ള ഈ ഹെബ്രായ കവിതകള്‍ മെനഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ജനത്തിന്‍റെ ഇനിയും തുടരുന്ന ദൈവവുമായുള്ള ഉടമ്പടയുടെയും പതറാത്ത വിശ്വാസത്തിന്‍റെയും പ്രതീകമാണ് ഇസ്രായേലിലെ സങ്കീര്‍ത്തനങ്ങള്‍ എന്നു നമുക്കു പറയാം.

ദൈവശാസ്ത്ര വീക്ഷണത്തിന് മാതൃകയായിട്ട് നാം ഉപയോഗിക്കുന്നത് 122-ാത്തെ സങ്കീര്‍ത്തനമാണ്. ദൈവത്തിന്‍റെ ആലയമായ ജരൂസലേമിലേയ്ക്കു പോകുന്നതിലുള്ള സന്തേഷം പ്രകടമാക്കുന്ന സങ്കീര്‍ത്തനം, ദൈവത്തെത്തന്നെയാണ് ഏറ്റുപറഞ്ഞ് പ്രകീര്‍ത്തിക്കുന്നത്.
ആലാപനം - ബന്ദുവും സംഘവും, സംഗീതാവിഷ്ക്കാരം – ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
Psalm 122

കര്‍ത്താവിന്‍റെ ആലയത്തില്‍ നമുക്കു പോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ സന്തോഷിച്ചു, ഞാന്‍ സന്തോഷിച്ചു.

1. കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക് നമുക്കു പോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു
ജരൂസലേമേ, ഇതാ ഞങ്ങള്‍ നിന്‍റെ കവാടത്തില്‍ എത്തിയിരിക്കുന്നു
ഞങ്ങള്‍ എത്തിയിരിക്കുന്നു.

ഏതു സാഹിത്യഗണമായിരുന്നാലും ശൈലിയായിരുന്നാലും,
എല്ലാ സങ്കീര്‍ത്തനങ്ങളും ദൈവത്തെ കേന്ദ്രീകരിച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത് എന്നതാണ് അടിസ്ഥാനപരമായി നാം മനസ്സിലാക്കേണ്ട സങ്കീര്‍ത്തനങ്ങളുടെ ദൈവശാസ്ത്ര സ്വഭാവം. ഇസ്രായേല്‍ ജനത്തിന് അവരുടെ ദൈവവുമായുള്ള ബന്ധമാണ് വ്യത്യസ്ത സാഹിത്യമൂഹൂര്‍ത്തങ്ങളില്‍ സങ്കീര്‍ത്തകന്‍ വര്‍ണ്ണിക്കുന്നത്. ദൈവത്തിന്‍റെ രക്ഷാകരമായ പ്രവൃത്തികളും കൂട്ടത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. അങ്ങനെ തലമുറകളായും, നൂറ്റാണ്ടുകളായും ഈ ഗീതങ്ങളിലൂടെ തങ്ങളുടെ പരമോന്നതനായ, രക്ഷകനായ ദൈവത്തെ സ്തുതിക്കുന്നതിനും വണങ്ങുന്നതിനും സങ്കീര്‍ത്തനങ്ങള്‍ ജനങ്ങളെ സഹായിക്കുന്നു. ചില പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ സങ്കീര്‍ത്തനങ്ങളില്‍ മാത്രമല്ല, പഴയനിയമ കാലത്ത് ദൈവശാസ്ത്രവീക്ഷണം - ഇസ്രായേലില്‍ സംഭവിച്ചവയെല്ലാം തന്നെ പൂര്‍ണ്ണമായും ദൈവത്തിന്‍റെ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ്. ദൈവം അബ്രാത്തോടു ചെയ്ത ഉടമ്പടി, പിന്നെ ദാവീദിനോട് ചെയ്ത വാഗ്ദാനം എന്നിങ്ങനെ, വാഗ്ദാനങ്ങളുടെ ദൈവത്തെയാണ് സങ്കീര്‍ത്തനങ്ങളിലെ ദൈവശാസ്ത്രം വ്യാഖ്യാനിക്കുന്നത്, എന്നും ബൈബിള്‍ പണ്ഡതന്മാര്‍ പഠിപ്പിക്കുന്നു.

മോശയുടെ കാലത്തും ദൈവം ഉടമ്പടികളുടെ നാഥനായിട്ടുള്ള ദൈവശാസ്ത്രമാണ് ചുരുളഴിയുന്നത്. സീനായ് മലയില്‍ ദൈവം മോശയിലൂടെ ഇസ്രായേല്‍ ജനവുമായി ചെയ്ത ഉടമ്പടി ഇക്കാലഘട്ടത്തിന്‍റെ ചരിത്രത്തില്‍, അതായത് ‘പുറപ്പാടി’ന്‍റെ ചരിത്രത്തില്‍ തെളിഞ്ഞുനില്കുന്നു. അങ്ങനെ സങ്കീര്‍ത്തനങ്ങളുടെ കേന്ദ്രമായ ദൈവശാസ്ത്ര ചിന്ത - ദൈവം തന്‍റെ ജനത്തോടു ചെയ്ത ഉടമ്പടിയാണെന്ന് സ്ഥാപിക്കാം.
അങ്ങനെ ദൈവം സ്നേഹാര്‍ദ്രനും കരുണാമയനും, തന്‍റെ ജനത്തെ കാക്കുന്നവനും പരിപാലിക്കുന്നവനുമാണെന്നും – അങ്ങനെ ദൈവം ജനപ്രീയനാണ്, ജനനാഥനാണെന്ന് എന്നും സങ്കീര്‍ത്തനങ്ങള്‍ ഏറ്റുപാടുന്നു.

ജൈവവികാരങ്ങള്‍ക്ക് അതീതമായ ദൈവാന്വേഷണം അല്ലെങ്കില്‍ സത്യാന്വേഷണം വെറും ബൗദ്ധികപ്രവര്‍ത്തവും, അല്ലെങ്കില്‍ ബുദ്ധി വ്യായാമവുമായി മാത്രം മാറാം. എന്നാല്‍ സങ്കീര്‍ത്തനങ്ങളാവട്ടെ പച്ചയായ മനുഷ്യവികാരങ്ങളില്‍ ദൈവത്തെ അവതരിപ്പിക്കുന്നു.
ജീവല്‍ബന്ധിയായ ചുറ്റുപാടുകളില്‍നിന്നുകൊണ്ട് സങ്കീര്‍ത്തകന്‍ ദൈവത്തിന്‍റെ ചിത്രം വരച്ചുകാട്ടുന്നു, എന്നതാണ് സങ്കീര്‍ത്തനങ്ങളുടെ വ്യക്തവും മനുഷ്യബന്ധിയുമായ ദൈവശാസ്ത്രവീക്ഷണം.
ദൈവിക സത്യങ്ങളില്‍, രഹസ്യങ്ങളില്‍ ആശ്ചര്യപ്പെടുകയും, അത് അനുഭവിക്കുകയും ചെയ്യുന്ന മനുഷ്യന്‍ അവിടുത്തെ സ്തുതിക്കുന്നു, അവിടുത്തേയ്ക്കു നന്ദിപറയുന്നു, അവിടുത്തെ പാടിപ്പുകഴ്ത്തുന്നു, തന്‍റെ വീഴ്ചകളെ ഓര്‍ത്ത് ദൈവസന്നിധിയില്‍ വിലപിക്കുന്നു, പിന്നെ വീണ്ടും ദൈവത്തില്‍ ശരണം പ്രാപിക്കുന്നു, ദൈവത്തിന് നന്ദിപറയുന്നു.

Psalm 122

കര്‍ത്താവിന്‍റെ ആലയത്തില്‍ നമുക്കു പോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ സന്തോഷിച്ചു, ഞാന്‍ സന്തോഷിച്ചു.

2. ശരിയായി പണിതീര്‍ത്ത നഗരമാണ് ജരൂസലേം
അതിലേയ്ക്ക് കര്‍ത്താവിന്‍റെ ഗോത്രങ്ങള്‍ കടന്നുവരുന്നു
ഇസ്രായേലിനോടും കല്പിച്ചതുപോലെ
നന്ദിയര്‍പ്പിക്കാന്‍ അവര്‍ വരുന്നു, അവര്‍ വരുന്നു.

ദൈവിക സാന്നദ്ധ്യമുള്ള സ്ഥലങ്ങളുടെ പേരു പറഞ്ഞ് പ്രകീര്‍ത്തിക്കുന്ന സങ്കീര്‍ത്തനങ്ങള്‍ ധാരാളമുണ്ട്. ജരൂസലേം, സെഹിയോന്‍, പരിശുദ്ധമല (പരിമല), യാവേയുടെ ആലയം എന്നിങ്ങനെ. ഇസ്രായേലിലെ ഗോത്രങ്ങളെല്ലാം തീര്‍ത്ഥാടനത്തിനായി ജരൂസലേമിലേയ്ക്കാണ് പോകുന്നത്. അവിടെ സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ സിംഹാസനത്തില്‍ ദൈവം സ്ഥിതിചെയ്യുന്നു. ദൈവത്തിന്‍റെ മഹത്വപൂര്‍ണ്ണമായ സാന്നിദ്ധ്യം ലോകത്തില്‍ എല്ലായിടത്തും ഉണ്ടെങ്കിലും ഇസ്രായേലിന്‍റെ ദൈവത്തെ ദര്‍ശിക്കാന്‍ സെഹിയോനില്‍ എത്തണം എന്നത് അന്നത്തെ ജനത്തിന്‍റെ വിശ്വാസമായിരുന്നു. അവിടെനിന്നാണ് സഹായവും രക്ഷയും പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് പ്രധാന തിരുനാളുകളില്‍ തീര്‍ത്ഥാടനത്തിനായി എല്ലാവര്‍ഷവും ജനങ്ങള്‍ ജരൂസലേമിലേയ്ക്ക്, സിയോനിലേയ്ക്ക് പോയിരുന്നു.

യാഹ്വേയുടെ ഭവനത്തിലേയ്ക്കു പോകാം, എന്നുള്ള ആഹ്വാനം സന്തോഷത്തിന്‍റെയും രക്ഷയുടെയും ആരംഭമാണ് (122, 1). ദൈവത്തിന്‍റെ സാന്നിദ്ധ്യമുള്ള സ്ഥലത്തോടുള്ള അഭിവാഞ്ഛ തീര്‍ത്ഥാടനത്തിന് ഉത്തേജനവും ഉത്സാഹവും നല്കുന്നു. അതുകൊണ്ട് യാത്രയുടെ ഭാരം പേറിയാണെങ്കിലും, ഒപ്പം വര്‍ദ്ധിച്ചുവരുന്ന ആത്മീയ ശക്തിയോടെയും ഉത്സാഹത്തോടെയും അവര്‍ ഈ ലക്ഷൃസ്ഥാനത്ത് എത്തുന്നു. വിശുദ്ധ നഗരത്തിന്‍റെ കവാടത്തിങ്കല്‍ എത്തുന്ന ഒരുവനെ ഏറ്റവും വലിയ ഭാഗ്യവും സന്തോഷവുമാണ് കാത്തിരിക്കുന്നത്. ഇവടെ ആനന്ദം നൃത്തം ചവിട്ടുന്ന സമൂഹമദ്ധ്യേ തീര്‍ത്ഥാടകന്‍ യാഹ്വേയുടെ സാമീപ്യം അനുഭവിക്കുന്നു. അവന്‍ യാഹ്വേയുടെ മഹത്വം ദര്‍ശിക്കുന്നു.
ദൈവം തങ്ങളുടെമദ്ധ്യേ ഉണ്ട്, എന്ന രഹസ്യവുമായി തീര്‍ത്ഥാടകര്‍ നവോന്മേഷം ആര്‍ജ്ജിക്കുന്നു. അതുകൊണ്ടാണ് കര്‍ത്താവ് ജീവന്‍റെ സ്രോതസ്സാകുന്നു എന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപാടുന്നു.

അവിടെ സന്നിഹിതനായ ജീവിക്കുന്ന ദൈവം സ്ഥലകാലാദികള്‍ക്ക് അപ്പുറമുള്ള ആനന്ദം ഭക്തനു പ്രദാനംചെയ്യുന്നു. അവിടെ വലിയ പ്രഭയും മഹത്ത്വവും ഉണ്ട്. അവിടെ സമാധാനവും അതിന്‍റെ പൂര്‍ണ്ണതയില്‍ കളിയാടുന്നു. കാരണം, ദൈവമായ കര്‍ത്താവിന്‍റെ ചിറകിന്‍ കീഴില്‍, അവിടുത്തെ ദൂതന്മാരുടെ ചിറകിന്‍കീഴില്‍ മനുഷ്യന്‍ അഗ്രാഹ്യമായ സംരക്ഷണ വലയം കണ്ടെത്തുന്നു, മനുഷ്യര്‍ അത് അനുദിനം ജീവിതത്തില്‍ അനുഭവിക്കുന്നു. അതിനാല്‍ നമുക്ക്.......

Psalm 122

കര്‍ത്താവിന്‍റെ ആലയത്തില്‍ നമുക്കു പോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ സന്തോഷിച്ചു, ഞാന്‍ സന്തോഷിച്ചു.

1. കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക് നമുക്കു പോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു
ജരൂസലേമേ, ഇതാ ഞങ്ങള്‍ നിന്‍റെ കവാടത്തില്‍ എത്തിയിരിക്കുന്നു
ഞങ്ങള്‍ എത്തിയിരിക്കുന്നു.


2. ശരിയായി പണിതീര്‍ത്ത നഗരമാണ് ജരൂസലേം
അതിലേയ്ക്ക് കര്‍ത്താവിന്‍റെ ഗോത്രങ്ങള്‍ കടന്നുവരുന്നു
ഇസ്രായേലിനോടും കല്പിച്ചതുപോലെ
നന്ദിയര്‍പ്പിക്കാന്‍ അവര്‍ വരുന്നു, അവര്‍ വരുന്നു.

3. ജരൂസലേമിന്‍റെ സമാധാനത്തിനായ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍
നിന്നെ സ്നേഹിക്കുന്നവര്‍ക്കെന്നും ഐശ്വര്യമുണ്ടാകും
നിന്‍റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും
നിന്‍റെ ഗോപുരത്തില്‍ സുരക്ഷയും നിലനില്ക്കുന്നു
സുരക്ഷയും നിലനില്ക്കുന്നു.








All the contents on this site are copyrighted ©.