2014-07-21 18:21:37

സമാധാനത്തിനായി
കേഴുന്ന വിശുദ്ധനാട്


21 ജൂലൈ 2014, ലോസ് ആഞ്ചെലസ്
ക്രിസ്തു വളര്‍ന്ന മണ്ണില്‍ സമാധാനം സംസ്ഥാപിതമക്കണമെന്ന് പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു. അമേരിക്കിയിലെ ലോസ് ആഞ്ചെലെസില്‍ പൗരസ്ത്യസഭാ പിതാക്കന്മാരും വിശുദ്ധരുമായ ഷാര്‍ബേലിന്‍റെയും ഏലിയായുടെയും തിരുനാളില്‍, ജൂലൈ 20-ാം തിയതി ഞായറാഴ്ചയാണ് കര്‍ദ്ദിനാല്‍ സാന്ദ്രി ഇങ്ങനെ പ്രസ്താവിച്ചത്.

വിശുദ്ധരായ ഏലിയായും ഷേര്‍ബായും ഏകാന്തതയിലും നിശബ്ദതയിലും ദൈവികൈക്യത്തില്‍ ആത്മീയസന്തോഷവും ശാന്തിയും കണ്ടെത്തിയവരാണെന്നും, ജീവിതവ്യഗ്രതകള്‍ക്കിടയിലും ദൈവികൈക്യത്തില്‍ ആയിരിക്കുന്നവര്‍ സമാധാനവും സന്തോഷവും ഉള്ളവരായിത്തീരുമെന്ന് ദിവ്യബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തില്‍ കര്‍ദ്ദിനാള്‍ സന്ദ്രി ഉദ്ബോധിപ്പിച്ചു. വിശുദ്ധനാട്ടിലും, സീറിയയിലും, ഇറാക്കിലും, ഈജിപ്തിലും, മദ്ധ്യപൂര്‍വ്വദേശത്തു പൊതുവെയും പീഡനങ്ങള്‍ അനുഭവിക്കുന്ന ക്രൈസ്തവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും, ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ മണ്ണില്‍ സമാധാനം പൂവണിയാന്‍ ഇടയാക്കണമെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി വചനപ്രഘോഷണമദ്ധ്യേ ഉദ്ബോധിപ്പിച്ചു.

നിരവധിയായ സമാധാനാഭ്യര്‍ത്ഥികളെ ധിക്കരിച്ചും യുദ്ധവും കലാപവും തുടരുന്ന രാജ്യങ്ങളില്‍, അധിക്രമങ്ങള്‍ അകന്ന് സമാധാനം യാഥാര്‍ത്ഥ്യമാകാന്‍ പ്രത്യാശകൈവിടാതെ പ്രാര്‍ത്ഥിക്കണമെന്ന്, പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍, ലോസ് ആഞ്ചെലസ്സിലെ വിശ്വാസികളെ കര്‍ദ്ദിനാള്‍ സാന്ദ്രി ഉദ്ബോധിപ്പിച്ചു.

ലബനീസ് മാരനൈറ്റ് സമൂഹം ജൂലൈ മാസത്തിന്‍റെ മൂന്നാം വാരത്തില്‍ ആഘോഷിക്കുന്ന വിശുദ്ധരായ ഷാര്‍ബെലിന്‍റെയും ഏലിയായുടെ തിരുനാള്‍, ലോസ് അഞ്ചെലസിലെ മാരനൈറ്റ് കമ്യൂണിറ്റിയുമായി ആഘോഷിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ സാന്ദ്രി.









All the contents on this site are copyrighted ©.