2014-07-21 18:06:22

ഭാരതത്തിന്‍റെ ദൈവശാസ്ത്ര പണ്ഡിതന്‍
ഫാദര്‍ കരോട്ടമ്പ്രേല്‍ അന്തരിച്ചു


21 ജൂലൈ 2014, ഷില്ലോങ്
വടക്കെ ഇന്ത്യയിലെ സില്‍ച്ചാര്‍ സലീഷ്യന്‍ പ്രോവിന്‍സ് അംഗവും അറിയപ്പെട്ട ദൈവശാസ്ത്ര പണ്ഡിതനുമായ ഫാദര്‍ സെബാസ്റ്റൃന്‍ കരോട്ടമ്പ്രേല്‍ 83, വാര്‍ദ്ധക്യ സഹജമായി രോഗങ്ങളാല്‍ ഷില്ലോങിലെ മേഘാലയില്‍വച്ചാണ് ജൂലൈ 20-ാം തിയതി ഞായറാഴ്ച അന്തരിച്ചത്.

അന്തിമോപചാര ശുശ്രൂഷകള്‍ ജൂലൈ 24-ാം തിയതി വ്യാഴാഴ്ച, ഉച്ചയ്ക്ക് 1 മണിക്ക്, പരേതന്‍റെ ഇളയ സഹോദരന്‍, രാജകോട്ടിന്‍റെ മുന്‍മെത്രാന്‍ ഗ്രിഗരി കരോട്ടമ്പ്രേല്‍ സി.എം.ഐ-യുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുമെന്ന്, പ്രവിന്‍ഷ്യല്‍ സുപീരിയര്‍ ഫാദര്‍ ജോര്‍ജ്ജ് മാളിയേക്കല്‍ അറിയിച്ചു.

കേരളത്തില്‍ കോട്ടയത്ത് പൈക്ക സ്വദേശിയാണ് ഫാദര്‍ കരോട്ടമ്പ്രേല്‍. ഇന്ത്യയില്‍ ഷില്ലോങിലെ സലേഷ്യന്‍ ദൈവശാസ്ത്ര വിദ്യാപീഠം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഫാദര്‍ കരോട്ടമ്പ്രേല്‍ റോമിലെ, സലേസിയാനും, ഊര്‍ബന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും, ഭാരതത്തിലെ ഇതര ദൈവശാസ്ത്ര കേന്ദ്രങ്ങളിലും അദ്ധ്യാപനം നടത്തിയിട്ടുണ്ട്.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സ്ഥാപിച്ച അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മിഷന്‍റെ അംഗമായി, മുന്‍പാപ്പ റാത്സിങ്കറിനോടൊപ്പവും പരേതന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഭയുടെ പരമ്പരാഗത ദൈവശാസ്ത്ര വീക്ഷണത്തോടൊപ്പം, സഭയുടെ മിഷണറി ദൈവശാസ്ത്രം, ഗിരിവര്‍ഗ്ഗക്രാരുടെ സാസ്ക്കാരിക പഠനം എന്നിവയിലും പ്രഗത്ഭനായിരുന്നു.
നിരവധി ദൈവശാസ്ത്രഗ്രന്ഥങ്ങളും, പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള പ്രഫസര്‍ കരോട്ടമ്പ്രേല്‍, വടക്കെ ഇന്ത്യയിലെ നിരവധി മിഷന്‍ സ്ഥാപനങ്ങളുടെ പ്രായോക്താവുമാണ്.

ഭാരതസഭയുടെ ദൈവശാത്ര പഠനം, രൂപീകരണം എന്നീ മേഖലകളിലും സലേഷ്യന്‍സഭയുടെ പ്രേഷിതരംഗത്തും അതികായനായിരുന്ന ഫാദര്‍ കരോട്ടമ്പ്രേല്‍, സന്ന്യസ-പൗരോഹിത്യ സമര്‍പ്പണത്തിന്‍റെ ഉത്തമമാതൃകയുമായിരുന്നെന്ന് ഷില്ലോങ് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഡിമിനിക്ക് ജാല എസ്ഡിബി ഫാദര്‍ കരോട്ടമ്പ്രേലിനെ വിശേഷിപ്പിച്ചു.








All the contents on this site are copyrighted ©.