2014-07-18 18:46:54

പാപ്പായ്ക്ക് അര്‍ജന്‍റീനിയന്‍
ടീമിന്‍റെ സ്നേഹോപഹാരം


18 ജൂലൈ 2014, ബ്യൂനസ് ഐരസ്
പാപ്പായ്ക്ക് അര്‍ജന്‍റീനയന്‍ ദേശീയ ഫുഡ്ബോള്‍ ടീമിന്‍റെ സ്നേഹോപഹാരം വത്തിക്കാനിലെത്തി.
അര്‍ജന്‍റീനിയന്‍ ദേശീയ ഫുഡ്ബോള്‍ ടീമിലെ എല്ലാ ടീം അംഗങ്ങളും ഒപ്പിട്ട ഇളനീലയും വെള്ളയും വരയുള്ള ഒന്നാം നമ്പര്‍ കളിക്കുപ്പായവും സന്ദേശവുമാണ് സ്നേഹോപഹാരമായി ദേശീയ ഫുട്ബോള്‍ അസ്സോസിയേഷന്‍ വത്തിക്കാനിലെത്തിച്ചത്. തങ്ങളുടെ ആത്മീയഗുരുവും ഫുട്ബോള്‍ പ്രേമിയുമായ പാപ്പായ്ക്ക് ജൂലൈ 17-ന് വ്യാഴാഴ്ചയാണ് ഉപഹാരം വത്തിക്കാനിലെത്തിച്ചതെന്ന്, വത്തിക്കാന്‍ പ്രസ്സ് ഓഫിസ് വെളിപ്പെടുത്തി.

ബസീലില്‍ അരങ്ങേറിയ ലോകകപ്പ് ഫുഡ്ബോള്‍ മേളയില്‍ ഫൈനല്‍സില്‍ അര്‍ജന്‍റീന ജര്‍മ്മനിയുമായി അധിക സമയക്കളിയിലെ ഏകഗോളില്‍ പരാജയമടഞ്ഞുവെങ്കിലും, കളിക്കളം നിറഞ്ഞുനിന്ന തങ്ങളുടെ നല്ല പ്രകടനത്തിനു പിന്നില്‍ പാപ്പായുടെ പിന്‍തുണയും സ്നേഹാശീര്‍വ്വാദവും ഉണ്ടെന്ന് വിശ്വസിക്കുന്നതായി ക്യാപ്ടന്‍ ലയനല്‍ മേസ്സിയുള്‍പ്പെടെയുള്ള ടീം അംഗങ്ങള്‍ ചേര്‍ന്ന് അയച്ച സന്ദേശം പാപ്പായെ അറിയിച്ചു.

ആര്‍ജന്‍റീനയുടെ ബസീലിലെ പരിശീലനക്കളത്തിനു മുന്നില്‍ ടീം അംഗങ്ങള്‍ പാപ്പാ ഫ്രാന്‍സിസുമായി നില്‍ക്കുന്ന വത്തിക്കാനില്‍ എടുത്ത ഫോട്ടോയുടെ ഭീമന്‍ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അര്‍ജന്‍റിയുടെ കളിയുള്ള വേദികളില്‍ പാപ്പായുടെ ചിത്രവുമായും മുഖംമൂടിയണിഞ്ഞും, വേഷപ്രച്ഛന്നരായും ഫുട്ബോള്‍ പ്രേമികള്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ ഗതകാല അജപാലന തീക്ഷ്ണതിയിലെ വിശാലമായ മേഖലയിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്.








All the contents on this site are copyrighted ©.