2014-07-17 09:52:11

ക്രിസ്തുവിന്‍റെ കരങ്ങളാകാമെന്ന്
കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്


17 ജൂലൈ 2014, മുമ്പൈ
നമുക്ക് ക്രിസ്തുവിന്‍റെ കരങ്ങളാകാമെന്ന്, മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. മുമ്പൈയില്‍ വില്ലേ പാര്‍ലെ ഭാഗത്ത് സാമൂഹ്യവിരുദ്ധര്‍ ക്രൂശിതരൂപത്തിന്‍റെ കരങ്ങള്‍ തകര്‍ത്ത സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ജൂലൈ 16-ാം തിയതി ബുധനാഴ്ച മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ പ്രസ്താവിച്ചത്.

സാമൂഹ്യവിരുദ്ധര്‍ ക്രൂശിതരൂപത്തിന്‍റെ കരങ്ങള്‍ തകര്‍ത്തെങ്കിലും ക്രിസ്തുസ്നേഹത്തില്‍ ജീവിച്ചുകൊണ്ട് വിശ്വാസികള്‍ ആത്മസംയമനത്തോടെ സമൂഹത്തില്‍ ഇനിയും നന്മപങ്കുവയ്ക്കുന്ന ക്രിസ്തുവിന്‍റെ കരങ്ങളാകണമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഉദ്ബോധിപ്പിച്ചു.

അതിപുരാതനവും മനോഹരവുമായ ക്രൂശിതരൂപത്തിന്‍റെ ഇരുകരങ്ങളും തല്ലിത്തകര്‍ത്തത് ദൈവനിന്ദയും ഒപ്പം നശീകരണ പ്രവൃത്തിയുമാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അഭിമുഖത്തില്‍ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാല്‍ മതവികാരങ്ങളെ വ്രണപ്പെടുത്തി മൂമ്പൈ നഗരത്തിന്‍റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ ഉദ്യമായി മാത്രം താന്‍ സംഭവത്തെ വിലയിരുത്തുന്നതായും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അഭിമുഖത്തില്‍ പ്രസ്താവിച്ചു.

ജൂലൈ 15-ാം തിയതി ചൊവ്വാഴ്ച രാത്രിയില്‍ നടന്ന ഈ നശീകരണവും ദൈവനിന്ദയുമായ സംഭവത്തില്‍ തനിക്ക് അതിയായ പ്രതിഷേധമുണ്ടെന്നും അധികൃതര്‍ കുറ്റവാളികളെ കണ്ടെത്തുകയും നീതിനടപ്പാക്കുകയും വേണമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.