2014-07-15 11:27:31

പ്രവാചക സങ്കീര്‍ത്തനങ്ങളും
ആരാധനക്രമ ഗീതങ്ങളും (15)


RealAudioMP3
ഇസ്രായേലിന്‍റെ ചരിത്രത്തില്‍ വളര്‍ന്നുവന്ന ഹെബ്രായ കവിതകളാണല്ലോ ‘സങ്കീര്‍ത്തനങ്ങള്‍’. വൈവിധ്യാമാര്‍ന്ന ഭാവപ്പകര്‍പ്പുകള്‍ സങ്കീര്‍ത്തനങ്ങളുടെ സവിശേഷത തന്നെയാണെന്ന് അവയുടെ സാഹിത്യശൈലിയെക്കുറിച്ചുള്ള പഠനം വ്യക്തമാക്കുന്നു. ആകെയുള്ള
150-സങ്കീര്‍ത്തനങ്ങളില്‍ ചിലത് സ്തുതിപ്പുകളാണെങ്കില്‍, മറ്റു ചിലവ നന്ദിപ്രകടനങ്ങളും ചിലവ വിലാപങ്ങളും, ഏതാനും ചിലത് ശരണകീര്‍ത്തനങ്ങളുമാണ്. മറ്റു ചിലവ യാചനാ ഗാനങ്ങളാണെങ്കില്‍ കുറെയെണ്ണം സാന്ത്വനഗീതങ്ങളാണ്. അതുകൊണ്ടാണ് ആമുഖപഠനത്തില്‍ സങ്കീര്‍ത്തനങ്ങളുടെ സാഹിത്യഗണങ്ങളെക്കുറിച്ച് നാം പഠിച്ചത്.

സാഹിത്യഗണങ്ങളുടെ പഠനത്തില്‍ നാം ചരിത്രപരമായ സങ്കീര്‍ത്തനങ്ങളെക്കുറിച്ചാണ് കഴിഞ്ഞ പ്രക്ഷേപണത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത്. ഇന്ന് സങ്കീര്‍ത്തന സമാഹാരത്തിലെ രണ്ട് സാഹിത്യഗണങ്ങളെക്കുറിച്ചാണ് നാം പഠിക്കുന്നത്, ആദ്യം... പ്രവചനപരമായ സങ്കീര്‍ത്തനങ്ങളെക്കുറിച്ചും, പിന്നെ... ആരാധനക്രമപരമായ സങ്കീര്‍ത്തനങ്ങളെക്കുറിച്ചും. ഏറെ ഉപഗണങ്ങളുള്ള വിജ്ഞാനസങ്കീര്‍ത്തനങ്ങളുടെ ഗണത്തിലാണ് ഇവയെ ബൈബിള്‍ പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ പ്രബോധനപരമായ വിജ്ഞാനസങ്കീര്‍ത്തനങ്ങള്‍ തന്നെയാണ് പ്രവചനപരമായ സങ്കീര്‍ത്തനങ്ങളും, ആരാധനക്രമപരമായ സങ്കീര്‍ത്തനങ്ങളും എന്നു നമുക്കും നിജപ്പെടുത്താം.

പഠനസഹായിയായി നാമിന്ന് ഉപയോഗിക്കുന്നത് ആരാധനക്രമപരമായ സങ്കീര്‍ത്തനമാണ്. ഇത് 80-ാം സങ്കീര്‍ത്തനമാണ്. ഇസ്രായേല്‍ ജനത ദേവാലയ നിര്‍മ്മിതിയുടെ കാലഘട്ടം മുതല്‍ ഉപയോഗിച്ചിരുന്ന ദേവാലയസ്തുതിപ്പും ആരാധനാഗീതവുമാണ് ഈ സങ്കീര്‍ത്തനമെന്ന് നിരൂപകന്മാര്‍ പ്രസ്താവിക്കുന്നു.. ഇതിന്‍റെ സംഗീതാവിഷ്ക്കാരം നിര്‍വ്വഹിച്ചത്
ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം, ഡവീനയും സംഘവും.

Musical Version of Psalm 80

ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ
തവദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ.

1. ഇസ്രായേലിന്‍റെ ഇടയനേ, ഞങ്ങളെ ശ്രവിക്കേണമേ
കെറൂബുകളുടെ മേല്‍ വസിക്കുന്നവനേ, ഞങ്ങളെ പ്രകാശിപ്പിക്കണമേ
ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വേഗംവരേണമേ
ദൈവമേ, ഞങ്ങളേ പുനരുദ്ധരിക്കണമേ.

ആദ്യം നമുക്ക് 1. പ്രവചനപരമായ സങ്കീര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കാം
പ്രബോധനപരമായ സങ്കീര്‍ത്തനങ്ങളിലെ ഉപഗണമാണ് പ്രവചനപരമായ സങ്കീര്‍ത്തനങ്ങള്‍. പ്രവാചകസാഹിത്യത്തിന്‍റെ ചില സവിശേഷതകളായ വാഗ്ദാനത്തിന്‍റെയും ശിക്ഷയുടെയും പ്രവചനങ്ങള്‍, മുന്നറിയിപ്പുകള്‍, ആരാധനാസമൂഹത്തിലെ അരുളപ്പാടുകള്‍, ആനുകാലിക പ്രശ്നങ്ങള്‍ക്ക് ദൈവത്തിന്‍റെ ഉത്തരം എന്നിവ ഇവയില്‍ കാണാം. പ്രവാചക ശാസനയും ഭര്‍ത്സനവും ഭീഷണിയും നെടുവീര്‍പ്പുകളും അതുപോലെ തിന്മയുടെ വളര്‍ച്ചയിലും സ്വാധീനത്തിലുമുള്ള ദുഃഖവും വിലാപവും ഇവയില്‍ കാണാം. പ്രവാചക പുസ്തകത്തില്‍നിന്നുമുള്ള പല ആശയങ്ങളും ഇവയിലുണ്ട്. ഇതിന് ഉപോദ്ബലകമായി സങ്കീര്‍ത്തകര്‍ പ്രവചിക്കുന്നതായി നാം കാണുന്നു. (ദി. 25, 1, 2 ദി. 20, 14).
ഉദാഹരണത്തിന്, 1 ദിനവൃത്താന്തം, 25, 1.
ദാവീദും ദേവാലയ ശുശ്രൂഷകരില്‍ പ്രമുഖരുംകൂടെ ആസാഫ്, രേമാന്‍, യദൂഥന്‍ എന്നിവരുടെ പുത്രന്മാരില്‍ ചിലരെ ശുശ്രൂഷയ്ക്കു നിയോഗിച്ചു. ഇവര്‍ കിന്നരം, വീണ, കൈത്താളം എന്നിവയുടെ അമ്പടിയോടെ പ്രവചനം നടത്തേണ്ടിയിരുന്നു – എന്ന ദിനവൃത്താന്തത്തിന്‍റെ ആദ്യപുസ്തകത്തില്‍ വായിക്കുന്നു.
പ്രവചനശൈലി ആരുടേതാണ് എന്ന് ചോദിക്കാറുണ്ട്. പഴയനിയമത്തില്‍ അരുളപ്പാടുകള്‍ നടത്തുന്ന പ്രവാചകന്മാരെപ്പറ്റിയും അവര്‍ ആരാധനാ സമൂഹത്തില്‍ നടത്തുന്ന പ്രവചനങ്ങളെപ്പറ്റിയും ഇതില്‍ പരാമര്‍ശമുണ്ട് (സംഖ്യ 11, 24-30... 1 സാമു. 10, 5-13, 1രാജ. 18, 30). അങ്ങനെയുള്ള പ്രവചനങ്ങള്‍ വിലപിക്കുന്ന ആരാധനകനെ ശരണമനോഭാവത്തിലേയ്ക്കും കൃതജ്ഞതാ സ്ത്രോത്രത്തിലേയ്ക്കും, പ്രാര്‍ത്ഥനയിലേയ്ക്കും നയിക്കുന്നതായി ഇന്നത്തെ പഠനസഹായി, ആരാധനക്രമപരമായ 80-ാം സങ്കീര്‍ത്തനം വ്യക്തമാക്കുന്നു. (സങ്കീ. 12, 5.... 80, 6-14, 6, 10, 31, 19). ഉദാഹരണങ്ങള്‍ 14, 50.... 52, 53, 75, 80, 95).

Psalm 80
ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ
തവദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ.

2. സൈന്യങ്ങളുടെ കര്‍ത്താവായ ദൈവമേ, ഞങ്ങളെ സംരക്ഷിക്കേണമേ
അങ്ങേ വലതുകരം നീട്ടിയീ മുന്തിരിച്ചെടിയെ എന്നും പരിഗണിക്കേണമേ
അങ്ങു വിളിച്ചയീ പുത്രനെ പരിപാലിക്കാന്‍ വേഗം വരേണമേ
ദൈവമേ, ഞങ്ങളെ കടാക്ഷിക്കേണമേ.

ഇനി നമുക്ക് ഇന്നത്തെ പഠനത്തിന്‍റെ രണ്ടാം ഭാഗത്തേയ്ക്കു കടക്കാം.
2. ആരാധനക്രമപരമായ സങ്കീര്‍ത്തനങ്ങള്‍.
സങ്കീര്‍ത്തനങ്ങള്‍ പൊതുവേ ആചാരാനുഷ്ഠാനങ്ങളെപ്പറ്റി പറയുന്നില്ല. എന്നാല്‍ അവയില്‍ ഭാഗികമായ ആചാരാനുഷ്ഠാന വിവരണങ്ങള്‍ ഇല്ലാതില്ല. സങ്കീര്‍ത്തനങ്ങളില്‍ ലിറ്റര്‍ജി സംബന്ധമായ കാര്യങ്ങള്‍ ചിന്നിച്ചിതറിക്കിടപ്പുണ്ട്. എങ്കിലും ചില സങ്കീര്‍ത്തനങ്ങളെ പണ്ഡിതന്മാര്‍ ആരാധനക്രമഗണത്തിന്‍റെ ഗണത്തില്‍പ്പെടുത്തുന്നു. ഇവയില്‍ സ്തുതിയുടെയും വിലാപത്തിന്‍റെയും കൃതജ്ഞതയുടെയും അംശങ്ങള്‍ കാണാം.
ഉദാഹരണത്തിന് 15-ഉം 24-ഉം സങ്കീര്‍ത്തനങ്ങള്‍ ആരാധനക്രമ സംബന്ധിയാണ്. ദൈവാലയ പ്രവേശനത്തിനുവേണ്ട യോഗ്യതകളാണ് ഇവയില്‍ ചര്‍ച്ചചെയ്യുന്നത്. എന്നാല്‍, സങ്കീര്‍ത്തനം 134 ആകട്ടെ ഇസ്രായേലിന്‍റെ തിരുനാള്‍ ശുശ്രൂഷയുടെ സമാപനം വെളിവാക്കുന്ന പുരോഹിതന്‍റെ ആശീര്‍വാദവും സ്തുതിയും കലര്‍ന്നതാണ്. അതിനാല്‍ ഇവയെല്ലാം നാം വിശദീകരിക്കുന്ന ആരാധനക്രമപരമായ സങ്കീര്‍ത്തനങ്ങളാണ്.
ഇസ്രായേലിന്‍റെ നിയമങ്ങളായ ‘തോറാ’യിലെ ആശയങ്ങള്‍ - അല്ലെങ്കില്‍ നിയമാവലോകനത്തിന്‍റെ ആശയങ്ങള്‍ പ്രവാചകന്മാരിലും കാണാം. മീക്കാപ്രവാചകന്‍ ചോദിക്കുകയാണ്. കര്‍ത്താവിന്‍റെ മുമ്പില്‍ എന്തു കാഴ്ചയാണു കൊണ്ടുവരേണ്ടത്. കാളക്കിടാവോ, മുട്ടാടുകളോ, എണ്ണപ്പുഴകളോ, ആദ്യജാതനോ (മിക്ക 6, 6-7). നീതിയും സത്യവും പാലിക്കുകയും മര്‍ദ്ദനവും കൈക്കൂലിയും രക്തച്ചൊരിച്ചിലും തിന്മയും ഒഴിവാക്കുകയും ചെയ്യുന്നവരാണ് കര്‍ത്താവിന്‍റെ തിരുസന്നിധിയിലേയ്ക്ക് പ്രവേശിക്കുവാനും ആരാധനാശുശ്രൂഷ നടത്തുവാനും യോഗ്യരായവര്‍ (ഏശയ്യ 33, 15). പലപ്പോഴും ഇതിനോടനുബന്ധമായി സ്വന്തം നിരപരാധിത്വം ഏറ്റു പറയുകയും ചെയ്യാറുണ്ട് (സങ്കീ. 119, 100-102, 17, 3-5, നിയ. 26, 13).
ഉദോഹരണത്തിന് 119-ാം സങ്കീര്‍ത്തന ശകലം നമുക്കു പരിശോധിക്കാം.
(സങ്കീ. 119, 100-102)
‘കര്‍ത്താവേ, വൃദ്ധരെക്കാള്‍ എനിക്ക് അറിവുണ്ട്, എന്തെന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ ഞാന്‍ പാലിക്കുന്നു. അങ്ങയുടെ വചനം പാലിക്കുവാന്‍വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗ്ഗങ്ങളിലുംനിന്ന് എന്‍റെ പാദങ്ങള്‍ പിന്‍വലിക്കുന്നു.’ അവിടുന്ന് എന്നെ പഠിപ്പിച്ചതുകൊണ്ട് ഞാന്‍ അങ്ങയുടെ കല്പനകളില്‍നിന്നും വ്യതിചലിച്ചില്ല.
Psalm 80
ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ
തവദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ.

3. ഇസ്രായേലിന്‍റെ രക്ഷനേ, ഞങ്ങളെ സഹായിക്കേണമേ
അങ്ങേ ശുശ്രൂഷകനാം മനുഷ്യപുത്രനെ അങ്ങു സദാ തണയ്ക്കേണമേ
അങ്ങേ നാമം വിളിച്ചപേക്ഷിക്കുന്ന ഞങ്ങളില്‍
അങ്ങേ ജീവന്‍ ചൊരിയേണമേ,
ദൈവമേ, ഞങ്ങളെ കൈവെടിയരുതേ.

പുരാതന ഈജിപ്ഷ്യന്‍ ദേവാലയകവാടത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ‘ഇവിടെ പ്രവേശിക്കുന്നവന്‍ ശുദ്ധനായിരിക്കണം, വലിയ ദേവന്‍റെ ആലയത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് സ്വയം ശുദ്ധീകരിക്കുക.’ ഹിന്ദു-മുസ്ലീം. മതങ്ങളും ദേവാലയ പ്രവേശനത്തിനുമുമ്പ്, ക്ഷേത്രപ്രവേശനത്തിനു മുന്‍പ് ദേഹശുദ്ധിയും സ്ഥലശുദ്ധിയും മനഃശദ്ധിയും നിര്‍ദ്ദേശിക്കാറുന്നുണ്ടല്ലോ. ചുരുക്കത്തില്‍, നാം പഠിക്കുന്ന ആരാധനക്രമപരമായ സങ്കീര്‍ത്തനങ്ങള്‍ ഇസ്രായേലിന്‍റെ ആരാധനാജീവിതത്തിലെ പ്രശ്നങ്ങള്‍, ദേവാലയ പ്രവേശനത്തിന് വിശ്വാസിക്ക് ഉണ്ടായിരിക്കേണ്ട യോഗ്യത, ധാര്‍മ്മിക പ്രശ്നങ്ങള്‍ക്ക് ഉത്തരം, ഇതുസംബന്ധിച്ച ദൈവകല്പനകള്‍, തുടങ്ങിയവയാണ് പ്രതിപാദിക്കുന്നത്. ഇതിന് നല്ല ഉദാഹരണങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍ 15, 24, 134 എന്നിവ.

Muscial Version of Psalm : 80

ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ
തവദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ.

1. ഇസ്രായേലിന്‍റെ ഇടയനേ, ഞങ്ങളെ ശ്രവിക്കേണമേ
കെറൂബുകളുടെ മേല്‍ വസിക്കുന്നവനേ, ഞങ്ങളെ പ്രകാശിപ്പിക്കേണമേ
ഉണര്‍ന്നശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വേഗം വരേണമേ
ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കേണമേ.
- ദൈവമേ, നിന്‍ സന്നിധി

2. സൈന്യങ്ങളുടെ കര്‍ത്താവായ ദൈവമേ, ഞങ്ങളെ സംരക്ഷിക്കണമേ
അങ്ങേ വലതുകരം നീട്ടിയീ മുന്തിരിച്ചെടിയെ എന്നും പരിഗണിക്കണമേ
അങ്ങു വിളിച്ചയീ പുത്രനെ പരിപാലിക്കാന്‍ വേഗം വരേണമേ
ദൈവമേ, ഞങ്ങളെ കടാക്ഷിക്കണമേ.
- ദൈവമേ, നിന്‍ സന്നിധി

3. ഇസ്രായേലിന്‍റെ രക്ഷനേ, ഞങ്ങളെ സഹായിക്കണമേ
അങ്ങേ ശുശ്രൂഷകനാം മനുഷ്യപുത്രനെ അങ്ങു സദാ തണയ്ക്കണമേ
അങ്ങേ നാമം വിളിച്ചപേക്ഷിക്കുന്ന ഞങ്ങളില്‍
അങ്ങേ ജീവന്‍ ചൊരിയേണമേ,
ദൈവമേ, ഞങ്ങളെ കൈവെടിയരുതേ.
- ദൈവമേ, നിന്‍ സന്നിധി

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ ഒരുക്കിയ വത്തിക്കാന്‍ റേഡിയോയുടെ -സങ്കീര്‍ത്തനങ്ങള്‍ - എന്ന ബൈബിള്‍ പഠനപരിപാടിയാണ്.

സങ്കീര്‍ത്തനങ്ങളുടെ സാഹിത്യഗണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ സമാപിപ്പിച്ച്, അവയുടെ ദൈവശാസ്ത്ര വീക്ഷണത്തിലേയ്ക്ക് ഇനിയും അടുത്തയാഴ്ചയില്‍...








All the contents on this site are copyrighted ©.