2014-07-12 09:24:49

വിളിക്കുന്ന ഗുരുവും
ശരണാര്‍ത്ഥിയാകുന്ന ശിഷ്യനും


(മലങ്കര റീത്ത്)
വിശുദ്ധ ലൂക്കാ 9, 57-60
അവര്‍ പോകുംവഴി ഒരുവന്‍ യേശുവിനോടു പറഞ്ഞു. അങ്ങ്എവിടെപ്പോയാലും ഞാന്‍ അനുഗമിക്കും. യേശു പറഞ്ഞു. കുറുനിരകള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്. മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല. അവിടുന്ന് വേറൊരുവനോടു പറഞ്ഞു. എന്നെ അനുഗമിക്കു. അവന്‍ പറഞ്ഞു. കര്‍ത്താവേ, ഞാന്‍ ആദ്യം പോയി എന്‍റെ പിതാവിനെ സംസ്ക്കരിക്കാന്‍ അനുവദിച്ചാലും. അവിടുന്നു പറഞ്ഞു. മരിച്ചവന്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ. നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. മറ്റൊരുവന്‍ പറഞ്ഞു. കര്‍ത്താവേ, ഞാന്‍ നിന്നെ അനുഗമിക്കാം. പക്ഷേ, ആദ്യം പോയി എന്‍റെ വീട്ടുകാരോടു വിടവാങ്ങാന്‍ അനുവദിക്കണം. യേശു പറഞ്ഞു. കലപ്പയില്‍ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വര്‍ഗ്ഗരാജ്യത്തിനു യോഗ്യനല്ല.

ഗാനഗന്ധര്‍വ്വന്‍, കെ. ജെ. യേശുദാസിനെ അടുത്ത് അറിയാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതനിഷ്ഠ ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ശുദ്ധസംഗീതത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ കൊച്ചിയുടെ മൂലയില്‍നിന്നും ഒരു പാവംപയ്യന്‍ തന്‍റെ ജീവിതം തപസ്യയാക്കി മാറ്റിയിരിക്കുന്നു. ലക്ഷൃപ്രാപ്തിക്ക് ഇണങ്ങാത്ത ഒന്നും യേശുദാസ് ചെയ്യില്ല, പറയില്ല. അതിലേയ്ക്ക് തിരിഞ്ഞുനോക്കുക പോലുമില്ല. അതുപോലെ യേശുദാസിനെയും അദ്ദേഹത്തിന്‍റെ സംഗീതസപര്യയെയും പലരും വിലയിരുത്താറുണ്ട്. എന്നാല്‍ അധാര്‍മ്മികതയുടെ അതിര്‍വരമ്പുകളിലേയ്ക്ക് ഒരിക്കലും ആര്‍ക്കും യേശുദാസിനെ വലിച്ചുവീഴ്ത്താന്‍ സാധിച്ചിട്ടില്ല എന്നത് 74-വയസ്സ് തികയാന്‍ പോകുന്ന അദ്ദേഹത്തിന്‍റെ ജീവിതനിഷ്ഠയെയും സമര്‍പ്പണത്തെയും വെളിപ്പെടുത്തുന്നു. യേശുദാസിന്‍റെ വിശ്വാസജീവിതത്തെ വിലയിരുത്തുവാനും, വിവാദങ്ങളില്‍പ്പെടുത്തുവാനും ചില മാധ്യമങ്ങളും തല്പരകക്ഷികളും വിഭ്രാന്തികാണിച്ചിട്ടുണ്ടെങ്കിലും, ജീവിതനന്മയുടെ പാതയില്‍ പേരു സൂചിപ്പിക്കുന്നതുപോലെ ‘യേശുദാസ’നായി അദ്ദേഹം ജീവിക്കുന്നു എന്ന് അടുത്തറിയുന്നവര്‍ സമ്മതിക്കും.

വിലപ്പെട്ടതെന്നും വലുതെന്നും ഇഷ്ടമുള്ളതെന്നും സാധാരണ ജീവിതത്തില്‍ എല്ലാവരും വിലയിരുത്തുന്ന കാര്യങ്ങള്‍ ഉന്നതമായ ലക്ഷൃപ്രാപ്തിക്കുവേണ്ടി മാറ്റിവയ്ക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. അത് നിഷ്ഠയോടെയും അര്‍പ്പണത്തോടെയും പാലിക്കുന്നവര്‍ ജീവിതവിജയം കൈവരിക്കുമെന്നതില്‍ സംശയമില്ല. ഇതു വിവേചിച്ചറിയാന്‍ സാധിക്കാത്തവര്‍ ലക്ഷൃങ്ങള്‍ പ്രാപിക്കാതെ പോകുന്നതും, ചിലപ്പോള്‍ ജീവിതത്തില്‍ പതറിപ്പോകുന്നതും നമുക്കു കാണാം.
ഇതേ ആശയമാണ് ഇന്നത്തെ സുവിശേഷഭാഗത്തുള്ളത്. ലൂക്കായുടെ സുവിശേഷം ചിത്രീകരിക്കുന്ന യേശുവിന്‍റെ മൂന്നു യാത്രകളില്‍ രണ്ടാമത്തെ യാത്ര തുടങ്ങുകയാണ്. ജരൂസലേമിലേയ്ക്കുള്ള യാത്രയാണത്. അത് മരണത്തിലേയ്ക്കുള്ള യാത്രയുമാണ്. ഈ ഘട്ടത്തില്‍ അവിടുത്തെ ശിഷ്യന്മാരുടെ മനോഭാവം ശ്രദ്ധിക്കേണ്ടതാണ്. അവര്‍ മനക്കോട്ട കെട്ടി അവസാനം നിരാശരാകാതിരിക്കാന്‍ ക്രിസ്തുതന്നെ അവരോടു തുറന്നു സംസാരിക്കുന്നു. അവിടുത്തെ സുരക്ഷിതത്വം കുറുക്കന്മാരുടെയും കുറുനരികളുടെയും സുരക്ഷയെക്കാള്‍ കുറഞ്ഞാതാണ്, കാരണം കുറുക്കനും കുറുനരിക്കും മാളങ്ങളും കൂടുകളുമുണ്ട്, എന്നാല്‍ അവിടുത്തേയ്ക്ക് തലചായ്ക്കാന്‍ ഇടമില്ലായിരുന്നു.

ആയുസ്സിനെ ജീവിതാര്‍ഹമാക്കി മാറ്റുന്നത് നമ്മളതിന് കൊടുക്കുന്ന വിലയെ ഗണിച്ചിട്ടാണ്. സ്വാതന്ത്ര്യം കണ്ടെത്തുക മാത്രമല്ല, അത് നിലനിര്‍ത്തുവാന്‍ നാം നിരന്തരം കപ്പം കൊടുത്തുകൊണ്ടേയിരിക്കണം. ക്രിസ്തുവുമായി ബന്ധപ്പെട്ട മൂന്നുസൂചനകള്‍ നമുക്ക് കുറച്ചൊരു ദിശാബോധം തന്നേക്കും. അത് ശിഷ്യത്വത്തിന്‍റെ വില മാത്രമല്ല, സ്വാതന്ത്ര്യത്തിനും സ്നേഹത്തിനും ജീവിതനന്മയ്ക്കും കൊടുക്കേണ്ട വില തന്നെയാണ്.

ഒരുവന്‍ ക്രിസ്തുവിനോട് പറയുന്നു, “ഞാന്‍ അങ്ങയെ അനുഗമിക്കാം,
അങ്ങ് എവിടെയാണ് വസിക്കുന്നത്.” അവിടുന്നു പറഞ്ഞു. “കുറുനരികള്‍ക്ക് മാളവും ആകാശപ്പറവകള്‍ക്ക് കൂടും ഉണ്ട്. മനുഷ്യപുത്രന് തലചായ്ക്കാന്‍ ഇടമില്ല.” (ലൂക്ക 9, 58).
വീടില്ല എന്നതിന്‍റെ അര്‍ത്ഥം സുരക്ഷിതത്വമോ സ്വസ്ഥതയോ ഇല്ല എന്നുതന്നെയാണ്. വീട്ടിലായിരിക്കുമ്പോഴും വീടില്ലാത്തവനെപ്പോലെ അസ്വസ്ഥനായി ജീവിക്കാന്‍ നിങ്ങള്‍ക്കാവുമോ? അല്ലെങ്കില്‍ത്തന്നെ സ്വസ്ഥരായിരിക്കുവാന്‍ നമുക്ക് എന്ത് അവകാശമാണുള്ളത്? അടച്ചിട്ട വീടുകളില്‍ നാം അനുഭവിക്കുന്ന സുരക്ഷിതത്വംപോലെ വ്യാജവും ഹീനവും അപകടകരവുമായ മറ്റൊന്നില്ല. സ്വയം തീര്‍ത്ത മിഥ്യാസങ്കല്പങ്ങളില്‍നിന്ന് പുറത്ത് കടന്നില്ലെങ്കില്‍ കാണക്കാണെ നാം മറ്റൊരു വീട്ടുപകരണമായി മാറും. ക്രിസ്തുവില്‍ ആയിരിക്കുക എന്നതിന്‍റെ അര്‍ത്ഥം മേല്‍ക്കൂരകളില്ലാതെ ഋതുഭേദങ്ങള്‍ക്ക് വിധേയപ്പെട്ടു ജീവിക്കുക എന്നാണ്. ചിലപ്പോള്‍ മഹാമാരി പിന്നെ വേനല്‍ക്കനല്‍ എന്നിങ്ങനെ എന്തുമാകാം. ക്രിസ്തു ശിഷ്യത്വത്തിന്‍റെ മാര്‍ഗ്ഗം ആവശ്യപ്പെടുന്ന ത്യാഗാര്‍പ്പണമാണ്.

പരിഛേദനത്തെക്കുറിച്ച് ആദിമസഭയില്‍ തര്‍ക്കമുണ്ടായപ്പോള്‍ അതുവേണ്ടെന്നു പറയാനുള്ള ധൈര്യം പൗലോസ് അപ്പസ്തോലന് ഉണ്ടായിരുന്നു. എന്നാല്‍, അതേ പൗലോസ്തന്നെ ആത്മാവില്‍ ജനത്തോട് പരിഛേദിതരായി നില്ക്കാന്‍ ആവശ്യപ്പെടുന്നു. അതിന്‍റെ അര്‍ത്ഥം ഒരാളുടെ ഏറ്റവും നിഗൂഢവും സൃഷ്ടിപരവുമായ ഇടങ്ങളിലൂടെ ദൈവത്തിന്‍റെ
കരവാള്‍ പാളുന്നുവെന്നാണ്. ക്രിസ്തുവിലായിരിക്കുക എന്നതിന്‍റെ അര്‍ത്ഥം ശിമയോന്‍ ദേവാലയത്തില്‍വച്ച് മറിയത്തില്‍ കണ്ടെത്തിയതുപോലെ നിരന്തരം ഉള്ളിലൊരു വാള്‍ സൂക്ഷിക്കുക, ‘ഹൃദയത്തെ വാള്‍ ഭേദിക്കും’ എന്നതാവണം.

മറ്റൊരാള്‍ പറഞ്ഞു. “ഞാന്‍ നിന്നെ അനുഗമിക്കാം. എന്നാല്‍ ആദ്യം പോയി എന്‍റെ അപ്പനെ സംസ്ക്കരിച്ചിട്ട് വരാം.” ക്രിസ്തു പറഞ്ഞു. “മൃതര്‍ മൃതരെ സംസ്ക്കരിക്കട്ടെ. നീ ജീവനിലേയ്ക്കു വരിക.”
ആ മനുഷ്യന്‍ ആവശ്യപ്പെടുന്നത് കുറച്ച് കാലതാമസമാണ്. അപ്പന്‍ വാര്‍ദ്ധക്യത്തിലായിരുന്നു. അദ്ദേഹത്തോടുള്ള കടങ്ങളൊക്കെ വീട്ടിയിട്ട് ഞാന്‍ ജീവിതത്തില്‍ മറ്റു കാര്യങ്ങളൊക്കെ ഏറ്റെടുക്കാന്‍ തയ്യാറാണ്. പ്രായോഗിക കാരണങ്ങള്‍കൊണ്ട് ചില തിരുത്തലുകളും ഇടപെടലുകളും വൈകിക്കുന്നവര്‍ക്കാണ് ക്രിസ്തു ഇന്നു താക്കീത്നല്കുന്നത്.
ചില നിമിഷങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടണമെന്നില്ല. കുഭമേളയില്‍വച്ച് നിങ്ങള്‍ ഒരു ചങ്ങാതിയെ കണ്ടാല്‍ പിന്നെ വൈകിക്കരുത്. ജനത്തെ പകുത്തും വകഞ്ഞും അവന്‍റെ പക്കലേയ്ക്ക് ഓടി, ആ കൈയ്യില്‍ മുറുകെ പിടിക്കണം. ഇല്ലെങ്കെല്‍ എന്നേയ്ക്കുമായി അവന്‍ നഷ്ടമായേക്കും.

ഫോട്ടോഗ്രഫിയില്‍ professionally pioneer എന്നു കരുതേണ്ട Henry Carthie Brasong തന്‍റെ കലയില്‍ ഒരു decisive movement, എപ്പോഴും ഒരു നിര്‍ണ്ണായകമായ നിമിഷം ഉണ്ടെന്നു കരുതുകയും, ആ നിമിഷം നഷ്ടപ്പെടുത്തിയാല്‍ പിന്നെ ചിത്രത്തിന് ജീവനുണ്ടാവുകയില്ലെന്നും മനസ്സിലാക്കിയിരുന്നു. ഒരു പ്രചോദനവും കാലവിളംബത്തിന്‍റെ വിധിക്ക് വിട്ടുകൊടുക്കരുത്. വൈകിക്കുക എന്നതിന്‍റെ അര്‍ത്ഥം സ്വാഭാവിക മരണത്തിന് വഴങ്ങുന്നു എന്നത്രേ. ഒപ്പം മരിച്ചവരുടെ ലോകത്തുനിന്ന് പുറത്തു കടക്കുവാനുള്ള കാലതാമസത്തിന്‍റെ സൂചനയും കാണാതെ പോകരുത്. പതുക്കെ പതുക്കെ നമ്മുടെ ജീവിത പരിസരങ്ങളിലെ ഗ്രാമങ്ങളും നഗരങ്ങളും മൃതര്‍വാഴുന്ന ദേശങ്ങളാക്കി മാറ്റുവാന്‍ ഇടകൊടുക്കരുത്, biologically live and biographically dead people. Robin Crook-ന്‍റെ Coma എന്ന പ്രശസ്തമായ നോവലും സിനിമയും ഓര്‍മ്മയില്ലേ? ജീവനിലായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഞൊടിയിടയില്‍ വിപരീത സാഹചര്യത്തില്‍‍നിന്നും പുറത്ത് കടക്കേണ്ടതുണ്ട് എന്ന സന്ദേശം വ്യക്തമായി നല്കുന്നതാണത്.

മൂന്നാമതൊരാള്‍ ക്രിസ്തുവിനോടു പറഞ്ഞു, “ഞാന്‍ നിന്നെ അനുഗമിക്കാം. അതിന് മുന്‍പ് ഉറ്റവരോട് യാത്ര പറഞ്ഞിട്ടുവരട്ടെ.” ക്രിസ്തു പറഞ്ഞു. “കലപ്പയില്‍ കൈവച്ചവര്‍ തിരിഞ്ഞു നോക്കിക്കൂടാ!” ഭൂതകാലം നല്ലതാണെങ്കിലും കെട്ടതാണെങ്കിലും അതു മൃതമാണ്. എന്നിട്ടും പലരും ഭൂതകാലത്തില്‍ അഭിരമിക്കാന്‍, ആനന്ദിക്കാന്‍ ആഗ്രഹിക്കുന്നു.
അങ്ങനെ വര്‍ത്തമാനകാലത്തെ പ്രകാശപൂര്‍ണ്ണമാക്കുവാന്‍ ആവശ്യമായ ഉണര്‍വ്വോ ധ്യാനമോ ഇല്ലാതെ പോകുന്നു. തിരുത്താനാവാത്ത ഇന്നലെകളിലെ സകലത്തിനും മാപ്പുകൊടുക്കുന്ന പരാശക്തിയുടെ പാദപത്മങ്ങളില്‍ തന്നെത്തന്നെ അര്‍പ്പിച്ച് ഒരാള്‍ ജീവിതയാത്ര ആരംഭിച്ചേ തീരൂ, തുടര്‍ന്നേ തീരൂ. ഇന്നലെകളുടെ കന്നത്തരങ്ങള്‍ക്ക് ഞാന്‍തന്നെ എനിക്കു മാപ്പുകൊടുക്കണം. ഞാന്‍ എന്നടോതന്നെ പൊറുക്കാന്‍ അഭ്യസിക്കേണ്ടതുണ്ട്.

പെണ്‍കുട്ടിയുടെ കഥ പറഞ്ഞവസാനിപ്പിക്കാം. അവളുടെ ഭൂതകാലം തെറ്റുകളുടെ ആകത്തുകയായിരുന്നു. മനസ്സുമടുത്ത് ആത്മഹത്യയ്ക്ക് തീരുമാനിച്ചു. കടലോരത്തുകൂടി നടക്കുമ്പോള്‍, ഒന്നു തിരിഞ്ഞു നോക്കി. വന്ന വഴിയില്‍ അവളുടെ ഇന്നലെകളുടെ ഇടറിയ പാദമുദ്രകള്‍ മണലില്‍ തെളിഞ്ഞു കാണാമായിരുന്നു.
നോക്കി നില്‍ക്കുമ്പോള്‍തന്നെ ഇതാ, തിരമാലകള്‍ വന്ന് അവള്‍ പിന്നിട്ട കാല്പാടുകളെ മായിച്ചു കളഞ്ഞു. അവള്‍ മുട്ടിന്മേല്‍നിന്ന് ഉറക്കെ പൊട്ടിക്കരഞ്ഞു. “ദൈവമേ, അങ്ങ് എന്‍റെ കഴിഞ്ഞകാലത്തിന്‍റെ വിരല്‍പ്പാടുകളെ സൗമ്യമായി തുടച്ചുമാറ്റുന്ന വെണ്‍തിരയാണല്ലോ...,
കൃപയുടെ തിരയാണല്ലോ!! പടയോട്ടങ്ങള്‍ക്കിടയില്‍ പണിത പാലങ്ങള്‍
ഒരു ദേശത്ത് എത്തിയാല്‍ പിന്നെ തകര്‍ത്തുകളയുന്ന ശീലം ഇതിനോടു
കൂട്ടിവായിക്കണം. വര്‍ത്തമാനത്തിലിരുന്ന് ഇന്നലെകളെ നാം കാണണം.
എന്നാല്‍ നാം അതിലേയ്ക്ക് നാം ഒരിക്കലും തിരികെ നടക്കരുത്.








All the contents on this site are copyrighted ©.