2014-07-09 18:32:11

സഭകളെ വെല്ലുവിളിക്കുന്ന
സാമ്പത്തിക അസമത്വം


9 ജൂലൈ 2014, വത്തിക്കാന്‍
സാമ്പത്തിക അസമത്വം ലോകത്ത് വര്‍ദ്ധിച്ചുവരികയാണെന്ന്, സഭകളുടെ ലോക കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ഒലാവ് ഫിക്സേ പ്രസ്താവിച്ചു. ജൂലൈ 8-ാം തിയതി ചൊവ്വാഴ്ച ജനീവയില്‍ സമാപിച്ച സഭകളുടെ ലോക കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനമാണ് ആഗോള സാമ്പത്തിക മാന്ദ്യവും നവയുഗത്തിന്‍റെ പുതിയ സമ്പദ് വ്യവസ്ഥിതിയും വരുത്തിക്കൂട്ടുന്ന അസമത്വവും അനീതിയും ചൂണ്ടിക്കാട്ടിയത്.

‘നീതിയുടെയും സമാധാനത്തിന്‍റെയും തീര്‍ത്ഥാടനം’ – എന്ന ശീര്‍ഷകത്തിലാണ് ഇക്കുറി സഭകളുടെ കൂട്ടായ്മ ജനീവ ആസ്ഥാനത്ത് സംഗമിച്ചത്. വിവിധ അംഗ സഭകള്‍ക്കുവേണ്ടി 150 പ്രതിനിധികളും സാമ്പത്തിക വിദഗ്ദ്ധരും സമ്മേളനത്തില്‍ പങ്കെടുത്തു. ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന അമിതമായ സാമ്പത്തിക അന്തരവും, അസന്തുലിതാവസ്ഥയും ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന നവപ്രതിഭാസവും വെല്ലുവിളിയുമായിരിക്കുമെന്നും സമ്മേളനത്തിലെ സാമ്പത്തിക വിദഗ്ദ്ധരും പ്രസ്താവിച്ചു.

വിശ്വാസസമൂഹങ്ങളും സഭകളും ഈ സാമ്പത്തിക അനീതിയെ നവമായ ദൈവശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടിലും ആത്മീയതയിലും സമീപിക്കുകയും നവമായ പ്രാപഞ്ചിക നീതിക്കും സമ്പദ് വ്യവസ്ഥിതിക്കുമായി പരിശ്രമിക്കുകയും വേണമെന്ന് സമ്മേളനം ആരാഞ്ഞു.








All the contents on this site are copyrighted ©.