2014-07-09 18:25:07

പാരമ്പരാഗത മാധ്യമങ്ങള്‍ നിലനിര്‍ത്തും
നൂതനശൃംഖലിയില്‍ കണ്ണിചേരും


9 ജൂലൈ 2014, വത്തിക്കാന്‍
പരമ്പരാഗത മാധ്യമങ്ങളെ നിലനിര്‍ത്തിക്കൊണ്ട് സഭ ആധുനിക സംവേദന ശൃംഖലയില്‍ കണ്ണിചേരുമെന്ന്, സാമൂഹ്യസമ്പര്‍ക്ക മാദ്ധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ക്ലാവുദിയോ മരിയ ചേല്ലി പ്രസ്താവിച്ചു. ജൂലൈ 8-ാം തിയതി Pope App Android സംവേദന സൗകര്യം വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന് പരിചയപ്പെടുത്തിയ ശേഷം, വത്തിക്കാന്‍റെ ദിനപത്രം ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ചേലി ഇങ്ങനെ പ്രസ്താവിച്ചത്.

വത്തിക്കാന്‍റെ ഏറെ സ്ഥാപിതമായ റേഡിയോ, പ്രസ്സ്, ടെലിവിഷന്‍ എന്നിവ നിലനിര്‍ത്തിക്കൊണ്ടും, അവയെ കാലികമായി മെച്ചപ്പെടുത്തിക്കൊണ്ടും നവമാധ്യമ ശൃഖംലകളിലേയ്ക്ക് സഭയുടെ സുവിശേഷവത്ക്കരണ പദ്ധതികള്‍ വികസിപ്പിക്കുകയാണ് ഭാവിലക്ഷൃമെന്ന് ആര്‍ച്ചുബിഷപ്പ് ചേലി അഭിമുഖത്തില്‍ വ്യക്തമാക്കി.

Pope App Android Application വഴി പാപ്പായുടെ എല്ലാ ഔദ്യോഗിക പരിപാടികളും പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും സൗജന്യമായി android device-കളില്‍ ലഭ്യമാണെന്നും, അതുവഴി പാപ്പായുടെ സഭാശുശ്രൂഷകളോടും സുവിശേഷ സന്ദേശത്തോടും ഏറ്റവും അടുത്തായിരിക്കുവാനുമുള്ള സാദ്ധ്യതയാണ് തുറന്നു കിട്ടുന്നതെന്നും ആര്‍ച്ചുബിഷപ്പ് ചേലി അഭിമുഖത്തില്‍ പ്രസ്താവിച്ചു.

വത്തിക്കാന്‍റെ എല്ലാ മാധ്യമ വിഭാഗങ്ങളും ഡിജിറ്റല്‍വത്ക്കരിക്കാന്‍ ശ്രദ്ധിക്കുന്നതും അങ്ങനെ സമകാലീന മാധ്യമ ലോകവുമായി കണ്ണിചേര്‍ന്നിരിക്കുന്നതില്‍ താന്‍ അതീവ സംതൃപ്തനാണെന്ന്, Android Application-ന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചശേഷം പാപ്പാ അഭിമുഖത്തില്‍ പ്രതികരിച്ചു.

Pope App ശൃംഖല വകസിപ്പിച്ചത് സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ്. കൗണ്‍സിലിന്‍റെ കോര്‍ഡിനേറ്റര്‍ തദേവൂസ് ജോണ്‍സാണ് അതിന് നേതൃത്വം നല്കിയത്.








All the contents on this site are copyrighted ©.