2014-07-08 12:30:27

ദൈവികസംഭവങ്ങള്‍ അനുസ്മരിക്കുന്ന
ചരിത്രപരമായ സങ്കീര്‍ത്തനങ്ങള്‍ (14)


RealAudioMP3
സങ്കീര്‍ത്തനങ്ങളുടെ സാഹിത്യഗണങ്ങളെക്കുറിച്ചുള്ള പഠനം തുടരുകയാണ്.
കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം കണ്ടത് പതിനൊന്നാമത്തെ സാഹിത്യഗണമായ വിജ്ഞാനസങ്കീര്‍ത്തനങ്ങളെക്കുറിച്ചാണ്. ഈ പ്രക്ഷേപണത്തില്‍ ചരിത്രപരമായ സങ്കീര്‍ത്തനങ്ങളെക്കുറിച്ച്
പഠിക്കാം.

രക്ഷാകര ചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍ വിവരിക്കുന്ന സ്തുതിമയമായ ദൈവിക സംഭവങ്ങളുടെയും, ജനങ്ങളുടെ ഇടയിലുള്ള ദൈവത്തിന്‍റെ ഇടപെടലുകളുടെയും വിവരണങ്ങളാണ് ചരിത്രപരമായ സങ്കീര്‍ത്തനങ്ങള്‍. ദൈവത്തിന്‍റെ മഹത്തരവും ഔദാര്യപൂര്‍ണ്ണവുമായ ചെയ്തികളെ ഇവ പ്രകീര്‍ത്തിക്കുന്നു. അവിടുത്തെ അത്യുദാരമായ പ്രവര്‍ത്തനങ്ങളെ മാത്രമല്ല, അവയോടുള്ള ദൈവജനത്തിന്‍റെ പ്രതികരണങ്ങളും ഈ സങ്കീര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുന്നു. അനുകൂലവും (വിശ്വസ്തത, അനുസരണ) പ്രതീകൂലവുമായ (അവിശ്വസ്തത തെറ്റുകള്‍, അകൃത്യങ്ങള്‍, ദൈവത്തിന്‍റെ ശിക്ഷ) പ്രതികരണങ്ങള്‍ ഇവയില്‍ വിവരിക്കപ്പെടുന്നുണ്ട്. അനുകലമെന്നു പറയുന്നത് ജനങ്ങളുടെ വിശ്വസ്ത, അനുസരണ എന്നിവ. പ്രതികൂലമെന്നു പറയുമ്പോള്‍ അവരുടെ അവിശ്വസ്ത, തെറ്റുകള്‍, അകൃത്യങ്ങള്‍, ശിക്ഷ എന്നിവ ഈ സങ്കീര്‍ത്തനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. പഞ്ചഗ്രന്ഥികയുടെ, അതായത് ബൈബിളിലെ ആദ്യത്തെ 5 പുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ രക്ഷാകര ചരിത്രത്തിന്‍റെ രൂപരേഖ ഈ സങ്കീര്‍ത്തനങ്ങളില്‍നിന്നും കണ്ടെത്താം. അബ്രാഹത്തിന്‍റെ വിളി, ഈജിപ്തിലെ വാസം, മോശയുടെ നേതൃത്വം, ബാധകള്‍, ചെങ്കടല്‍ കടക്കുന്നത്, മരുഭൂമിയിലെ വാസം, കാനാന്‍ ദേശപ്രവേശം എന്നിവ ചരിത്രപരമായ സങ്കീര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ പരാമര്‍ശങ്ങളാണ്.
സങ്കീ. 105, 6, 16, 26, 78, 44, 54 എന്നിവ ചരിത്രപരമായ സങ്കീര്‍ത്തനങ്ങള്‍ക്ക് നല്ല ഉദാഹരണങ്ങളാണ്.

Psalm 105

ഇന്നു നാം പഠന സഹായിയാട്ട് അല്ലെങ്കില്‍ മാതൃകയായിട്ട് ഉപയോഗിക്കുന്നത് 105-ാം സങ്കീര്‍ത്തനമാണ്. പ്രിന്‍സിയും സംഘവും ആലപിച്ച സങ്കീര്‍ത്തനം സംഗീതാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.

അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ് (2)

1. കര്‍ത്താവിനു നിങ്ങള്‍ കൃതജ്ഞതയര്‍പ്പിക്കുവിന്‍
അവിടുത്തെ നാമം നിങ്ങള്‍ വിളിച്ചപേക്ഷിക്കുവിന്‍
അവിടുത്തെ പ്രവൃത്തികള്‍ നിങ്ങള്‍
ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍
അവിടുത്തേയ്ക്കു നിങ്ങള്‍ ഗാനമാലപിക്കുവിന്‍
സ്തുതികള്‍ ആലപിക്കുവിന്‍
- അവിടുന്നാണു

ദൈവം നമ്മുടെ കര്‍ത്താവും രക്ഷകനുമാണ് അവിടുന്ന് തന്‍റെ ഉടമ്പടികള്‍ സത്യമായി പാലിക്കും. ആകയാല്‍, (105, 6) അവിടുത്തെ ദാസനായ അബ്രാഹത്തിന്‍റെ സന്തതികളേ, അവിടുത്തെ തിരഞ്ഞെടുക്കപ്പട്ടവനായ യാക്കോബിന്‍റെ മക്കളേ, നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍.
16.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ. ഞാന്‍ അങ്ങില്‍ ശരണം ഗമിക്കുന്നു.
അവിടുന്നാണ് എന്‍റെ കര്‍ത്താവ്, അങ്ങില്‍ നിന്നല്ലാതെ എനിക്കു നന്മയില്ല എന്നു ഞാന്‍‍ കര്‍ത്താവിനോടു പറയും.

78, 12-14
അവിടുന്ന് ഈജിപ്തില്‍ സോവാന്‍ വയലില്‍, അവരുടെ പിതാക്കന്മാര്‍ കാണ്‍കെ അത്ഭുതം പ്രവര്‍ത്തിച്ചു. അവര്‍ക്കു കടന്നുപോകാന്‍ കടലിനെ വിഭജിച്ചു. അവിടുന്നു ജലത്തെ കുന്നുപോലെ പകുത്തുമാറ്റി. പകല്‍സമയം അവിടുന്നു മേഘംകൊണ്ടും രാത്രിയില്‍ അഗ്നിയുടെ പ്രകാശംകൊണ്ടും അവരെ നയിച്ചു. അവിടുന്നു മരുഭൂമിയില്‍ പാറ പിളര്‍ന്നു, അവര്‍ക്കു കുടിക്കാന്‍ ആഴത്തില്‍നിന്നും സമൃദ്ധമായി ജലം നല്‍കി-ചരിത്രസംഭവങ്ങള്‍ അയവിറയ്ക്കുന്നു.

44 1... ദൈവമേ, പൂര്‍വ്വകാലങ്ങളില്‍ ഞങ്ങളുടെ പിതാക്കന്മാര്‍ക്കുവേണ്ടി, അങ്ങു ചെയ്ത പ്രവൃത്തികള്‍ അവര്‍ ഞങ്ങള്‍ക്കു വിവരിച്ചു തന്നിട്ടുണ്ട്, അതു ഞങ്ങള്‍ കേട്ടിട്ടുമുണ്ട്. അവരെ നട്ടുവളര്‍ത്താന്‍ അവിടുന്നു സ്വന്തം കരത്താല്‍ മറ്റു ജനതകളെ പുറത്താക്കി. അവര്‍ക്ക് ഇടം നല്‍കാന്‍ അവിടുന്നു ഇതര രാജ്യങ്ങളെ പുറംതള്ളുകയുംചെയ്തു.

Psalm 105
അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ് (2)

2. അവിടുത്തെ വിശുദ്ധ നാമത്തില്‍ നിങ്ങള്‍ അഭിമാനംകൊള്ളുവിന്‍
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ
കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും നിങ്ങള്‍ അന്വേഷിക്കുവിന്‍
നിരന്തരമായ് അവിടുത്തെ നാമം തേടുവിന്‍,
നാമം തേടുവിന്‍. - അവിടുന്നാണു

ചരിത്രപരമായ സങ്കീര്‍ത്തനങ്ങളെക്കുറിച്ച് നാം കൂടുതല്‍ മനസ്സിലാക്കുന്നതിന് ബൈബിളില്‍ ചരിത്രത്തിനുള്ളസ്ഥാനം കണക്കാക്കേണ്ടതുണ്ട്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ദൈവമാണ് ചരിത്രത്തിനു രൂപംകൊടുക്കുന്നത്. ചരിത്രം ദൈവത്തിന്‍റെ ആവിഷ്ക്കരണമാണ്. ദൈവമാണ് ചരിത്രത്തിന് അര്‍ത്ഥം കൊടുക്കുന്നത്. അവിടുന്ന് ചെറുതും വലുതമായ സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും വ്യക്തികളിലൂടെയും തന്‍റെ ജനത്തോടു സംസരിക്കുന്നു, അവരുടെ ജീവിതത്തില്‍ ഇടപെടുന്നു. ഉദാഹരണത്തിന് പുറപ്പാട്, ചെങ്കടല്‍ കടക്കല്‍, മരുഭൂമിയിലെ വാസം, കാനാന‍ദേശം കരസ്ഥമാക്കല്‍ എന്നിവ ചരിത്രപരമായ സങ്കീര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ശ്രദ്ധേയമായ സംഭവങ്ങളാണ്. ഇസ്രായേലിന്‍റെ ആരാധനയിലും ആരാധനക്രമത്തിലും അങ്ങനെ രക്ഷാകരചരിത്രം സജീവമാക്കപ്പെടുന്നുണ്ട്. പില്‍ക്കാലത്ത് സഭയുടെ ആരാധനക്രമത്തിലും, ഇസ്രായേലിലേതു പോലെതന്നെ ചരിത്രത്തിലെ അടയാളങ്ങളും അത്ഭുതങ്ങളും പ്രതീകാത്മകമായി പുനരാവിഷ്ക്കരിക്കപ്പെടുന്നത്, അനുസ്മരിക്കപ്പെടുന്നത് ചരിത്രപരമായ സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുനില്ക്കുന്നു. ചരിത്രം ദൈവത്തിന്‍റെ വെളിപാടാണ്. അതിനാല്‍ അതു യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതുമാണ്. തെറ്റുകളെപ്പറ്റി അനുതപിക്കാനും അവ ആവര്‍ത്തിക്കാതിരിക്കുവാനും, തിരുത്തുവാനും രക്ഷാകരചരിത്രം നമ്മെ ആഹ്വാനംചെയ്യുന്നുണ്ട്. ഉദാഹരണം 78, 105.

ചരിത്രം നല്കുന്ന പാഠത്തെക്കുറിച്ചാണ് 78-ാം സങ്കീര്‍ത്തനം വിവരിക്കുന്നത്.
ഏതാനും സങ്കീര്‍ത്തനപദങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍............
1. എന്‍റെ ജനമേ, എന്‍റെ ഉപദേശം ശ്രവിക്കുക, എന്‍റെ വാക്കുകള്‍ക്കു ചെവി തരുക.
2. ഞാന്‍ ഒരു ഉപമ പറയാം, പുരാതന ചരിത്രത്തിന്‍റെ പൊരുള്‍ ഞാന്‍ വ്യക്തമാക്കാം. നാം അതു കേള്‍ക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്, പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിട്ടുമുണ്ട്.
5. അവരുടെ മക്കളില്‍നിന്നും നാം അതു മറച്ചു വയ്ക്കരുത്, കര്‍ത്താവു പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്തിപ്രഭാവവും അത്ഭുതകൃത്യങ്ങളും വരും തലമുറയ്ക്ക് വിവരിച്ചുകൊടുക്കണം. അവിടുന്നു യാക്കോബിനു പ്രമാണങ്ങള്‍ നല്‍കി.
6. ഇസ്രായേലിനു നിയമങ്ങള്‍ നല്കിയ കര്‍ത്താവ്, അതു പിന്‍തലമുറകളെ പഠിപ്പിക്കുവാനും നമ്മുടെ പിതാക്കന്മാരോട് ആജ്ഞാപിച്ചു.


Psalm 105

അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ് (2)

3. അവിടുന്നു ചെയ്ത വിസ്മയാവഹമായ പ്രവൃത്തികള്‍ നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍
അവിടുത്തെ അത്ഭുതങ്ങളും ന്യായവിധികളും നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍
അവിടുത്തെ ദാസനായ അബ്രാഹത്തിന്‍റെ സന്തതികളേ, നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍
നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍,
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരായ യാക്കോബിന്‍റെ സന്തതികളേ, നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍,
നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍,
- അവിടുന്നാണു

നാം ശ്രവിച്ച 105-ാം സങ്കീര്‍ത്തനഭാഗത്ത് തങ്ങളെ നയിച്ച ദൈവത്തെ ഇസ്രായേല്‍ പ്രകീര്‍ത്തിക്കുന്നതാണ്.

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍, അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഉദ്ഘോഷിക്കുവിന്‍. 2. അവിടുത്തേയ്ക്കു ഗാനമാലപിക്കുവിന്‍‍, സ്തുഗീതങ്ങള്‍ ആലപിക്കുവിന്‍ അവിടുത്തെ അത്ഭുതങ്ങള്‍ വര്‍ണ്ണിക്കുവിന്‍.

3. അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമനംകൊള്ളുവിന്‍, കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ.

4. കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍, നിരന്തരം അവിടുത്തെ സാന്നിദ്ധ്യം തേടുവിന്‍.

എന്നീ വരികള്‍ ചരിത്രപരമായ സങ്കീര്‍ത്തനങ്ങള്‍ നല്ല ദൈവസ്തുതികളാണെന്ന് തെളിയിക്കുന്നു.

5. അവിടുന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍, അവിടുത്തെ അത്ഭുതങ്ങളെയും ന്യായവിധികളെയും പ്രകീര്‍ത്തിക്കുവിന്‍.
6. അവിടുത്തെ ദാസനായ അബ്രാത്തിന്‍റെ സന്തികളേ, അവിടുത്തെ തിരഞ്ഞടുക്കപ്പെട്ടവനായ യാക്കാബിന്‍റെ മക്കളേ, ഓര്‍മ്മിക്കുവിന്‍.
അവിടുന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്.

മേല്‍ക്കാണുന്ന ഈ നിര്‍ദ്ദേശങ്ങള്‍, അല്ലെങ്കില്‍ ആഹ്വാനങ്ങള്‍ ദൈവജനത്തിന്‍റെ രൂപീകരണകാലത്തെ ചരിത്ര സംഭവങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. ചരിത്രപരമായ സങ്കീര്‍ത്തനങ്ങളുടെ രുപവും, ഭാവവും, പിന്നെ പ്രസക്തിയും വ്യക്തമാക്കുന്നതാണ്.

Psalm 150
അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ് (2)

1. കര്‍ത്താവിനു നിങ്ങള്‍ കൃതജ്ഞതയര്‍പ്പിക്കുവിന്‍
അവിടുത്തെ നാമം നിങ്ങള്‍ വിളിച്ചപേക്ഷിക്കുവിന്‍
അവിടുത്തെ പ്രവൃത്തികള്‍ നിങ്ങള്‍
ജനതകളുടെ ഇടയില്‍ നിങ്ങള്‍ പ്രഘോഷിക്കുവിന്‍
അവിടുത്തേയ്ക്കു നിങ്ങള്‍ ഗാനമാലപിക്കുവിന്‍
സ്തുതികള്‍ ആലപിക്കുവിന്‍
- അവിടുന്നാണു
2. അവിടുത്തെ വിശുദ്ധ നാമത്തില്‍ നിങ്ങള്‍ അഭിമാനംകൊള്ളുവിന്‍
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ
കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും നിങ്ങള്‍ അന്വേഷിക്കുവിന്‍
നിരന്തരമവിടുത്തെ നാമം തേടുവിന്‍,
നാമം തേടുവിന്‍.
- അവിടുന്നാണു

3. അവിടുന്നു ചെയ്ത വിസ്മയാവഹമായ പ്രവൃത്തികള്‍ നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍
അവിടുത്തെ അത്ഭുതങ്ങളും ന്യായവിധികളും നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍
അവിടുത്തെ ദാസനായ അബ്രാഹത്തിന്‍റെ സന്തതികളേ, നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍
നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരായ
യാക്കോബിന്‍റെ സന്തതികളേ, നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍,
നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍,
- അവിടുന്നാണു

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ ഒരുക്കിയ വത്തിക്കാന്‍ റേഡിയോയുടെ -സങ്കീര്‍ത്തനങ്ങള്‍ - എന്ന ബൈബിള്‍ പഠനപരിപാടിയാണ്.

അടുത്ത സാഹിത്യഗണം –
പ്രവചനപരമായ സങ്കീര്‍ത്തനങ്ങളെക്കുറിച്ച് ഇനിയും അടുത്തയാഴ്ചയില്‍...









All the contents on this site are copyrighted ©.