2014-07-07 18:56:03

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ
പൂജ്യദേഹം വണക്കത്തിന്


7 ജൂലൈ 2014, ഗോവ
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ അലിയാത്ത ദേഹത്തിന്‍റെ പ്രദര്‍ശനത്തിനായി ഗോവ ഒരുങ്ങുന്നു.
നവംബര്‍ 22-മുതല്‍ 2015 ജനുവരി 4-ാം തിയതിവരെയാണ് ‘ഭാരതത്തിന്‍റെ ദ്വിതീയാപ്പസ്തോലന്‍’ എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ 500-വര്‍ഷങ്ങള്‍ക്കുശേഷവും അലിയാത്ത പൂജ്യശരീരം സഭ പ്രദര്‍ശനത്തിനു വെയ്ക്കുന്നതെന്ന്, ഗോവ അതിരൂപതാദ്ധ്യക്ഷന്‍, പാത്രിയര്‍ക്കിസ്,
ഫിലിപ് നേരി ഫെരാവോ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും, ഇതര ദേശങ്ങളില്‍നിന്നുമായി എത്തുന്ന ആയിരക്കണക്കിന് വിശ്വാസികളെ സ്വീകരിക്കുവാന്‍ ഗോവയിലെ സര്‍ക്കാര്‍ രണ്ടു പ്രത്യേക കമ്മിറ്റകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി വെളിപ്പെടുത്തി.

ഭരണപക്ഷത്തെ കത്തോലിക്കാ പാര്‍ലിമെന്‍ററി അംഗങ്ങളും, മറ്റു ദേശീയ പ്രമുഖരും അടങ്ങുന്ന 33 അംഗകമ്മറ്റി നയിക്കുന്നത് മുഖ്യമന്ത്രി മനോഹര്‍ പരീക്കാര്‍ തന്നെയാണ്. കൂടാതെ സര്‍ക്കാര്‍ നിയോഗിച്ച 6 അംഗ Exposition Secretariate തിരുശേഷിപ്പുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളുടെയും അനുദിന ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കുമെന്നും ജൂലൈ 6-ന് ഗോവയില്‍ ഇറക്കിയ പ്രസ്താവനയില്‍ ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി വ്യക്തമാക്കി.

1552-ല്‍ ചൈനയ്ക്കടുത്ത് സാഞ്ചിയന്‍ ദ്വീപില്‍ മരണമടഞ്ഞ സ്പാനിഷ് മിഷണറി ഫ്രാന്‍സിസ് സേവ്യറിനെ ഗോവയിലാണ് അടക്കംചെയ്തത്. ഈശോസഭാംഗവും, സഭാസ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ സതീര്‍ത്ഥ്യനും ആത്മമിത്രവുമായിരുന്ന ഫ്രാന്‍സിസ് സേവ്യറിനെ ഗ്രിഗരി 15-ാമന്‍ പാപ്പാ 1622-ല്‍ വിശുദ്ധപതത്തിലേയ്ക്ക് ഉയര്‍ത്തി.

അതിനെ തുടര്‍ന്ന് അലിയാതെ കണപ്പെട്ട വിശുദ്ധന്‍റെ ഭൗതികശേഷപ്പുകള്‍ പൊതുവണക്കത്തിനായി ഗോവയിലെ ബോന്‍ യേശു ദേവാലയത്തില്‍ പൊതുപ്രദര്‍ശനത്തിനായി വച്ചിരുന്നു. പിന്നീട് തുടര്‍ച്ചായ പ്രദര്‍ശനം 10 വര്‍ഷത്തില്‍ ഒരിക്കലായി മാത്രം ചുരുക്കിയത്, കാലപ്പഴക്കത്തില്‍ പിന്നെയും തിരുശേഷിപ്പുകള്‍ക്ക് വന്നുകൂടിയ ശോഷണം കണക്കിലെടുത്തുകൊണ്ടാണ്.

ഇത് ഭാരതപ്രേഷിതന്‍റെ ഏറെ ശുഷ്ക്കിച്ച ഭൗതീക ശേഷിപ്പുകളുടെ അവസാനത്തെ പ്രദര്‍ശനമാകാനും ഇടയുണ്ടെന്ന് സഭാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.








All the contents on this site are copyrighted ©.