2014-07-05 11:38:25

ദൈവപരിപാലനയും
ദൈവരാജ്യത്തിന്‍റെ സുരക്ഷിതത്ത്വവും
ശ്ലീബാക്കാലം അഞ്ചാംവാരം


RealAudioMP3
വിശുദ്ധ ലൂക്കാ 12, 16-34
അവിടുന്ന് ശിഷ്യരോട് വീണ്ടും ഇങ്ങനെ അരുള്‍ച്ചെയ്തു. ഞാന്‍ നിങ്ങളോടു പറയുന്നു,
എന്തു ഭക്ഷിക്കും എന്നു ജീവനെപ്പറ്റിയോ, എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകേണ്ടാ. എന്തെന്നാല്‍ ജീവന്‍ ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും ഉപരിയാണ്. കാക്കകളെ നോക്കുവിന്‍, അവ വിതയ്ക്കുന്നല്ല, കൊയ്യുന്നില്ല, അവയ്ക്കു കലവറയോ കളപ്പുരയോ ഇല്ല. എങ്കിലും, ദൈവം അവയെ പോറ്റുന്നു. പക്ഷികളെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍. ആകുലരാകുന്നതുകൊണ്ട് ആയുസ്സിന്‍റെ ദൈര്‍ഘ്യം ഒരു മുഴംകൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു സാധിക്കും. ഏറ്റവും നിസ്സാരമായ ഇതുപോലും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ മറ്റുള്ളവയെപ്പറ്റി ആകുലരാകുന്നതെന്തിന്. ലില്ലികളെ നോക്കുവിന്‍. അവ നൂല്‍നൂല്‍ക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ലല്ലോ. എങ്കിലും ഞാന്‍ നിങ്ങളോടു പറയുന്നു. സോളമന്‍പോലും അവന്‍റെ സര്‍വ്വമഹത്വത്തിലും അവയില്‍ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല. ഇന്നുള്ളതും നാളെ തീയില്‍ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കില്‍, അല്പ വിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയുക്കുകയില്ല. എന്തുതിന്നുമെന്നോ എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ. ആകുലചിത്തരാവുകയും വേണ്ടാ. ഈ ലോകത്തിന്‍റെ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങള്‍ അവിടുത്തെ രാജ്യം അനേഷിക്കുവിന്‍‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും. ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യം നല്കാന്‍ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു. നിങ്ങളുടെ സമ്പത്തു വിറ്റ് ദാനംചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്ഷേപണം സ്വര്‍ഗ്ഗത്തില്‍ സംഭരിച്ചുവയ്ക്കുവിന്‍ അവിടെ കള്ളന്മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല. നിന്‍റെ നിക്ഷേപം എവിടെയോ അവിടെ നിന്‍റെഹദയവും.

ജീവിതകാലം മുഴുവന്‍ എന്തിനെയൊക്കെ തേടിയും നേടിയും അലഞ്ഞ സേനാധിപന്‍ അവസാനനാളുകളില്‍ ഇങ്ങനെ പറഞ്ഞുവത്രേ, “ഒന്നോര്‍ത്താല്‍ വളരെക്കുറച്ചു കാര്യങ്ങളേ ജീവിതത്തില്‍ ആവശ്യമായുള്ളൂ. തുറന്നിട്ടൊരു ജാലകം, ധ്യാനിക്കാനൊരു പുസ്തകം, പൂപ്പാത്രത്തില്‍ പുത്തനിലകളും പൂക്കളും, പിന്നെ സ്നേഹിക്കുന്നൊരാളുടെ സാന്നിദ്ധ്യം – ഇത്രയും മതി ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍!”

വ്യക്തിജീവിതത്തില്‍ വേറിട്ടൊരു ദര്‍ശനമുണ്ടാവുകയാണ് പ്രധാനം. ഒരു പൂവുകൊണ്ട് തോട്ടമുണ്ടാക്കാ്, പിന്നെ, പുഞ്ചിരികൊണ്ട് കാര്‍ത്തിക വിരിയിക്കാം! ഹൃദയനന്മകൊണ്ട് പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ ദര്‍ശനങ്ങളുടെ ക്യാലിഡോസ്ക്കോപ്പിലൂടെ നോക്കുമ്പോള്‍, ഉടഞ്ഞ പ്രണയത്തിന്‍റെ വളപ്പൊട്ടിനുപോലും കരയിക്കുന്നൊരു സൗന്ദര്യമുണ്ട്. പറയുന്നു, ‘ശേഖരിക്കാനുള്ള ഒരടിസ്ഥാന ചോദന അല്ലെങ്കില്‍ പ്രേരണാശക്തി ഓരോ മനുഷ്യനും എപ്പോഴും കൂടെ കൊണ്ടുനടക്കുന്നുണ്ട്’.
വഴിയോരങ്ങളില്‍നിന്നും ഓരോരോ സാധനങ്ങള്‍ ശേഖരിച്ച് മാറാപ്പു നിറയ്ക്കുന്ന താളംതെറ്റിയ മനസ്സുകളെ ഇനി പരിഹസിക്കരുത്.
മന്ന പൊഴിച്ചപ്പോള്‍ ഒരു ദിവത്തേക്കുമാത്രം ശേഖരിക്കുക എന്നായിരുന്നു ആകാശങ്ങളില്‍നിന്ന് ഉടയോന്‍റെ ശാഠ്യം. നാളത്തേയ്ക്കുള്ള മന്ന തിരയുന്നത് മറ്റൊരാളുടെ ഓഹരി അപഹരിക്കലാണെന്ന്, അവിടുന്നു താക്കീതു നല്കിയിരുന്നു. ക്രിസ്തുവിന്‍റെ ഭാഷയില്‍ ‘അന്നന്നത്തെ അപ്പ’ത്തിനായി മാത്രം പ്രാര്‍ത്ഥിക്കുക. “എല്ലാവര്‍ക്കും ആവശ്യത്തിനുള്ളത്
ഈ ഭൂമിയിലുണ്ട്. എന്നാല്‍, ജീവിതത്തില്‍ ആര്‍ത്തിയുള്ളവര്‍ക്ക് ഇതൊന്നും ഒരിക്കലും മതിയാവില്ല,” എന്ന് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. കെ. ജെ. യേശുദാസ് മനോഹരമായി പാടിയിട്ടുണ്ട്, ‘ഓര്‍ത്താല്‍ ജീവിതമൊരു ചെറിയകാര്യം, ആര്‍ത്തി കാണിച്ചിണ്ടെന്തു കാര്യം?’

ആകാശപ്പറവകളില്‍നിന്ന് പഠിക്കാനാണ് ക്രിസ്തു പറഞ്ഞത് അവിടുന്നു പറഞ്ഞു. ശരിയാണ് പലേ പാഠങ്ങളും ഉപമപോലെ ആകാശക്കിളികള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതിലൊന്ന് തീര്‍ച്ചയായും ഇതാണ്. നിറയെ കതിര്‍മണികള്‍ ഉള്ള പാടത്തുനിന്നുപോലും തന്‍റെ കൊക്കില്‍ ഒതുങ്ങുന്ന കതിര്‍ മാത്രമേ ഇന്നു ശേഖരിക്കാവൂ. നിറയെ കതിര്‍മണികളുള്ള പാടമാണ് ഭൂമി. എനിക്ക് ഒരു മണി മാത്രം മതി, സത്യമായിട്ടും. സ്വന്തമായി ശേഖരിക്കാനായി എല്ലാവരും നെട്ടോട്ടമോടുന്ന ഭൂമിയില്‍ ഉള്ളതെല്ലാം ഉപേക്ഷിച്ച് സ്വതന്ത്രനായ ഫ്രാന്‍സിസിനെയാണ് എനിക്കിഷ്ടം. ബാല്യത്തില്‍ ഒന്നിനുവേണ്ടിയും ശഠിക്കാത്ത ഒരു കുഞ്ഞനെ പോഴനായി കരുതുന്നുണ്ടാകാം സഹപാഠികളും അയല്‍ക്കാരും, ചിലപ്പോള്‍ വീട്ടിലുള്ളവരും!
വളരെ ലളിതമായി ജീവിച്ച ഗുരുവുണ്ടായിരുന്നു. എന്നിട്ടും കമ്പോളങ്ങളിലൂടെ എന്നും അയാള്‍ അലഞ്ഞു നടന്നു. ഗുരുവിന്‍റെ ഇത്തരം കിറുക്കന്‍ പെരുമാറ്റം ശിഷ്യനെ അത്ഭുതപ്പെടുത്തി.
“അങ്ങ് ഒന്നും വാങ്ങുന്നില്ലല്ലോ?!”
“ശരിയാണ്, എനിക്കാവശ്യമില്ലാത്ത, എന്നാല്‍ അത്യാവശ്യമെന്നും പറഞ്ഞ് പരസ്യപ്പെടുത്തി
ഈ ചന്തയിലെത്തുന്ന സാധനങ്ങള്‍ ഒന്നു കാണുവാനുള്ള കൗതുകമാണ് എന്‍റെ ഈ കിറുക്ക്!”

‘പണത്തിന് മനുഷ്യന്‍റെ സ്വസ്ഥത കെടുത്താനാവുമെന്ന് പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ,’ എന്നൊരാള്‍ ഗുരുവിനോടു ചോദിച്ചു.
ഇതുനോക്കുക. ഒരു കുഞ്ഞിനെ വിളിച്ച് ഒരാപ്പിള്‍ അവന്‍റെ കൈയില്‍വച്ചുകൊടുത്തു. കുഞ്ഞ് ആഹ്ലാദംകൊണ്ടു തുള്ളിച്ചാടി നീങ്ങുമ്പോള്‍ തിരികെ വിളിച്ചു മറ്റൊരാപ്പിള്‍കൂടി നല്‍കി. അപ്പോള്‍ കുട്ടിയുടെ തുള്ളിച്ചാട്ടം അവസാനിച്ചു.
ഒന്നുകൂടെ തിരികെ വിളിച്ച് മറ്റൊരാപ്പിള്‍ കൂടി.... ഇപ്പോള്‍ അവന്‍റെ നടപ്പ് വളരെ പതുക്കെയായി. കൈകളിള്‍നിന്ന് ആപ്പിള്‍ വഴുതിവീഴുമോയെന്നു ഭയന്ന് അവന്‍ നടപ്പു നിറുത്തി. സ്വന്തം പിരമിതികളോട് വെറുതെ പൊരുത്തപ്പെടണമെന്നു മാത്രമല്ല, അവയെ മനസ്സിലാക്കാം സ്നേഹപൂര്‍വ്വം പുഞ്ചിരിക്കുവാനും സാധിക്കണം.
അങ്ങനെ വരുമ്പോള്‍ ‘നിന്‍റെ ദാരിദ്ര്യം’ എന്നു പറയുന്നത് വിധി നിന്നില്‍ ചുമത്തിയ ഒഴിവാക്കാനാവാത്ത കപ്പമല്ല. മറിച്ച്, ഒരു ദര്‍ശന വെളിച്ചത്തില്‍ നീ നടത്തിയ ഹൃദയപൂര്‍വ്വമായ തെരഞ്ഞെടുപ്പാണ്.

ബീഡി വലിച്ച് കടലോരത്ത് കിടക്കുന്ന മനുഷ്യന്‍! ആ വഴി വന്ന ഗ്രാമത്തിലെ കാര്യക്ഷമതാ ഉദ്യോഗസ്ഥന് ഇരയെ കിട്ടിയ സന്തോഷം.
“സ്നേഹിതാ, ഇങ്ങനെ മടിപിടിച്ചു കിടക്കരുത്. ഒത്തിരി കഠിനദ്ധ്വാനം ചെയ്യണം.”
“എന്നിട്ടോ!?”
“ഒരു ബോട്ടു വാങ്ങുക. പിന്നെ അതിന്‍റെ ലാഭംകൊണ്ട് അനേകം ബോട്ടുകള്‍, മത്സ്യ സംസ്ക്കരണത്തിനൊരു ഫാക്ടറി, അങ്ങനെ പലതും..നേടുക.”
“എന്നിട്ടോ!?”
“എന്നിട്ടെന്നോ. പിന്നെ കറങ്ങുന്ന കസേരയില്‍ കാറ്റുംകൊണ്ട് ബീഡിയും വലിച്ചിരുന്നാല്‍ പോരേ?!!”
“അതിന്‍റെ ആയിരത്തിലൊന്ന് ബുദ്ധിമുട്ടില്ലാതെ ഞാനിപ്പോള്‍ ചെയ്യുന്നതു മറ്റെന്താണ്?”

മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്. സമ്പത്തില്ലാതെ ജീവിക്കാനാകുമോ? ഇല്ല! പ്രസിദ്ധ പിന്നണിഗായിക ആഷാ ഭോസ്ലേ,
ലതാ മങ്കേഷ്ക്കറിന്‍റെ അനുജത്തി പറഞ്ഞതുപോലെ, ‘ദൈവം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ആവശ്യം പണമാണ്.’ പക്ഷേ ‘സമ്പത്തുകൊണ്ട് ജീവിതം ധന്യമാകുന്നില്ല എന്ന് യേശു പറാന്‍ കാരണമെന്താണ്?’
യേശുവിന് നസ്രത്തിലും ബെത്ലഹേമിലും എസ്റ്റേറ്റ് ഉണ്ടായിരുന്നു.
ജോസഫിന്‍റെ പൂര്‍വികമായ സ്വത്ത് ബെതലഹേമിലായിരുന്നു. അതുകൊണ്ടാണ് പേരെഴുതിക്കാന്‍ സ്വന്തം നഗരമായ ബെതലഹേമിലേയ്ക്ക് പോയത്. പണിയെടുത്ത് സമ്പാദിച്ചത് നാസ്രറത്തില്‍ ആയിരുന്നു. വീടുപേക്ഷിച്ച്, നാടോടിയായിത്തീര്‍ന്ന കാലത്ത് തങ്ങളുടെ സമ്പത്തുകൊണ്ട് ശുശ്രൂഷിച്ച (ലൂക്കാ 8, 3) ശിഷ്യഗണങ്ങളുടെ സേവനം ക്രിസ്തുവിനു ലഭിച്ചു. അപ്പോള്‍ സമ്പത്ത് യേശുവിനും ആവശ്യമായിരുന്നു. സമ്പത്ത് വേണ്ട, എന്നല്ല ക്രിസ്തു പഠിപ്പിച്ചത്. ഐശ്വര്യം അഥവാ ഈശ്വരന്‍റെ അംശം സമ്പത്തുമായി ചേര്‍ന്നു പോകുന്നതായി പഴയ നിയമവും വെളിപ്പെടുത്തുന്നു. (ജോബ് 42, 10-17). സമ്പത്തുകൊണ്ട് ജീവിക്കാനാകും, എന്നാല്‍ ജീവിതത്തെ ധന്യമാക്കാനാവില്ല.

ദൈവസന്നിധിയില്‍ സമ്പന്നനാകണം. ഭൗതിക സമ്പത്തിനോടൊപ്പം ദൈവസന്നിധിയിലും സമ്പന്നനാകണമെന്നാണ് യേശുവിന്‍റെ അദ്ധ്യാപനം. ഇതിന്‍റെ അര്‍ത്ഥമെന്താണ്. ദൈവത്തെ മറന്ന് സ്വന്തം സുഖം മാത്രം തേടുന്നവന്‍ ദൈവസന്നിധിയില്‍‍ സമ്പന്നനല്ല. ധനികന്‍ പറഞ്ഞത്, ‘ആത്മാവേ, തിന്നു കുടിച്ചു സന്തോഷിക്കുക.’ അയാളുടെ മറ്റു വാക്കുകളും നാം ഓര്‍ക്കണം.

“ഞാനെന്തു ചെയ്യും.? ഞാന്‍ ഇങ്ങനെ ചെയ്യും!
എന്‍റെ അറപ്പുരകള്‍ പൊളിച്ച് കൂടുതല്‍ വിലവ പണിയും.
എന്‍റെ ധാന്യവും വിഭവങ്ങളും ശേഖരിക്കും.”
‘ഞാനും, എന്‍റേതും’ എന്ന ചിന്തയല്ലാതെ മറ്റെന്തെങ്കിലും ചിന്ത അയാള്‍ക്കുണ്ടോ? തന്നെപ്പറ്റി മാത്രം ചിന്തിക്കുന്നവരെ എങ്ങനെയാണ് ദൈവരാജ്യം ഏല്പിക്കുക. തിന്നാനും, കുടിക്കാനും ആനന്ദിക്കാനുമായി മാത്രം, ജീവിക്കുന്നവനെയാണ് ബൈബിളില്‍ ‘ധനികന്‍’ എന്നു വളിക്കുന്നത്. എന്നിട്ട് കൂട്ടിച്ചേര്‍ത്തു, “ധനികരേ, നിങ്ങള്‍ക്കു ശാപം!” (ലൂക്കാ 6, 26). തനിക്കു താന്‍ പോന്നവരായി, ദൈവത്തിന്‍റെ അസ്തിത്വത്തെ കണ്ടില്ലെന്നു നടിച്ചു ശാരീരിക സുഖത്തിനായി മാത്രം കഴിയുന്നവന്‍റെ മുന്നേറ്റമാണിത്.

പങ്കുവയ്ക്കുമെങ്കില്‍ പണം നല്ലതാണെന്ന്, പാപ്പാ ഫ്രാന്‍സിസ് പറയുന്നുണ്ട്. സഹോദരങ്ങളുമായി പങ്കുവയ്ക്കുന്ന സമ്പാദ്യവും സമ്പത്തും അര്‍ത്ഥപത്തും നല്ലതാണെന്നും, എന്നാല്‍ പൂഴ്ത്തിവയ്ക്കുന്ന സമ്പാദ്യം മോഷ്ടിക്കപ്പെടാവുന്നതും, ആത്മനാശത്തിന് കാരണമാക്കുന്നതുമാണ്.
സമ്പത്തിലും അധികാരത്തിലും, മഥ്യയായ കാര്യങ്ങളിലുമാണ് മനുഷ്യന്‍റെ നിക്ഷേപമെങ്കില്‍, അവിടെയായിരിക്കും അവന്‍റെ ഹൃദയവും സകലതും.








All the contents on this site are copyrighted ©.