2014-07-04 20:22:56

പാപ്പായുടെ ഇടയസന്ദര്‍ശനം
ഇറ്റലിയിലെ മൊളീസയിലേയ്ക്ക്


4 ജൂലൈ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് ഇറ്റലിയിലെ മൊളീസ്സയിലേയ്ക്ക് ഇടയസന്ദര്‍ശനം നടത്തുന്നു.
ജൂലൈ 5-ാം തിയതി ശനിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് തെക്കെ ഇറ്റലിയിലെ
മൊളീസ്സ പ്രവിശ്യയിലേയ്ക്ക് ഇടയസന്ദര്‍ശനം നടത്തുന്നത്.

ഏഡ്രിയാറ്റിക്ക് സമുദ്രതീരത്തുള്ള വളരെ പുരാതനവും മനോഹരവുമായ പ്രദേശത്തേയ്ക്കാണ് പാപ്പായുടെ ഇടയസന്ദര്‍ശനം. കാമ്പോബാസ്സോ-ഇസ്സേര്‍ണിയ എന്നീ രണ്ട് സഭാ പ്രവിശ്യകളാണ്, രൂപതകളാണ് മൊളീസ്സാ സന്ദര്‍ശനത്തില്‍ പാപ്പാ യാഥാര്‍ത്ഥ്യമാക്കുന്നത്. തൊഴില്‍ മേഖലയിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച, കാമ്പോബാസ്സോ സ്റ്റേഡിയത്തിലെ സമൂഹബലിയര്‍പ്പണം, രോഗികളും അംഗവൈകല്യമുള്ളവരുമായുള്ള നേര്‍ക്കാഴ്ച, യുവജനങ്ങളുമായുള്ള അഭിമുഖം, ജയില്‍ സന്ദര്‍ശനം, സഭാചരിത്രത്തില്‍ ആദ്യമായി സ്ഥാനത്യാഗം ചെയ്ത സെലസ്റ്റീന്‍ 5-ാം പാപ്പായുടെ ജൂബിലി വര്‍ഷ പ്രഖ്യാപനം (1294-2014) എന്നിവ പാപ്പാ ഫ്രാന്‍സിസിന്‍റെ ഏകദിന സന്ദര്‍ശന പരിപാടിയിലെ പ്രത്യേക ഇനങ്ങളാണ്.

ജൂലൈ 5-ാം തിയതി ശനിയാഴ്ച രാവിലെ 8 മണിക്ക് വത്തിക്കാനില്‍നിന്നും ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം മൊളീസ്സായിലെത്തുന്ന പാപ്പാ വൈകുന്നേരം 8 മണിയോടെ വത്തിക്കാനിലേയ്ക്കു മടങ്ങും.

‘ദൈവം ക്ഷമിക്കുന്നതില്‍ അത്യുദാരനാണ്,’ എന്ന സങ്കീര്‍ത്തനപദമാണ് (119, 2) പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യം.

വിശ്വസത്തിന്‍റെ കരുത്ത്, കൂട്ടായ്മയുടെ വര്‍ദ്ധനവ്, സ്നേഹതീക്ഷ്ണത എന്നീ മൂന്ന് ആത്മീയദാനങ്ങളാണ് പാപ്പായുടെ സന്ദര്‍ശനത്തില്‍നിന്നും പ്രതീക്ഷിക്കുന്നതെന്ന്, കാമ്പോബാസ്സോ-ഇസേര്‍ണ്ണിയ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജ്യാന്‍കാര്‍ളോ ബ്രിഗന്തീനി വത്തിക്കാന്‍ റേഡിയോയ്ക്കു ജൂലൈ 3-ാം തിയതി വ്യാഴാഴ്ച നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.