2014-06-27 16:27:37

ശാസ്ത്ര നേട്ടങ്ങൾ എല്ലാ ജനതകളുടേയും ക്ഷേമത്തിന് ഉപകരിക്കണമെന്ന് മാർപാപ്പ


27 ജൂൺ 2014, വത്തിക്കാൻ
ശാസ്ത്ര നേട്ടങ്ങൾ എല്ലാ ജനതകളുടേയും ക്ഷേമത്തിന് ഉപകരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ വാന നിരീക്ഷണ കേന്ദ്രം സംഘടിപ്പിച്ച വേനൽക്കാല ശിൽപശാലയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. 22 രാജ്യങ്ങളിൽ നിന്നുള്ള ജ്യോതിശാസ്ത്ര ഗവേഷണ വിദ്യാർത്ഥികളും, ശിൽപശാലയ്ക്ക് നേതൃത്വം നൽകുന്ന ജ്യോതിശാസ്ത്രജ്ഞരും, വത്തിക്കാൻ വാനനിരീക്ഷണ കേന്ദ്രത്തിന്‍റെ ചുമതലയുള്ള ഈശോസഭാ വൈദികരായ ശാസ്ത്രജ്ഞരും വ്യാഴാഴ്ച്ച രാവിലെ അപ്പസ്തോലിക അരമനയിൽ പാപ്പ അനുവദിച്ച പ്രത്യേക കൂടിക്കാഴ്ച്ചയിൽ സംബന്ധിച്ചു.
ശാസ്ത്ര നേട്ടങ്ങൾ എല്ലാ ജനതകളുടേയും ക്ഷേമത്തിന് ഉപകരിക്കണമെന്ന് നവ ഗവേഷകരെ ഉത്ബോധിപ്പിച്ച പാപ്പാ ഫ്രാൻസിസ്, വെല്ലുവിളി നിറഞ്ഞ ഈ ദൗത്യം ഏറ്റെടുക്കാൻ മുൻനിരയിൽ നിൽക്കേണ്ടത് ശാസ്ത്രജ്ഞർ തന്നെയാണെന്നും പ്രസ്താവിച്ചു. ശാസ്ത്രസഹായത്താൽ സമാധാനവും നീതിയും വളർത്താൻ സാധിക്കുമെന്നു തെളിയിക്കുന്ന ഒരു എളിയ സംരംഭമാണ് വത്തിക്കാൻ വാന നിരീക്ഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര വാനശാസ്ത്ര ശിൽപശാല. ലോകത്തിന്‍റെ നാനാഭാഗത്തുള്ള യുവഗവേഷകർക്ക് ഒന്നുചേരാനും, സംവദിക്കാനും, സഹകരിച്ചു പ്രവർത്തിക്കാനുമുള്ള നല്ലൊരു വേദിയാണിതെന്ന് പാപ്പ അഭിപ്രായപ്പെട്ടു. വിശ്വാസത്തിന്‍റെ വെളിച്ചത്തിലാണ് സഭ ശാസ്ത്രത്തെ സമീപിക്കുന്നതെന്ന് വിശദീകരിച്ച പാപ്പ, യുക്തിചിന്തയുടെ അതിർത്തികൾ വിശാലമാക്കാൻ വിശ്വാസം സഹായിക്കുമെന്നും വ്യക്തമാക്കി.








All the contents on this site are copyrighted ©.