2014-06-27 16:27:28

ദൈവ പിതാവിന്‍റെ ആർദ്രസ്നേഹം അനുഭവിച്ചറിയാൻ നാം ശിശുക്കളെപ്പോലെയാകണമെന്ന് പാപ്പാ ഫ്രാൻസിസ്


27 ജൂൺ 2014, വത്തിക്കാൻ
മനുഷ്യൻ സ്വയം ചെറുതായെങ്കിലേ പിതാവായ ദൈവത്തിന്‍റെ ആർദ്ര സ്നേഹം അനുഭവിച്ചറിയാൻ സാധിക്കൂ എന്ന് പാപ്പ ഫ്രാൻസിസ്. യേശുവിന്‍റെ തിരുഹൃദയ തിരുന്നാൾ ദിനമായ ജൂൺ 27ാം തിയതി വെള്ളിയാഴ്ച്ച പേപ്പൽ വസതിയായ സാന്താ മാർത്താ മന്ദിരത്തിലെ കപ്പേളയിൽ അർപ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. അനന്തമായ ദൈവിക സ്നേഹത്തിന്‍റെ ആഘോഷമാണ് തിരുഹൃദയ തിരുന്നാൾ എന്ന് പ്രസ്താവിച്ച പാപ്പ സ്നേഹത്തിന്‍റെ തനിമയെക്കുറിച്ചും വചന സന്ദേശത്തിൽ വിശദീകരിച്ചു.
സ്നേഹത്തിന് രണ്ടു തലങ്ങളുണ്ട്. ഒന്നാമതായി, സ്വീകരിക്കുന്നതിനേക്കാൾ നൽകുന്നതാണ് സ്നേഹം. അതായത്, സ്നേഹം നിരന്തരം സംവേദനം ചെയ്തുകൊണ്ടിരിക്കുന്നു. സ്നേഹിക്കപ്പെടുന്ന വ്യക്തി ആ സ്നേഹം സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. രണ്ടാമതായി, വാക്കുകളേക്കാൾ പ്രവർത്തികളിലാണ് സ്നേഹം അടങ്ങിയിരിക്കുന്നത്. സ്നേഹം എല്ലായ്പ്പോഴും ജീവദായകമാണ്. അത് നമ്മെ വളർത്തുന്നു.

മനുഷ്യൻ എത്രത്തോളം ചെറുതാകുന്നോ, അത്രത്തോളം ദൈവ സ്നേഹം തിരിച്ചറിയാനും ദൈവസ്നേഹത്തിന്‍റെ മഹത്വം ഗ്രഹിക്കാനും അവനു സാധിക്കുമെന്നും പാപ്പ വിശദീകരിച്ചു. ഒരപ്പൻ തന്‍റെ മകനോടെന്നപ്പോലെ, ദൈവം മനുഷ്യനോട് ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. തന്‍റെ കുഞ്ഞിനെ വാത്സല്യത്തോടെ തലോടിക്കൊണ്ട്, ‘നിന്‍റെ കൂടെ ഞാനുണ്ട്’ എന്ന് പറയുന്ന ഒരു പിതാവിനെപ്പോലെ തന്‍റെ സ്നേഹം നമ്മോട് പ്രകടിപ്പിക്കാൻ ദൈവം ഇച്ഛിക്കുന്നു. എന്നാൽ ദൈവത്തിന്‍റെ ഈ അനന്ത സ്നേഹം അനുഭവിച്ചറിയണമെങ്കിൽ നാം സ്വയം ചെറുതാകേണ്ടതുണ്ട്. സ്വയം ശക്തരാണെന്നു ഭാവിക്കുന്നവർക്ക് ദൈവിക സ്നേഹം അനുഭവിക്കാനാവില്ല. ‘ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെയുണ്ട്, നിന്നെ ഞാൻ കൈപിടിച്ചു നടത്തും’ എന്ന് പറയുന്ന ദൈവ പിതാവിന്‍റെ സ്നേഹവചനങ്ങൾ ശ്രവിക്കാനും അവർക്കു സാധിക്കില്ല. “ശാന്തശീലനും വിനീത ഹൃദയനും” എന്നാണ് യേശു സ്വയം വിശേഷിപ്പിക്കുന്നത്. പുത്രനായ ക്രിസ്തുപോലും പിതാവായ ദൈവത്തിന്‍റെ സ്നേഹം സ്വീകരിക്കാനായി തന്നത്താൻ താഴ്ത്തിയെന്ന് പാപ്പാ ഫ്രാൻസിസ് വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു.
നാം സ്നേഹിക്കുന്നതിനു മുൻപേ ദൈവം നമ്മെ സ്നേഹിക്കുന്നു. നാം അവിടുത്തെ അന്വേഷിക്കുന്നതിനു മുൻപു തന്നെ, സ്വഹൃദയത്തിൽ നമ്മെ സ്വീകരിക്കാൻ ദൈവം നമ്മെയും കാത്തിരിക്കുകയാണെന്നും പാപ്പ സഭാംഗങ്ങളെ ഉത്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.