2014-06-26 19:55:22

സഹോദരസ്നേഹത്തില്‍
ഊന്നിനില്ക്കുന്ന സമാധാനം


26 ജൂണ്‍ 2014, വത്തിക്കാന്‍
സമാധാനം സഹോദരസ്നേഹത്തില്‍ ഊന്നിയിരിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. പൗരസ്ത്യസഭകളുടെ സാമ്പത്തിക സഹായത്തിനായുള്ള സംഘടനകളുടെ കൂട്ടായ്മ – Aid Agencies for the Oriental Churches (R.O.A.C.O.)-ന്‍റെ സമ്പൂര്‍ണ്ണസമ്മേളനത്തെ ജൂണ്‍ 26-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ലോകത്തിന് നല്കാനാവാത്ത യഥാര്‍ത്ഥ സമാധാനം ക്രിസ്തുവിനു നല്കാനാകുമെന്നും, ക്രിസ്തുസ്നേഹത്തെപ്രതി ചെയ്യുന്ന ഉദാരമായ എല്ലാസഹായങ്ങളും സംഭാവനകളും തീര്‍ച്ചയായും, സമാധാനത്തിന്‍റെ പാതയിലെ ചുവടുകളാണെന്നും പാപ്പാ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.

മദ്ധ്യപൂര്‍വ്വദേശത്ത് പീഡനങ്ങള്‍ സഹിക്കുന്ന ക്രൈസ്തവ സമൂഹങ്ങള്‍ക്കുവേണ്ടി, വിശിഷ്യ പരിത്യക്തരും അഭയാര്‍ത്ഥികളുമായവര്‍ക്കുവേണ്ടി, (പൗരസ്ത്യ സഭകളുടെ സഹായത്തിനായുള്ള) സംഘടന R.O.A.C.O., ചെയ്യുന്ന നിസ്തുല സേവനങ്ങള്‍ പാപ്പാ നന്ദിയോടെ അനുസ്മരിക്കുകയും അവ സമാധാനത്തിനായുള്ള പരിശ്രമത്തില്‍ എന്നും പിന്‍ബലമായി നില്ക്കുമെന്നും പാപ്പാ പ്രസ്താവിച്ചു.

പൗരസ്ത്യസഭാ പ്രതിനിധികളുടെയും, അവരെ തുണയ്ക്കുന്ന അഭ്യൂദയകാംക്ഷകളുടെയും കൂട്ടായ്മയിലുള്ള അഭിമുഖം ആ ദേശത്തോട്, വിശിഷ്യാ മദ്ധ്യപൂര്‍വ്വദേശത്തോടും വിശുദ്ധനാടിനോടും തനിക്കുള്ള ആത്മീയസാമീപ്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. അടുത്തു കഴിഞ്ഞ അപ്പസ്തോലിക സന്ദര്‍ശം അവിടത്തെ ജനങ്ങള്‍ക്ക് സമാശ്വാസം പകരുന്നതായിരുന്നു. എന്നാല്‍ ക്രൈസ്തവസഭകളുടെ കൂട്ടായ്മയുടെയും സംവാദത്തിന്‍റെയും മേഖലയിലുള്ള വലിയ ഉത്തരവാദിത്വത്തെ കൂടുതലായി തട്ടിയുണര്‍ത്തുന്നതായിരുന്നു എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

മദ്ധ്യാപൂര്‍വ്വദേശത്തേയ്ക്കുള്ള തന്‍റെ പര്യടനം ഫലപ്രാപ്തിയണിയാവുന്ന നല്ല വിത്തായി പരിണമിക്കട്ടെ, ഫലമണിയട്ടെയും പാപ്പാ പ്രാര്‍ത്ഥനാപൂര്‍വ്വം പ്രസ്താവിച്ചുകൊണ്ടാണ് പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.