2014-06-25 18:10:06

ശിക്ഷിക്കപ്പെടാതെ പോകുന്ന
മാനുഷിക പീഡനങ്ങള്‍


25 ജൂണ്‍ 2014, റോം
മാനുഷിക പീഡനങ്ങള്‍ ലോകത്ത് ഇനിയും ശിക്ഷിക്കപ്പെടുന്നില്ലെന്ന്, പീഡനങ്ങള്‍ക്കെതിരായ സംഘടയുടെ വക്താവ് ഫബിയാനോ കോള്‍ഗ്രാന്തേ നിരീക്ഷിച്ചു. ‘എല്ലാത്തരം പീഡനങ്ങളും പാപമാണെന്നും അത് ഘോരപാപമാണെ’ന്നും ജൂണ്‍ 22-ാം തിയതി ഞായാറാഴ്ച ത്രികാലപ്രാര്‍ത്ഥന പ്രഭാഷണമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രസ്താവനയെ അധികരിച്ചു സംസാരിക്കവെയാണ്, ഫാബിയോ കോള്‍ഗ്രാന്തേ റോമില്‍ ഇങ്ങനെ പ്രസ്താവിച്ചത്.

വ്യക്തിയെയോ സമൂഹത്തെയോ സ്വാര്‍ത്ഥ ലക്ഷൃങ്ങള്‍ക്കായി ബലപ്രയോഗിച്ച് ശാരീരകമായോ മാനസീകമായോ മനഃപൂര്‍വ്വം പീഡിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന സംജ്ഞ ഇനിയും ആഗോളതലത്തില്‍ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നത് ശ്രദ്ധേയമായ വസ്തുതയാണെന്നും, അതിന് ഉദഹാരണമാണ് പീഡനങ്ങളെ നിയമപരമായി ശിക്ഷാര്‍ഹമാക്കാത്ത ഇറ്റാലിയന്‍ നിയമസംഹിതയെന്നും കോള്‍ഗ്രാന്തേ ചൂണ്ടിക്കാട്ടി.

മാനുഷികപീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ലോകത്തും കാലത്തും, വേണ്ട നിയമനടപിടകള്‍ സ്വീകരിക്കുന്നതിനും, നിയമങ്ങള്‍ പ്രാബല്യത്തില്‍ ഇല്ലാത്തിടങ്ങളില്‍ നിയമരൂപീകരണം നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. രാജ്യാന്തരതലത്തില്‍ നീതിയുടെ പാതയിലേയ്ക്കു നീങ്ങുവാന്‍ പ്രേരണാത്മകവും പ്രത്യാശപകരുന്നതുമാണ് പാപ്പായുടെ വാക്കുകളെന്ന് കോള്‍ഗ്രന്തേ അഭിപ്രായപ്പെട്ടു.

ജൂണ്‍ 26-ാം തിയതി വ്യാഴാഴ്ച ഐക്യരാഷ്ട്ര സഭ ആചരിക്കുന്ന ‘പീഡനത്തിനെതിരായ ആഗോള ദിന’ത്തോടനുബനധിച്ചുള്ള (International Day against Human Toruture) ചര്‍ച്ചകളില്‍ ഇക്കാര്യം രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാക്കേണ്ടതാണെന്നും കോള്‍ഗ്രാന്തെ അഭിപ്രായപ്പെട്ടു.

ഇറ്റലിപോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പീഢനക്കേസുകള്‍ തുലോം കുറവാണെങ്കിലും, പീഡനത്തിന് ഇരയായവരുടെ മരണത്തിനു കാരണമായിട്ടുള്ള നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും, എന്നാല്‍ നിയമബലമില്ലാത്തതിനാല്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടപോകുന്നുണ്ടെന്നും കോള്‍ഗ്രാന്തെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.